റെക്കോർഡ് തകർത്ത് സെവൻ്റീൻ : 'എൻപിആർ ടൈനി ഡെസ്ക്'-ൽ കെ-പോപ്പ് വൈബ്

Published : Nov 25, 2025, 12:39 PM IST
seventeen

Synopsis

കെ-പോപ്പ് ഗ്രൂപ്പായ ' സെവന്റീൻ, അമേരിക്കയിലെ പ്രശസ്തമായ NPR-ൻ്റെ 'ടൈനി ഡെസ്ക് കൺസേർട്ട്' വേദിയിൽ പ്രകടനം നടത്തിയതിലൂടെ വലിയ വാർത്താ പ്രാധാന്യം നേടിയിരിക്കുകയാണ്..

ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ പ്രിയപ്പെട്ട കെ-പോപ്പ് ഗ്രൂപ്പായ 'സെവൻ്റീൻ' ഇപ്പോൾ അമേരിക്കൻ സംഗീത ലോകത്തെ കീഴടക്കിയിരിക്കുകയാണ്. എൻപിആറിൻ്റെ പ്രശസ്തമായ 'ടൈനി ഡെസ്ക് കൺസേർട്ട്' പരമ്പരയിൽ അവിസ്മരണീയമായ പ്രകടനവുമായാണ് ഈ താരങ്ങൾ സംഗീത ചാർട്ടുകളിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്. 'ടൈനി ഡെസ്ക്' അവതരിപ്പിക്കുന്ന ആദ്യത്തെ കെ-പോപ്പ് ഗ്രൂപ്പ് എന്ന ചരിത്രപരമായ നേട്ടമാണ് 'സെവൻ്റീൻ' സ്വന്തമാക്കിയത്.

എന്താണ് 'എൻപിആർ ടൈനി ഡെസ്ക്' ?

'ടൈനി ഡെസ്ക് കൺസേർട്ട്' എന്നത് വെറുമൊരു മ്യൂസിക് ഷോ മാത്രമല്ല. അമേരിക്കയിലെ പ്രശസ്തമായ നാഷണൽ പബ്ലിക് റേഡിയോയുടെ വാഷിംഗ്ടൺ ഡി.സി-യിലുള്ള ഓഫീസിനുള്ളിലെ, ഒരു സാധാരണ ഡെസ്കിന് മുന്നിൽ വെച്ച് നടത്തുന്ന സംഗീത പരിപാടിയാണിത്. വലിയ ലൈറ്റുകളോ, ഡാൻസുകളോ, സ്റ്റേജ് ആർഭാടങ്ങളോ ഇവിടെയില്ല. വളരെ ചെറിയതും, സൗഹൃദപരവുമായ ഒരു ഓഫീസ് മുറിയാണ് വേദി. ഇവിടെ വോക്കലിനും സംഗീത ഉപകരണങ്ങൾക്കുമുള്ള പ്രാധാന്യം വളരെ വലുതാണ്. സംഗീതത്തിൻ്റെ യഥാർത്ഥ മാന്ത്രികത കാണിക്കാൻ കലാകാരന്മാർക്ക് ലഭിക്കുന്ന ഏറ്റവും വലിയ വേദികളിൽ ഒന്നാണിത്. ലോകോത്തര താരങ്ങളായ അഡേൽ, ഹാരി സ്റ്റൈൽസ്, ബിടിഎസ് തുടങ്ങിയവരെല്ലാം ഇവിടെ അതിഥികളായി എത്തിയിട്ടുണ്ട്.

വെറും 5 പേർ, 9 ഹിറ്റുകൾ

ചെറിയൊരു സ്റ്റുഡിയോ ഡെസ്കിന് മുന്നിൽ, ഏറ്റവും കുറഞ്ഞ ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് നടത്തുന്ന ഈ കൺസേർട്ടിൽ പങ്കെടുക്കുന്നത് ഒരു വലിയ അംഗീകാരമാണ്. കാരണം, ഇവിടെ ലൈവ് വോക്കലിനും സംഗീത മികവിനുമാണ് പ്രാധാന്യം. പതിമൂന്ന് അംഗങ്ങളിൽ ജോഷ്വ, മിൻ‌ഗ്യു, സ്യൂങ്‌ക്‌വാൻ, വെർണൺ, ഡിനോ എന്നീ അഞ്ച് പേർ മാത്രമാണ് ഇത്തവണ എത്തിയത്. പ്രധാന ഗായകരിലൊരാളായ ഡി.കെ-ക്ക് ശബ്ദം നഷ്ടപ്പെട്ടതിനെ തുടർന്ന് പങ്കെടുക്കാൻ സാധിച്ചില്ല. എന്നാൽ, ഡി.കെയുടെ ഭാഗങ്ങൾ മറ്റു അംഗങ്ങൾ അതിവേഗം പഠിച്ചെടുത്ത് അനായാസം അവതരിപ്പിച്ചത് അവരുടെ പ്രൊഫഷണലിസം എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതാണ്.

'സൂപ്പർ' മുതൽ 'വെരി നൈസ്' വരെ, എല്ലാം വേറെ ലെവൽ

'സെവൻ്റീൻ' പതിവായി കാണിക്കുന്ന വമ്പൻ കോറിയോഗ്രാഫികളില്ലാതെ, തികച്ചും അക്കോസ്റ്റിക് ശൈലിയിലാണ് ഗാനങ്ങൾ അവതരിപ്പിച്ചത്. അവരുടെ സൂപ്പർ ഹിറ്റായ "Super"ൻ്റെ (സൂപ്പർ) വേറെയൊരു പതിപ്പാണ് അവർ ആദ്യം അവതരിപ്പിച്ചത്. സാധാരണയുള്ള ഡാൻസ്-പോപ്പ് ബീറ്റ് ഒഴിവാക്കി, പ്യുവർ ബാൻഡ് ഫോർമാറ്റിൽ വന്നപ്പോൾ പാട്ടിൻ്റെ വോക്കൽ പവർ ശരിക്കും പുറത്തുവന്നു. പിന്നീട് കേട്ട "Darl+ing" (ഡാർലിംഗ്) പോലുള്ള ബല്ലഡ് ഗാനങ്ങൾ അവരുടെ ഹാർമണി മികവ് ലോകത്തിന് മുന്നിൽ കാട്ടിക്കൊടുത്തു.

പഴയതും പുതിയതുമായ ഗാനങ്ങൾ ഉൾപ്പെടെ, 9 അടിപൊളി പാട്ടുകൾ (Super, Darl+ing, Hot, Very Nice, World, To You, SOS, Rock With You, and Clap) അരമണിക്കൂറിനുള്ളിൽ അവർ പാടിത്തീർത്തു. ടൈനി ഡെസ്ക് കൺസേർട്ടുകൾ സാധാരണയായി ശാന്തമായ അന്തരീക്ഷത്തിൽ നടക്കുന്നവയാണ്. എന്നാൽ, സെവന്റീൻ്റെ പ്രകടനം കാണാൻ തടിച്ചുകൂടിയ ആരാധകർ അവരുടെ പാട്ടുകൾക്കൊപ്പം ആർത്തുല്ലസിച്ചു. "ഞങ്ങൾ ശാന്തമായ ഒരന്തരീക്ഷമാണ് പ്രതീക്ഷിച്ചത്," എന്ന് മെമ്പർമാർ പറഞ്ഞത് തന്നെ കാണികളുടെ എനർജി എത്രത്തോളമുണ്ടായിരുന്നു എന്നതിൻ്റെ തെളിവാണ്.

സംഗീതത്തെ സ്പെക്ടാക്കിളുകളോടും ഡാൻസ് പെർഫോമൻസുകളോടും മാത്രം ചേർത്തു വായിക്കുന്നവർക്ക്, തങ്ങളുടെ സംഗീത മികവ് കൊണ്ട് കൊടുത്ത മറുപടിയാണ് ഈ കൺസേർട്ട്. കെ-പോപ്പ് സംഗീതം ലോകമെമ്പാടുമുള്ള മെയിൻസ്ട്രീം പ്ലാറ്റ്‌ഫോമുകളിൽ എത്തിച്ചേരുന്നതിലെ മറ്റൊരു നാഴികക്കല്ലാണ് ഈ 'ടൈനി ഡെസ്ക്' പ്രകടനം.

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്