
മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ നിലവില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് ദൃശ്യം 3. അതിന്‍റെ കാരണം എല്ലാവര്‍ക്കും പറയാതെതന്നെ അറിയാം. മലയാളത്തിനൊപ്പം മെയ് 21 ന് തന്നെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം എത്തും. ഈ ഭാഷകളിലെല്ലാം മുന്‍ പതിപ്പുകള്‍ റീമേക്ക് ആയാണ് എത്തിയിരുന്നത്. നേരത്തെ പുറത്തെത്തിയ ടീസറിനും ട്രെയ്‍ലറിനുമൊക്കെ വലിയ പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഇനി വരുമോ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് അനില്‍ ജോണ്‍സണ്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എവുജിന്‍ ആണ് ആലാപനം.
ദൃശ്യം ഫ്രാഞ്ചൈസിയിലെ ജോർജുകുട്ടിയും ഭാര്യ ആനിയമ്മയുമൊക്കെ മലയാളി പ്രേക്ഷകര്‍ക്ക് തൊട്ട് അയല്‍പക്കത്തുള്ള ഒരു കുടുംബം പോലെയാണ്. സ്വന്തം കുടുംബത്തിൻ്റെ രക്ഷയ്ക്കായി ഏതറ്റം വരെയും പോകാനിറങ്ങിത്തിരിച്ച ജോർജുകുട്ടിക്കു മുന്നിൽ വലിയ പ്രതിസന്ധികളാണ് എത്തിയത്. എത്ര പ്രതിസന്ധികളുണ്ടായാലും കുടുംബത്തെ രക്ഷിക്കണമെന്ന ഉറച്ച തീരുമാനമുള്ള ഒരു ഗൃഹനാഥൻ്റെ ആത്മസംഘർഷങ്ങൾ. മൂന്നാം ഭാഗത്തെ മുന്നോട്ട് നയിക്കുന്നതും ജോര്‍ജുകുട്ടിയുടെ ഉറച്ച തീരുമാനങ്ങള്‍ ആയിരിക്കും. ദൃശ്യത്തിൽ നിന്നും ദൃശ്യം 3 ൽ എത്തുമ്പോൾ പിന്നിട്ട കാലയളവിൻ്റെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടു കൊണ്ടാണ് ജോർജുകുട്ടിയേയും കുടുംബത്തേയും ജീത്തു ജോസഫ് പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്. ചിത്രത്തിന്‍റെ വന്‍ വിപണിമൂല്യം മുന്നില്‍ കണ്ട് ബോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളും ആശിര്‍വാദ് സിനിമാസിനൊപ്പം മലയാളം ദൃശ്യം 3 ന്‍റെ ഭാഗമാവുന്നുണ്ട്. ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ദൃശ്യം 3 മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനര്‍ ആയ പെന്‍ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ആശിര്‍വാദ് സിനിമാസില്‍ 100 കോടി മുതല്‍മുടക്കുന്നുമുണ്ട്.
അതേസമയം വലിയ പ്രതീക്ഷകളില്ലാതെ തിയറ്ററുകളിലേക്ക് എത്തണമെന്നാണ് ജീത്തു ജോസഫ് പ്രേക്ഷകരോട് പറഞ്ഞിരിക്കുന്നത്. “ഒരു പ്രതീക്ഷയും ഇല്ലാതെ വരിക. ആദ്യ ഭാഗം പോലെയോ രണ്ടാം ഭാഗം പോലെയോ അല്ല ദൃശ്യം 3. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളില്‍ക്കൂടിയാണ് അതില്‍ യാത്ര ചെയ്യുന്നത്. അങ്ങനത്തെ ഒരു സിനിമയാണ്. അതുകൊണ്ട് നിങ്ങള്‍ ഒരു ഭയങ്കര ജഗപൊഗ സിനിമ പ്രതീക്ഷിച്ചുവന്നാല്‍ നിരാശയായിരിക്കും. പക്ഷേ അതൊരു നല്ല സിനിമ ആണെന്നുള്ള കോണ്‍ഫിഡന്‍സ് എനിക്കുണ്ട്”, ജീത്തു പറഞ്ഞിരുന്നു.