‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ൽ ഉയർത്തെഴുന്നേറ്റ ‘യവന കഥയിൽ..’; മനംനിറഞ്ഞ് ഔസേപ്പച്ചനും ഷിബു ചക്രവർത്തിയും

Published : Aug 25, 2026, 04:33 PM IST
Bethlehem kudumba unit

Synopsis

നിവിൻ പോളിയുടെ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന സിനിമയിലൂടെ 'യവന കഥയിൽ നിന്നുവന്ന' എന്ന ഗാനം വീണ്ടും ജനശ്രദ്ധ നേടി. മുപ്പത് വർഷം മുൻപ് റിലീസാകാതെ പോയ 'അന്ന' എന്ന ചിത്രത്തിനുവേണ്ടി ഔസേപ്പച്ചൻ സംഗീതം നൽകി ഷിബു ചക്രവർത്തി രചിച്ച ഗാനമാണിത്.

​ഗസ്റ്റ് 21ന് ആയിരുന്നു നിവിൻ പോളി നായകനായി എത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ റിലീസ് ചെയ്യുന്നത്. ​ഗിരീഷ് എഡി എന്ന സംവിധായകന്റെ മറ്റൊരു മാസ്റ്റർ പീസായി മാറിയ ചിത്രം തിയറ്ററുകളിൽ ഓണത്തേരോട്ടം നടത്തുകയാണ്. തങ്ങൾ കാണാൻ ആ​ഗ്രഹിച്ച നിവിൻ പോളിയെ ലഭിച്ച സന്തോഷത്തിൽ മലയാളികളും ആവേശത്തിലാണ്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നതിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടുന്നത് ഒരു ​ഗാനമാണ്. ‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ..’, എന്ന ​ഗാനം.

ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ ഒരു സീനിൽ വരുന്ന ഈ ​ഗാനം ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയായിരുന്നു. ചിത്രത്തിൽ നിവിന്റെ ജസ്റ്റിൻ എന്ന കഥാപാത്രം പറയുന്നത് പോലെ 30 വർഷങ്ങൾക്ക് മുൻപ് റിലീസാകാതെ പോയ അന്ന എന്ന സിനിമയിലേതാണ് ഈ ​ഗാനം. ആ പാട്ട് വീണ്ടും പുനർജനിച്ചതിന്റെ സന്തോഷത്തിലാണ് സം​ഗീത സംവിധായകൻ ഔസേപ്പച്ചനും രചയിതാണ് ഷിബു ചക്രവർത്തിയും. "ഹൃദയത്തിൽ നിന്നും കുഴിച്ചു മൂടപ്പെട്ട പാട്ടിനു ഇങ്ങനെ ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടായതിൽ അതീവ സന്തോഷം", എന്നാണ് ഔസേപ്പച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഷിബു ചക്രവർത്തി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത് ഇങ്ങനെ

'യവന കഥയില്‍ നിന്നു വന്ന ഇടയ കന്യകേ..'എന്ന പാട്ട് ഞങ്ങള്‍ വളരെ ഇഷ്ടത്തോട് കൂടി കൊണ്ടു നടന്നതാണ്. പക്ഷേ ആ സിനിമ നടന്നില്ല. പക്ഷേ ഒരു കാവ്യനീതി പോലെ ആ പാട്ട് വീണ്ടും വന്നു. രണ്ട് ദിവസമായിട്ട് ഞാനും ഔസേപ്പച്ചനുമൊക്കെ എയറിലാണെന്ന് പറയാം. അത്രമാത്രം റീല്‍സ് ആണ് വരുന്നത്. ബെത്‌ലഹേം കുടുംബ യൂണിറ്റിനെ പറ്റി പറയുന്ന ഒരാള് പോലും പാട്ടിനെ പറ്റി പറയാതെ പോകുന്നില്ല എന്നതാണ്. അത് വളരെ സന്തോഷകരമായിട്ടുള്ളൊരു കാര്യമാണ്.

യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഉണ്ടാക്കിയ പാട്ട് ഇതായിരുന്നില്ല. ഒരു ലവ് സോംഗ് വേണം. വേറൊരു ട്യൂൺ ആയിരുന്നു ഔസേപ്പച്ചന്‍ ആദ്യം ഇട്ടത്. അതിന് ഞാന്‍ എഴുതിയത് 'കറുകപ്പുല്‍ മേട്ടിലെ ഇടയ പെണ്‍കൊടിയേ..' എന്നാണ്. എല്ലാവര്‍ക്കും ഇഷ്ടമായെങ്കിലും എനിക്കൊരു തൃപ്തിക്കുറവ് ഉണ്ടായി. ഞാന്‍ ഓക്കെ അല്ലെന്ന് ഔസേപ്പിനോട് പറഞ്ഞു. അടി ഒഴിച്ച് എല്ലാം ആ സമയത്ത് നടന്നു. ഇടയ്ക്ക് അദ്ദേഹം ഇറങ്ങി പോയി. പിറ്റേന്ന് രാവിലെ വിളിച്ച് ഒരു ട്യൂണ്‍ പാടി. അപ്പോള്‍ തന്നെ ഞാന്‍ 'യവന കഥയില്‍ നിന്നു വന്ന' എന്നത് പാടി. ഫോണിൽ തന്നെ കംമ്പോസ് ചെയ്യുന്നു. ഫോണില്‍ തന്നെ എഴുതുന്നു. ഉണ്ടാക്കി വച്ചതിന് പകരം ഉണ്ടാക്കിയ ട്യൂണാണ് അത്. അതുകൊണ്ടാണ് മറ്റ് പാട്ടുകളേക്കാള്‍ ഞങ്ങള്‍ക്കത് പ്രിയപ്പെട്ടതാകുന്നത്. അരവിന്ദ് സ്വാമിയുടെ ഡേറ്റും കാര്യങ്ങളും കൊണ്ടാണ് സിനിമ നടക്കാതെ പോയത്. അന്ന് കാസറ്റില്‍ ഞങ്ങള്‍ പാട്ടിറക്കിയിരുന്നു. അഞ്ച് ലക്ഷത്തിലധികം കാസറ്റുകള്‍ ആ കാലത്ത് സെയില്‍ ആയി. പാട്ടിന് പുനര്‍ജന്മം കിട്ടിയതില്‍ ഒരുപാട് സന്തോഷം. 1995ൽ ദാസേട്ടനും ചിത്രയുമാണ് ​ഗാനം പാടിയത്.

PREV
Read more Articles on
click me!

Recommended Stories

കാഞ്ഞങ്ങാട് രാമചന്ദ്രന്‍റെ സംഗീത സംവിധാനം; 'നന്മയോണം' റിലീസായി
'ചെല്ല മകളേ'; വിജയ് ചിത്രം 'ജനനായകനി'ലെ ഗാനമെത്തി