
മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട ഭക്തിഗാനങ്ങളിലൊന്നാണ് 'പമ്പാഗണപതി പാരിന്റെയധിപതി' എന്നുതുടങ്ങുന്ന ഗാനം. ലാൽ ജോസ് സംവിധാനം ചെയ്ത പട്ടാളം എന്ന ചിത്രത്തിന് വേണ്ടി വിദ്യാസാഗർ ഈണം നൽകി ഗിരീഷ് പുത്തഞ്ചേരി രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാർ ആണ്. മണ്ഡലകാലത്തി പുറമേ, ഗാനമേളകളിൽ അടക്കം മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന ഗാനം കൂടിയാണിത്.
ഇപ്പോഴിതാ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര ഉത്സവത്തിന്റെ ആഘോഷപരിപാടിയ്ക്കിടെ എം.ജി ശ്രീകുമാർ പമ്പാ ഗണപതി പാടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ പങ്കുവയ്ക്കുന്നത്. ആർത്തിരമ്പുന്ന ജനക്കൂട്ടം പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം. ഇനി ആരൊക്കെ വന്നാലും പോയാലും എംജി അണ്ണന്റെ തട്ട് താണ് തന്നെയിരിക്കുമെന്നും, അയ്യപ്പഭക്തിഗാനമാണെങ്കിൽ എംജി ശ്രീകുമാർ അല്ലാതെ വേറെ ചോയ്സില്ലെന്നും, ജെൻസികളെ വരെ അണ്ണൻ ഒറ്റപാട്ടുകൊണ്ട് അണ്ണൻ കയ്യിലെടുത്തുവെന്നും തുടങ്ങീ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെയായി വരുന്നത്.
തരുൺ മൂർത്തി- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തുടരും എന്ന ചിത്രത്തിലെ എം.ജി ശ്രീകുമാർ പാടിയ ഗാനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ ടൈറ്റിൽ സോങ്ങ് ആയ കണ്മണി പൂവേ എന്ന മെലഡി വമ്പൻ ഹിറ്റായിരുന്നു. കൂടാതെ കൊണ്ടാട്ടം എന്ന ഫാസ്റ്റ്നമ്പർ സോങ്ങും വലിയ രീതിയിൽ വൈറലായിരുന്നു. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത്.