'ബാലനി'ലെ 'മകനേ'; ഒടിടി റിലീസിന് പിന്നാലെ വീഡിയോ ഗാനം എത്തി

Published : Aug 01, 2026, 12:24 PM IST
Makane Makane video song from balan the boy movie chidambaram

Synopsis

മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം ചിദംബരം ഒരുക്കിയ 'ബാലന്‍' എന്ന ചിത്രം സീ 5-ലൂടെ ഒടിടിയില്‍ എത്തിയിട്ടുണ്ട്

മലയാള സിനിമയില്‍ സമീപകാലത്തെത്തിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ബാലന്‍. മ‍ഞ്ഞുമ്മല്‍ ബോയ്സിന് ശേഷം സംവിധായകന്‍ ചിദംബരം ഒരുക്കിയ ചിത്രം എന്നത് റിലീസിന് മുന്‍പു തന്നെ ബാലന് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് പോലെ ഒരു വലിയ വിജയചിത്രത്തിന് ശേഷം വൈകാരികതയ്ക്ക് പ്രാധാന്യമുള്ള, പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു ചിത്രം ചെയ്തു എന്നത് ചിദംബരം കൈയടി അര്‍ഹിക്കുന്ന കാര്യമാണ്. മഞ്ഞുമ്മല്‍ ബോയ്സ് പോലെ വലിയ വിജയമായില്ലെങ്കിലും ഒരേസമയം പ്രേക്ഷകപ്രീതിയും സാമ്പത്തിക വിജയവും നേടിയ ചിത്രമായും മാറി ബാലന്‍. ഇന്നലെ സീ 5 ലൂടെ ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ​ഗാനം പുറത്തെത്തിയിരിക്കുകയാണ്.

മകനേ മകനേ എന്ന ​ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ശങ്ക ട്രൈബും നേഹ നായരും ചേര്‍ന്നാണ് സം​ഗീതം പകര്‍ന്നിരിക്കുന്നത്. നേഹ നായരും ലിബിന്‍ നോബിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സംവിധായകൻ ജിത്തു മാധവൻ രചന നിർവ്വഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് കെ വി എൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നീ ബാനറുകളിൽ വെങ്കട്ട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ്. കന്നഡത്തിലെ പ്രമുഖ ബാനറായ കെവിഎന്‍ പ്രൊഡക്ഷന്‍സിന്‍റെ മോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം.

ഷൈജു ഖാലിദ് ആണ് ചിത്രത്തിന് വേണ്ടി ഗംഭീര ദൃശ്യങ്ങൾ ഒരുക്കിയത്. ഒരമ്മയുടെയും മകൻ്റെയും ജീവിതത്തിലൂടെ സഞ്ചരിച്ചു കൊണ്ട് വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. സസ്പെൻസും ത്രില്ലും നിറഞ്ഞ ചിത്രം വൈകാരിക നിമിഷങ്ങൾ കൊണ്ടും മിസ്റ്ററി കൊണ്ടും മികച്ച തിയറ്റർ അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രം അവിടേയും മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ആദിശേഷൻ, ഫർസാന പാലത്തിങ്കൽ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ ഡി, ബീന ആൻ്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തത്. ടോവിനോ തോമസും ചിത്രത്തിലെ ഒരു നിർണായക കഥാപാത്രമായി എത്തി കയ്യടി നേടി. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രത്തിന് തിയട്രിക്കല്‍ റിലീസ് ഉണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'ദി ട്രൂ ലീഡര്‍'; 'ജനനായകനി'ലെ ലിറിക്കല്‍ വീഡിയോ സോംഗ് എത്തി
പ്രശസ്ത തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു