'അണ്ണാ ഇതിലൊക്കെ എന്തോന്ന് കുറ്റവും ശിക്ഷയും? പാട്ട് പാടിയതിൻ്റെ പ്രതിഫലം അവരെനിക്കന്തസ്സായി തന്നു'

Published : Apr 28, 2026, 06:05 PM IST
G Venugopal

Synopsis

പത്താമത് സംസ്ഥാന പ്രൊഫഷണൽ നാടക സംഗീത പുരസ്കാരം നേടിയ കല്ലറ ഗോപനെ കുറിച്ച് ഗായകൻ ജി. വേണുഗോപാൽ. തന്നേക്കാൾ സംഗീതജ്ഞാനവും സാധനയുമുണ്ടായിരുന്ന ഗോപന്, സിനിമയിൽ തനിക്ക് ലഭിച്ച ഭാഗ്യം കിട്ടിയില്ലെന്ന് വേണുഗോപാൽ പറയുന്നു.

ത്താമത് കേരള സംസ്ഥാന സർക്കാറിൻ്റെ പ്രൊഫഷണൽ നാടക സംഗീത അവാർഡ് നേടിയ കല്ലറ ഗോപനെ കുറിച്ചുള്ള അനുഭവം പങ്കിട്ട് ​ഗായകൻ ജി വേണു​ഗോപാൽ. കല്ലറ ​ഗോപന് തന്നെക്കാൾ സംഗീത വിദ്വത്തവും, സാധനയുമുണ്ടെന്നും, പക്ഷേ സിനിമയിൽ ആവശ്യത്തിലധികം തനിക്ക് കിട്ടിയ ഭാഗ്യദേവതയുടെ കടാക്ഷം ഗോപന് കുറവായിരുന്നുവെന്നും വേണു​ഗോപാൽ പറഞ്ഞു. ഒൻപത് പ്രാവശ്യം നാടക ഗായകനുള്ള അവാർഡും, ഇത്തവണ സംഗീത സംവിധായകനുള്ള അവാർഡുമാണ് ​ഗോപന് ലഭിച്ചതെന്നും അത്ര എളുപ്പമൊന്നും ഈ റെക്കോർഡ് മറ്റൊരാൾക്ക് തിരുത്താനാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജി വേണു​ഗോപാലിന്റെ വാക്കുകൾ ഇങ്ങനെ

ഗോപന് ( കല്ലറ ഗോപൻ) പത്താമത് കേരള സംസ്ഥാന സർക്കാറിൻ്റെ പ്രൊഫഷണൽ നാടക സംഗീത അവാർഡ്. ഒൻപത് പ്രാവശ്യം നാടക ഗായകനുള്ള അവാർഡും, ഇത്തവണ സംഗീത സംവിധായകനുള്ള അവാർഡും. അത്ര എളുപ്പമൊന്നും ഈ റിക്കാർഡ് മറ്റൊരാൾക്ക് തിരുത്താനാകുമെന്ന് കരുതുന്നില്ല. ഓർമ്മകളെ അനുഗമിച്ച് ഞാൻ ഒന്ന് പിൻ തിരിഞ്ഞ് നടന്നു.

രണ്ടായിരമാണ്ടിൻ്റെ ആദ്യ പകുതിയിലെപ്പൊഴോ ആണു് "ഹൃദയവൃന്ദാവനിയിൽ " റെക്കാർഡ് ചെയ്യുന്നത്. കഥാവശേഷൻ എന്ന സിനിമയുടെ സംഗീത ആൽബത്തോടൊപ്പം ചേർക്കാനുള്ള ഫില്ലർ സോങ് ആണ്. തിരുവനന്തപുരത്ത് എസ്.എസ്. ഡിജിറ്റലിലാണ് റിക്കാർഡിങ്. കൺസോളിൽ എൻ്റെ പാട്ട് കേട്ട് മതിമയങ്ങി നിൽക്കുമ്പോൾ ഗാനസൃഷ്ടാക്കൾ ചെവിയിൽ മന്ത്രിച്ചു. "ഇത് കല്ലറ ഗോപൻ ആദ്യം പാടിയതാ." മനസ്സൊന്ന് പിടഞ്ഞു. ഓർത്തെടുക്കാൻ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല ഗോപനെ. എൺപതുകളുടെ ആദ്യം ഓൾഡ് ഈസ് ഗോൾഡ് എന്ന സംഗീത പരിപാടികളിൽ കെ.പി. ഉദയഭാനു അഭിമാനത്തോടെ, രംഗത്ത് നാളെയുടെ വാഗ്ദാനങ്ങൾ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയിരുന്നതായിരുന്നു ഞങ്ങൾ രണ്ട് പേരെയും . സമപ്രായക്കാരായ രണ്ട് പാട്ടുകാർ. സ്വഭാവങ്ങൾക്കും സാമ്യതയുണ്ടായിരുന്നു രണ്ട് പേർക്കും . തിരുവനന്തപുരത്തെ സജീവമായ സിനിമാ ശക്തി ദുർഗ്ഗങ്ങൾക്കും, ബെൽററുകൾക്കും, കോക്കസുകൾക്കും പിടികൊടുക്കാതെ മാറി നടക്കുകയായിരുന്നു ഞങ്ങൾ രണ്ടും. സംഗീതകോളേജിൽ നിന്ന് പഠിച്ചിറങ്ങിയ ഗോപന് എന്നെക്കാൾ സംഗീത വിദ്വത്തവും, സാധനയുമുണ്ടായിരുന്നു. പക്ഷേ സിനിമയിൽ ആവശ്യത്തിലധികം എനിക്ക് കിട്ടിയ ഭാഗ്യദേവതയുടെ കടാക്ഷം ഗോപന് കുറവായിരുന്നു.

ഞാനീ ഗാനം പാടിയില്ലെങ്കിൽ വേറെയേതെങ്കിലുമൊരു ഗായകൻ അത് പാടും എന്നെനിക്കറിയാമായിരുന്നു. അതാണ് സിനിമയുടെ അലിഖിത നിയമം. അതിനാരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല. 'ഹൃദയ വൃന്ദാവനിയിൽ " പാടി കഴിഞ്ഞ് വെളിയിലിറങ്ങി ഞാൻ ഗോപനെ വിളിച്ച് ഇതൊരു അപരാധമാണെങ്കിൽ പൊറുക്കണം എന്നപേക്ഷിച്ചു. ഉത്തരം ഒരു ചിരിയായിരുന്നു. " അണ്ണാ ഇതിലൊക്കെയെന്തോന്ന് കുറ്റവും ശിക്ഷയും? ഈ പാട്ട് പാടിയതിൻ്റെ പ്രതിഫലം അവരെനിക്കന്തസ്സായി തന്നു. പിന്നീടത് നിങ്ങൾ പാടി. നിങ്ങളും പ്രതിഫലം വാങ്ങിക്കാണും. അങ്ങനെ കണ്ടാൽ മതി ഇതൊക്കെ " . അതിശയത്തോടെ, ആരാധനയോടെ ഞാൻ നിശ്ശബ്ദനായ് മൂകനായ് കേട്ട് നിന്നു!

അതാണ് ഗോപൻ. ഇത്തരം വ്യക്തിത്വങ്ങളെ സംഗീതത്തിൻ്റെ ഇടനാഴികളിലെങ്ങും കണ്ടുമുട്ടുക അസാധ്യം. ഇന്നും എന്നും എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ് ഗോപൻ. ഞങ്ങൾ അധികം അങ്ങോട്ടുമിങ്ങോട്ടും ഫോണിൽ സംസാരിക്കാറില്ല. പക്ഷേ കാണുമ്പോൾ രണ്ടാൾക്കും മറയില്ലാണ്ട് ഒരുപാട് സംസാരിക്കാനുണ്ടാകും. ഗോപൻ്റെ മകൾ നാരായണി പുതിയ തലമുറയിലെ വളരെ ശ്രദ്ധേയയായ ഗായികയാണ്. ഹിന്ദുസ്ഥാനി , ഹിപ് ഹോപ്പ്, വെസ്‌റ്റേൺ, ശുദ്ധ മലയാളം മെലഡികൾ, ഇതെല്ലാം അവൾക്ക് ഭംഗിയായി വഴങ്ങും. ഞങ്ങൾ രണ്ട് തലമുറകൾ ചേർന്ന്, ഞാനും മകനും, ഗോപനും നാരായണിയും, രണ്ട് സംഗീത പരിപാടികൾ ചെയ്തിട്ടുണ്ട്. ഗോപനും, ഷർമ്മിളയും, നാരായണിയും, മഹാദേവനും, സംതൃപ്തരായ്, സന്തോഷത്തോടെ, തിരുവനന്തപുരത്ത് വട്ടിയൂർക്കാവിൽ വസിക്കുന്നു.

അണ്ണാ, പോരട്ടെ, ഇനിയും ഇനിയും അവാർഡുകളും പാട്ടുകളും.

PREV
Read more Articles on
click me!

Recommended Stories

'കാൻസർ വേദ​നയിലും ചിരിക്കാൻ പഠിപ്പിച്ച ചേച്ചി' എന്ന് പോസ്റ്റ്; 'ഇതിൽ കൂടുതൽ എന്തെനിക്ക് വേണ'മെന്ന് റിമി ടോമി
3 മിനിറ്റ് 22 സെക്കന്റിലൊരു സിനിമാനുഭവം, പാടിയത് എഐ ! ശ്രദ്ധേനേടി ജേക്കബ് ബ്രദേഴ്സിന്റെ 'ദ ക്വീൻ'