നരിവേട്ടയിലെ 'വാടാ വേടാ..' ഹിറ്റ് പ്രോമോ ഗാനം ഇന്ന് മുതൽ തിയേറ്ററുകളിൽ

Published : May 30, 2025, 03:35 PM IST
നരിവേട്ടയിലെ 'വാടാ വേടാ..' ഹിറ്റ് പ്രോമോ ഗാനം ഇന്ന് മുതൽ തിയേറ്ററുകളിൽ

Synopsis

മുത്തങ്ങ ഭൂസമരത്തെ ആസ്പദമാക്കി ഒരുക്കിയ നരിവേട്ട എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. 

കൊച്ചി: കേരളത്തിൽ ഏറെ ചർച്ചയായ മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത ആദിവാസികള്‍ക്കെതിരെയുള്ള ക്രൂരമായ പോലീസ് അതിക്രമത്തിന്‍റേയും അത്തരത്തിൽ കേരളം കണ്ട ആദിവാസി സമരങ്ങളുടേയും ചുവടുപിടിച്ചുകൊണ്ട് അനുരാജ് മനോഹർ ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന 'നരിവേട്ട' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രീതിയിൽ സൂപ്പർ ഹിറ്റായി മുന്നേറുകയാണ്.

ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് യൂട്യൂബിൽ തരംഗമായ റാപ്പർ വേടന്റെ ‘വാടാ വേടാ’ എന്ന പ്രോമോ ഗാനം ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. വേടന്റെ വരികൾക്ക് ജേക്സ് ബിജോയിയാണ് സംഗീതം നൽകിയിരിക്കുന്നത്. ജേക്സ് ബിജോയിയും വേടനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

കാടിന്റെ മക്കളോടുള്ള ഭരണകൂടത്തിന്റെ അനീതിക്കെതിരെയുള്ള ശക്തമായ പ്രതികരണമാണ് പാട്ടിലെ വരികൾ. വേടൻ കൈവിലങ്ങ് പൊട്ടിച്ചെറിയുന്നതും സ്വാതന്ത്ര്യത്തിന്റെ തൈ നടുന്നതും ഗാനരംഗങ്ങളിൽ കാണാം. സിനിമയിലെ പല രംഗങ്ങളും പാട്ടിൽ ചേർത്തിട്ടുണ്ട്. പത്ത് ദിവസങ്ങൾക്ക് മുൻപ് ഇറങ്ങിയ ഗാനം ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മുപ്പത് ലക്ഷത്തിനു മുകളിൽ വ്യൂസും ഈ വേടൻ ഗാനത്തിന് ഇതുവരെ ലഭിച്ചിട്ടുണ്ട്.

ഒരേസമയം പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്നതും വേട്ടയാടുന്നതുമായ അനുഭവമാണ് ചിത്രം സമ്മാനിച്ചിരിക്കുന്നത്. പത്ത് കോടി ബജറ്റിൽ ഒരുക്കിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 15 കോടി രൂപ വേൾഡ് വൈഡ് കളക്ഷൻ നേടിക്കഴിഞ്ഞിട്ടുണ്ട്. മഴയെ പോലും വകവയ്ക്കാതെ തിയേറ്ററുകൾതോറും ഹൗസ്‍ഫുള്‍ ഷോകളുമായാണ് പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്.

ആദിവാസികള്‍ക്കെതിരെയുള്ള അത്യന്തം ദാരുണമായ പോലീസ് നരനായാട്ട് പ്രേക്ഷകരുടെ ഉള്ളിൽ തട്ടും വിധമാണ് ചിത്രത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാണുന്നവരുടെ ചങ്കിൽ കൊള്ളുന്നതാണ് സിനിമയിലെ ദൃശ്യങ്ങള്‍. ഒരു പോലീസ് കോൺസ്റ്റബിളിന്‍റെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥപറച്ചിൽ. ടൊവിനോ തോമസാണ് ചിത്രത്തിൽ വർഗ്ഗീസ് എന്ന കോൺസ്റ്റബിളായെത്തിയിരിക്കുന്നത്. മനസ്സില്ലാ മനസ്സോടെ പോലീസിലേക്ക് എത്തിയ വർഗ്ഗീസ്, ചിയമ്പം ഭൂസമരം നടക്കുന്ന കാട്ടിൽ എത്തിച്ചേരുന്നതും തുടർസംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. ചടുലവും തീവ്രവും അതിസൂക്ഷ്മവുമായ കഥാഗതിയാണ് നരിവേട്ടയെ വ്യത്യസ്തമാക്കുന്നത്.

പ്രകടനങ്ങളിൽ ഏറെ ശ്രദ്ധേയം ടൊവിനോയുടേയും അതോടൊപ്പം ബഷീർ എന്ന ഹെഡ് കോൺസ്റ്റബിളായെത്തിയ സുരാജ് വെഞ്ഞാറമൂടിന്‍റേയും ഡിഐജി രഘുറാം കേശവദാസായെത്തിയ തമിഴിലെ ശ്രദ്ധേയ താരം ചേരന്‍റേതുമാണ്. അതോടൊപ്പം ഭൂസമര നേതാവായി എത്തിയ ആര്യ സലീമിന്‍റേയും  നായിക വേഷത്തിലെത്തിയ പ്രിയംവദയുടേയും ടൊവിനോയുടെ അമ്മ വേഷത്തിലെത്തിയ റിനി ഉദയകുമാറിന്‍റേയും താമി എന്ന ആദിവാസി പോരാളിയായെത്തിയ പ്രണവ് തിയോഫിന്‍റേയും പ്രകടനങ്ങളും എടുത്തുപറയേണ്ടതാണ്. ടൊവിനോയുടെ കരിയറിലെ തന്നെ ഒരു പൊൻതൂവലാണ് നരിവേട്ട എന്ന് നിസ്സംശയം പറയാം.

അനുരാജ് മനോഹറിന്റെ സംവിധായമികവിൽ വിപ്ലവവീര്യം നിറഞ്ഞുനിൽക്കുന്ന സിനിമയുടെ സെക്കൻഡ് ഹാഫിലെ ഓരോ രംഗങ്ങളും ശ്വാസമടക്കിപിടിച്ചിരുന്ന് കണ്ടിരുന്നുപോകും വിധമാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ സിംഗിൾ ഷോട്ടിലുള്ള ഉള്ളുലയ്ക്കുന്ന ക്ലൈമാക്സും ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ പോലീസ് സേനയിലെ പുഴുകുത്തുകളും ഉള്ളുകളികളും സംഘർഷങ്ങളുമൊക്കെ ചിത്രം തുറന്നുകാണിക്കുന്നുണ്ട്.

ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് 'നരിവേട്ട' നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം വിജയ് ആണ്. സിനിമ സംസാരിക്കുന്ന രാഷ്ട്രീയത്തിനൊപ്പം, സമരത്തിന്‍റെ തീവ്രതയൊക്കെ ഏറെ ആഴത്തിൽ ഹൃദയസ്പർശിയായ വിധത്തിൽ, സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാൻ ഛായാഗ്രാഹകന് സാധിച്ചിട്ടുണ്ട്. സിനിമ ആവശ്യപ്പെടുന്നത് മാത്രം എടുത്തുകൊണ്ട് അളന്നുമുറിച്ചുള്ള ഷമീര്‍ മുഹമ്മദിന്‍റെ എഡിറ്റിംഗും എടുത്തുപറയേണ്ടതാണ്. സിനിമ സംസാരിക്കുന്ന വിഷയവും കഥാപാത്രങ്ങളുടെ തീവ്രതയും ആന്തരിക സംഘർഷങ്ങളും പ്രേക്ഷകരിലെത്തിക്കുന്നതും അതോടൊപ്പം കഥയുടെ ഗൗരവം പ്രേക്ഷകർക്ക് അനുഭവമാകുന്ന വിധത്തിലും ഉള്ളതാണ് ജേക്‌സ് ബിജോയ് ഒരുക്കിയിരിക്കുന്ന സംഗീതം. 

PREV
Read more Articles on
click me!

Recommended Stories

ഷഹബാസ് അമന്‍റെ ആലാപനം; 'മിണ്ടിയും പറഞ്ഞും' സോംഗ് എത്തി
'കണ്ടെടാ ആ പഴയ നിവിനെ..'; ​തകർപ്പൻ ഡാൻസുമായി പ്രീതി മുകുന്ദും; 'സർവ്വം മായ'യിലെ ആദ്യ​ഗാനം ഹിറ്റ്