എച്ച് വിനോദ് സംവിധാനം ചെയ്ത വിജയിന്‍റെ അവസാന ചിത്രമായ 'ജനനായകനി'ലെ 'ചെല്ല മകളേ' എന്ന ഗാനം പുറത്തിറങ്ങി.

വിജയിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്ത ജനനായകന്‍ എന്ന ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി പുറത്തെത്തി. ചെല്ല മകളേ എന്ന ഗാനത്തിന്‍റെ ഫിലിം വെര്‍ഷന്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. വിവേകിന്‍റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിജയ് ആണ് ഗാനം ആലപിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം സിനിമാ കരിയര്‍ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച വിജയിന്‍റെ അവസാന ചിത്രമെന്ന നിലയിലാണ് ജനനായകന്‍ എത്തിയത്. പൊങ്കല്‍ റിലീസ് ആയി പ്രഖ്യാപിച്ച്, എന്നാല്‍ സെന്‍സര്‍ സംബന്ധമായ പ്രശ്നങ്ങളാല്‍ റിലീസ് നീണ്ട ചിത്രം ഒടുവില്‍ ആറ് മാസത്തിന് ശേഷം ജൂലൈ 23 നാണ് തിയറ്ററുകളില്‍ എത്തിയത്. ഈ മാസം 21 ന് സീ 5 ലൂടെ ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്.

വിജയിന്‍റെ അവസാന ചിത്രം എന്ന ഹൈപ്പോടെ എത്തിയ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് പക്ഷേ ലഭിച്ചത്. എന്നാല്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് പ്രകടനത്തെ ഇത് ബാധിച്ചില്ല. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 324 കോടിയാണ് ചിത്രത്തിന്‍റെ ആ​ഗോള ​ഗ്രോസ്. ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ ​ഗ്രോസ് 230 കോടിയും വിദേശത്തുനിന്ന് 94 കോടിയും. സെന്‍സര്‍ പ്രശ്നങ്ങളെ തുടര്‍ന്ന് റിലീസ് നീണ്ട കാലയളവില്‍ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഇറങ്ങിയിരുന്നു. ഈ തിരിച്ചടികള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ചിത്രത്തിന്‍റെ കളക്ഷന്‍ ഇനിയും ഉയര്‍ന്നേനെ.

വിജയ് നായകനായ ചിത്രത്തില്‍ പൂജ ​ഹെ​ഗ്ഡെ, ബോബി ഡിയോള്‍, പ്രകാശ് രാജ്, ​ഗൗതം വസുദേവ് മേനോന്‍, പ്രിയാമണി, മമിത ബൈജു, നരെയ്ന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നന്ദമുരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമാണിത്. തിരക്കഥയും സംവിധാനവും എച്ച് വിനോദ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് റിലീസ് പ്ലാന്‍ ചെയ്തിരുന്ന ചിത്രം സ്വാഭാവികമായും വിജയിന്‍റെ രാഷ്ട്രീയ നേട്ടത്തിന് ഉതകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ചിത്രം ഇപ്പോഴാണ് ഇറക്കാനായത് എന്നത് മറ്റൊരു കാര്യം. ഒടുവില്‍ ചിത്രം എത്തിയപ്പോള്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രി കസേരയിലാണ് എന്നതും കൗതുകം.

Thalapathy Vijay latest Song | Jana Nayagan | Chella Magale Film Version | H Vinoth | Anirudh