പ്രിയദര്‍ശന്‍റെ ഫ്രെയിം, ശോഭനയുടെ നൃത്തം; 'തേന്മാവിന്‍ കൊമ്പത്ത്' റീമാസ്റ്റേര്‍ഡ് സോംഗ് എത്തി

Published : Oct 11, 2026, 04:42 PM IST
Ente Manassiloru Video Song 4K Remastered Thenmavin Kombathu

Synopsis

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ 1994-ൽ പുറത്തിറങ്ങിയ 'തേന്മാവിൻ കൊമ്പത്ത്' 4K ദൃശ്യമികവോടെയും ഡോൾബി അറ്റ്‌മോസ് ശബ്ദത്തോടെയും വീണ്ടും തിയറ്ററുകളിലെത്തിയിരിക്കുകയാണ്

മലയാളത്തില്‍ നിന്നെത്തിയ ഏറ്റവും പുതിയ റീ റിലീസ് ആണ് തേന്മാവിന്‍ കൊമ്പത്ത്. മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടില്‍ 1994 ല്‍ പുറത്തെത്തിയ ചിത്രം പുതിയ സാങ്കേതിക മികവോടെ ഒക്ടോബർ 8 നാണ് വീണ്ടും തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ റീ റിലീസ് ചെയ്ത റീമാസ്റ്റേര്‍ഡ് പതിപ്പിലെ ഒരു ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിലെ പ്രശസ്തമായ എന്‍റെ മനസിലൊരു നാണം എന്ന ​ഗാനത്തിന്‍റെ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. ​ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ബേണി- ഇ​ഗ്നേഷ്യസ് സം​ഗീതം പകര്‍ന്ന് എം ജി ശ്രീകുമാറും സുജാത മോഹനും ചേര്‍ന്ന് ആലപിച്ച ​ഗാനമാണ് ഇത്.

മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച സിനിമയാണ്. പ്രസിദ്ധി ക്രിയേഷൻസിന്റെയും സൂര്യ സിനി ആർട്സിന്റെയും ബാനറിൽ എൻ ഗോപാലകൃഷ്ണനാണ് ചിത്രം നിർമ്മിച്ചത്. റീ റിലീസിനായി ചിത്രം 4K യിൽ റീമാസ്റ്റർ ചെയ്തത് മാറ്റിനി നൗവും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ്. 4K ദൃശ്യ മികവിലാണ് ഓരോ ഫ്രെയിമും പുതിയ രൂപത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഒറിജിനൽ 35എംഎം നെഗറ്റീവ് 4Kയിൽ സ്കാൻ ചെയ്ത് സൂപ്പർ 4K നിലവാരത്തിലേക്ക് ഡിജിറ്റൽ റീസ്റ്റോർ ചെയ്താണ് പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. കെ വി ആനന്ദിന്റെ ഛായാഗ്രഹണ മികവ് പുതിയ ദൃശ്യ നിലവാരത്തിൽ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനാകുമെന്ന പ്രത്യേകതയും റീ റിലീസിനുണ്ട്. ഒറിജിനൽ ചിത്രത്തിന്റെ ഭാവവും ദൃശ്യസ്വഭാവവും നിലനിർത്തിക്കൊണ്ടാണ് റീമാസ്റ്ററിംഗ് പൂർത്തിയാക്കിയിരിക്കുന്നത്.

ദൃശ്യമികവിനൊപ്പം ഡോൾബി അറ്റ്‌മോസ് ശബ്ദ സാങ്കേതികവിദ്യയും പുതിയ പതിപ്പിന്റെ പ്രധാന ആകർഷണമാണ്. ചിത്രത്തിലെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും ശബ്ദങ്ങൾക്കും കൂടുതൽ തിയറ്റർ അനുഭവം നൽകുന്ന തരത്തിലാണ് പുതിയ സൗണ്ട് മിക്സ് ഒരുക്കിയിരിക്കുന്നത്. ബേണി- ഇഗ്നേഷ്യസിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. മോഹൻലാൽ, ശോഭന, നെടുമുടി വേണു, ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെപിഎസി ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയൻ, സോണിയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഛായാഗ്രഹണത്തിന് കെ വി ആനന്ദിനും പ്രൊഡക്ഷൻ ഡിസൈനിന് സാബു സിറിളിനും അംഗീകാരം ലഭിച്ച ചിത്രം അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

മ്യൂസിക് ആൽബവുമായി ഹോംബാലെ ഫിലിംസ്; 'മഞ്ജീരം' പുറത്തിറങ്ങി
കിത്താബിൽ ഇല്ലാത്ത കഥയാണേ..; ഐ ആം ​ഗെയിമിലെ പുതിയ വീഡിയോ ​ഗാനം പുറത്ത്