സംസ്ഥാന ബജറ്റിൽ കല, സാംസ്കാരിക, വിനോദസഞ്ചാര മേഖലകൾക്ക് നിരവധി പുതിയ പ്രഖ്യാപനങ്ങൾ. തൃശ്ശൂരിൽ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ മ്യൂസിക് അക്കാദമി സ്ഥാപിക്കും. ടൂറിസത്തിനും സിനിമയ്ക്കും വ്യവസായ പദവി നൽകും.
കൊച്ചി: സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ പുതിയ മ്യൂസിക് അക്കാദമി സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ മുഖ്യമന്ത്രിയെ പ്രശംസിച്ച് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ജോൺസൺ മാസ്റ്റർ പേരിൽ അക്കാദമി തുടങ്ങുന്ന പ്രഖ്യാപനം ഒരുപാട് തലമുറകൾക്ക് പ്രചോദനം ആണെന്നും ജോൺസൺ മാഷ് അക്കാദമിയുടെ മുഴുവൻ ക്രെഡിറ്റും മുഖ്യമന്ത്രിക്ക് ആണെന്നും ഔസേപ്പച്ചൻ പറഞ്ഞു.
ഒരുപാട് കാലമായി ആവശ്യപ്പെടുന്ന കാര്യമായിരുന്നു ജോൺസൺ മാസ്റ്ററുടെ മ്യൂസിക് അക്കാദമി. തൃശ്ശൂരിൽ വന്നപ്പോൾ താനാ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും സാധാരണ രാഷ്ട്രീയക്കാർ കേട്ടു മറക്കുന്നത് പോലെ എന്നാണ് ആദ്യം കരുതിയതെന്നും ഓസേപ്പച്ചൻ ഓർക്കുന്നു. സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേദിവസം തന്നെ വിളിച്ച് ആവശ്യപ്പെട്ടത് ഓർമ്മയുണ്ടെന്ന് വിഡി സതീശൻ പറഞ്ഞുവെന്നും അപ്പോൾ തനിക്ക് മുഖ്യമന്ത്രി ഇത് നടപ്പാക്കുമെന്ന് ബോധ്യമായെന്നും ഔസേപ്പച്ചൻ പറഞ്ഞു. സംഗീതത്തിന്റെ വളർച്ചയ്ക്ക് അക്കാദമി പ്രചോദനമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിനോദസഞ്ചാരം, കല, സംസ്‌കാരം എന്നീ മേഖലകളിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍
ടൂറിസത്തിന് വ്യവസായ പദവി: ടൂറിസത്തെ ഔദ്യോഗികമായി വ്യവസായമായി പ്രഖ്യാപിക്കും. തോട്ടം മേഖലയിൽ കൂടുതൽ സ്ഥലം ടൂറിസത്തിനായി ഉപയോഗിക്കാൻ നിയമഭേദഗതി കൊണ്ടുവരും.
തീർത്ഥാടന ടൂറിസം സർക്യൂട്ട്: അർത്തുങ്കൽ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ചു പദ്ധതി നടപ്പാക്കും.
അന്തർദേശീയ മാരിടൈം മ്യൂസിയം: സമുദ്രയാത്രാ ചരിത്രം, കപ്പൽ നിർമ്മാണ പാരമ്പര്യം, വാണിജ്യപൈതൃകം എന്നിവ സമന്വയിപ്പിച്ചു സ്ഥാപിക്കും.
ജെ.സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി: കൊച്ചിയിൽ 'ചിത്രനഗരം' സ്ഥാപിക്കും. സിനിമയ്ക്ക് വ്യവസായ പദവി നൽകും.
സ്മാരകങ്ങളും സാംസ്കാരിക പാർക്കുകളും:
കോഴിക്കോട് എം.ടി. വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്ക്.
തൃശ്ശൂരിൽ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ പുതിയ മ്യൂസിക് അക്കാദമി.
കോഴിക്കോട് ഗായകൻ ഉമ്പായിയുടെ നാമധേയത്തിൽ മ്യൂസിക് അക്കാദമി.
ആർട്ടിസ്റ്റ് നമ്പൂതിരി ട്രസ്റ്റിന്റെ സഹായത്തോടെ കൾച്ചറൽ സെന്റർ ആൻഡ് മ്യൂസിയം.
ഡൽഹിയിൽ ശ്രീനാരായണ ഗുരുവിന് പ്രതിമയും സാംസ്‌കാരിക കേന്ദ്രവും.
എറണാകുളത്ത് നടൻ സലിംകുമാറിന് സ്‍മാരകം.
തിരുവനന്തപുരം പട്ടത്ത് മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന് സ്‍മാരക മന്ദിരം.