
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത് ജൂലൈ 9 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഐ നോബഡി. വലിയ പ്രീ റിലീസ് ഹൈപ്പോടെയാണ് ചിത്രം എത്തിയതെങ്കിലും പ്രേക്ഷകപ്രീതി നേടാന്‍ ചിത്രത്തിനായില്ല. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ജാദുവി സുബാ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സിദ്ധാന്ത് കൗശല്‍ ആണ്. ജേക്സ് ബിജോയിന്‍റേതാണ് സംഗീതം. ഗിനി ആണ് പാടിയിരിക്കുന്നത്.
പാര്‍വതി തിരുവോത്ത് ആണ് ചിത്രത്തിലെ നായിക. നിരൂപക - പ്രേക്ഷക പ്രശംസ നേടിയ സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത 'ഐ നോബഡി' പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ 4 എക്സ്പെരിമെന്റസിന്റെ ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് നിർമ്മിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന രാജീവൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. പാർവതി അവതരിപ്പിക്കുന്ന മീരയും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് കുടുംബം. ഒരു ബാങ്ക് കവർച്ചയിൽ രാജീവൻ അബദ്ധത്തിൽ സാക്ഷിയാകുന്നതും തുടർന്ന് അയാളുടെ വ്യക്തിജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രം.
റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുളാണ് ഐ, നോബഡിയുടെയും രചന നിർവഹിക്കുന്നത്. എന്ന് നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി നോബഡിക്കുണ്ട്. ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ യൂ, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.