Mahaveeryar : കോടതിയില്‍ സ്വന്തമായി വാദിക്കുന്ന 'അപൂര്‍ണാനന്ദന്‍'; മഹാവീര്യറിലെ ഡിലീറ്റഡ് സീന്‍

By Web TeamFirst Published Aug 1, 2022, 7:18 PM IST
Highlights

എം മുകുന്ദന്‍റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം

സമീപകാല മലയാള സിനിമയില്‍ പ്രമേയം കൊണ്ടും അവതരണം കൊണ്ടും ഏറെ വൈവിധ്യം പുലര്‍ത്തിയ ചിത്രമാണ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മഹാവീര്യര്‍ (Mahaveeryar). പ്രശസ്‌ത സാഹിത്യകാരൻ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് (Nivin Pauly) നായകന്‍. സ്വാമി അപൂര്‍ണാനന്ദന്‍ എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീന്‍ പങ്കുവച്ചിരിക്കുകയാണ് അണിയറക്കാര്‍.

ഒരു കേസില്‍ കുടുങ്ങുമ്പോള്‍ വക്കീലിന്‍റെ സഹായമില്ലാതെ സ്വന്തമായി വാദിക്കുന്നുണ്ട് ഈ കഥാപാത്രം. അത്തരത്തിലുള്ള വാദത്തിനിടെയുള്ള, ഫൈനല്‍ എഡിറ്റില്‍ ഒഴിവാക്കിയ ഒരു രംഗമാണ് ഇത്. ശ്രീകാന്ത് മുരളി അവതരിപ്പിക്കുന്ന വില്ലേജ് ഓഫീസര്‍ കഥാപാത്രവും ഈ രംഗത്തില്‍ ഉണ്ട്. ആസിഫ് അലിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 

ALSO READ : ബോക്സ് ഓഫീസിൽ 'കടുവ'യുടെ തേരോട്ടം; പൃഥ്വിരാജ് ചിത്രം ഇതുവരെ നേടിയത്

പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവർ മറ്റു വേഷങ്ങളിലെത്തുന്നു. 

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം നർമ്മ, വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുള്ള ഒന്നാണെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. എഡിറ്റിംഗ് മനോജ്‌, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം അനീസ് നാടോടി, ചമയം ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം ബേബി പണിക്കർ. 

click me!