Latest Videos

കാതിനിമ്പമാകും ഈ ഫ്രീ കിക്ക്; വേള്‍ഡ് കപ്പ് ആവേശവുമായി മോഹന്‍ലാലിന്‍റെ ഫുട്ബോള്‍ സോംഗ് വരുന്നു

By Web TeamFirst Published Oct 28, 2022, 8:24 PM IST
Highlights

ഗാനത്തിന് ദൃശ്യഭാഷ ഒരുക്കിയിരിക്കുന്നത് ടി കെ രാജീവ് കുമാര്‍

സ്പോര്‍ട്സിനോട്, വിശേഷിച്ചും ഫുട്ബോളിനോട് മനസില്‍ സ്നേഹം സൂക്ഷിക്കുന്നയാളാണ് മോഹന്‍ലാല്‍. ലോകകപ്പ് പോലെയുള്ള ഫുട്ബോള്‍ മാമാങ്കങ്ങള്‍ സമയം കണ്ടെത്തി ആസ്വദിക്കുന്ന കൂട്ടത്തിലുമാണ് അദ്ദേഹം. ഇപ്പോഴിതാ ഖത്തര്‍ ലോകകപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ കൌതുകമുണര്‍ത്തുന്ന ഒരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. വേള്‍ഡ് കപ്പ് ആവേശത്തിന് പകിട്ടേകി ഫുട്ബോള്‍ എന്ന ബ്യൂട്ടിഫുള്‍ ഗെയിമിനെക്കുറിച്ച് ഒരു വീഡിയോ സോംഗ് പുറത്തിറക്കുകയാണ് മോഹന്‍ലാല്‍.

മോഹന്‍ലാല്‍ പാടി അഭിനയിച്ചിരിക്കുന്ന ഗാനത്തിന് ദൃശ്യഭാഷ ഒരുക്കിയിരിക്കുന്നത് ടി കെ രാജീവ് കുമാര്‍ ആണ്. മലയാളത്തിലുള്ള ഗാനത്തിന് അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ സബ് ടൈറ്റിലുകളും ഉണ്ടാവും. ഒക്ടോബര്‍ 30 ന് ഗാനം പുറത്തിറക്കും. തന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസിന്‍റെ ടൈറ്റില്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററാണ് വീഡിയോ സോംഗ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ പുറത്തിറക്കിയിരിക്കുന്നത്.

ALSO READ : റിലീസ് 121 സ്ക്രീനുകളില്‍, രണ്ടാം വാരം 200 ല്‍ അധികം തിയറ്ററുകളിലേക്ക്; കേരളത്തിലും 'കാന്താര' തരംഗം

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. ജൂലൈ അവസാനം പാക്കപ്പ് ആയ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. 3 ഡി ചിത്രം ആയതിനാലും ഫാന്‍റസി ആയതിനാലും ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24ന് ആയിരുന്നു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് ബിഗ് ബോസ് സീസണ്‍ നാല് വേദിയില്‍ മോഹൻലാൽ പറഞ്ഞിരുന്നു. "ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റർനാഷണൽ പ്ലാറ്റ്ഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാ​ഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥ ഞങ്ങൾക്ക് വേണം. വ്യത്യസ്‍തമായ ഒരു സിനിമയായിരിക്കും ബറോസ്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടേ ഞാനിത് ഇറക്കൂ", എന്നായിരുന്നു മോഹൻലാലിന്‍റെ വാക്കുകള്‍.

click me!