
2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഒറ്റ വർഷത്തിനുള്ളിൽ നിത്യ ജീവിതത്തിൽ ഇത്രയൊക്കെ മാറ്റങ്ങൾ വരുമോയെന്ന് നമ്മളെക്കൊണ്ട് ഏറ്റവുമധികം തോന്നിപ്പിച്ച വർഷങ്ങളിലൊന്നാണ് കടന്നു പോകുന്നത്. ആർട്ടിഫീഷ്യൽ ഇൻ്റലിജൻസ് നമ്മുടെ നിത്യജീവിതത്തിന്റെ വലിയ ഭാഗമായത് മുതൽ രാജ്യത്തുണ്ടായ വിലക്കയറ്റം വരെ ഇതിൽപ്പെടുന്നു. സ്വർണ വില ചരിത്രത്തിലാദ്യമായി ലക്ഷം കടന്നുവെന്ന വലിയ മാറ്റവും ഇതോടൊപ്പമുണ്ട്. സാധാരണക്കാരെ സംബന്ധിച്ചു വന്ന മറ്റൊരു പ്രധാന കാര്യം പാൻ കാർഡ്, ആധാർ കാർഡ്, പാസ്‌പോർട്ട് തുടങ്ങിയ ഡോക്ക്യുമെന്റുകളുമായി ബന്ധപ്പെട്ട് വന്ന അപ്ഡേഷനുകളും നിയമപരമായ മാറ്റങ്ങളുമാണ്. 2025 ൽ ഇവയിലോരോന്നിലും വന്ന സുപ്രധാന മാറ്റങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം..
2025ലെ കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനമനുസരിച്ച് പാൻ കാർഡും (PAN) ആധാർ (Aadhaar) ഉം തമ്മിൽ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കി. എല്ലാ പാൻ കാർഡ് ഉടമകളും 2025 ഡിസംബർ 31നകം തന്നെ ഇത് ചെയ്തിരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. അല്ലാത്ത പക്ഷം 2026 ജനുവരി 1 മുതൽ ലിങ്ക് ചെയ്തിട്ടില്ലാത്ത പാൻ കാർഡ് പ്രവർത്തന രഹിതമാകും എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സിബിഡിടി ( Central Board of Direct Taxes) ആണ് ഇത് സംബന്ധിച്ച ചട്ടങ്ങൾ പുറത്തിറക്കിയത്. ഇങ്ങനെ സംഭവിച്ചാൽ ഉപഭോക്താക്കളുടെ ഐ ടി ആർ ഫയൽ ചെയ്യുന്നതിലുള്ള സാങ്കേതിക തടസം മുതൽ നികുതി റീഫണ്ടിംഗ്, ടിഡിഎസിനെ വരെ ബാധിച്ചേക്കും. ഇത് കൂടാതെ പുതുതായി പാൻ കാർഡ് അപേക്ഷിക്കുന്നവർക്ക് ആധാർ അധിഷ്ഠിത പരിശോധന നിർബന്ധമാക്കിയിട്ടുമുണ്ട്. അതായത് പാൻ കാർഡിന് അപേക്ഷിക്കും മുൻപ് ആധാർ കാർഡിലെ വിവരങ്ങൾ കൃത്യമാക്കി വച്ചില്ലെങ്കിൽ പണി കിട്ടുമെന്നർത്ഥം.
ഈ വർഷം ആധാർ അപ്ഡേറ്റ് നടപടികൾ പൂർണമായും ഡിജിറ്റൽ ആക്കിയതായി UIDAI (Unique Identification Authority of India) അറിയിച്ചിരുന്നു. ഇതോടെ പേര്, വിലാസം, ജനന തീയതി, മൊബൈൽ നമ്പർ പോലുള്ള അടിസ്ഥാന വിവരങ്ങൾ അക്ഷയ സെന്ററിൽ പോകാതെ, ഓൺലൈനായിത്തന്നെ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
ആധാർ- ചാർജുകൾ
പേരോ വിലാസമോ മൊബൈൽ നമ്പറോ അപ്‌ഡേറ്റ് ചെയ്യാൻ 75 രൂപ, ബയോമെട്രിക്ക് അപ്‌ഡേറ്റിന് 125 രൂപ എന്നിങ്ങനെയാണ് സർവ്വീസ് ചാർജ് ഈടാക്കുന്നത്. കുട്ടികൾക്ക് (5-7 & 15-17 വയസ്) സൗജന്യമായി ബയോമെട്രിക് അപ്‌ഡേറ്റ് നടത്താവുന്നതാണ്. ആധാർ റീ പ്രിന്റ് ചെയ്യാൻ 40 രൂപയുമാണ് സർവ്വീസ് ചാർജായി ഈടാക്കുന്നത്. ഓൺലൈൻ ഡോക്യുമെന്റ് അപ്‌ഡേറ്റുകൾ 2026 ജൂൺ 14 വരെ സൗജന്യമായി ചെയ്യാവുന്നതാണ്. പിന്നീട് ചാർജ് ഈടാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പാസ്പോർട്ടെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
പാസ്‌പോർട്ട് നിയമത്തിലും ചില പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2025 ലെ പുതുക്കിയ നിയമങ്ങൾ Passport (Amendment) Rules, 2025 പ്രകാരം 2023 ഒക്ടോബർ 1 ന് ശേഷം ജനിച്ച ആളുകൾക്ക് പാസ്പോർട്ടിന് അപേക്ഷിക്കാൻ ജനന തീയതി തെളിയിക്കാൻ ബെർത്ത് സർട്ടിഫിക്കറ്റ് മാത്രമേ അംഗീകരിക്കൂ എന്ന വ്യവസ്ഥയുണ്ട്. ഇതിന് മുൻപ് ജനിച്ചവരുടെ ജനനത്തീയതി തെളിയിക്കാൻ എസ്എസ്എൽസി, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ രേഖകളും സമർപ്പിക്കാനാകും. പാസ്പോർട്ടുകളിലെ റെസിഡെൻഷ്യൽ അഡ്രസ് വിവരങ്ങൾ അവസാന പേജിൽ അച്ചടിച്ച് നൽകാതെ, ബാർകോഡ് ഡിജിറ്റൽ എൻകോഡ് ചെയ്ത് സംരക്ഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്.