വില്‍ക്കാതെ തന്നെ സ്വര്‍ണം കാശാക്കാം; പെട്ടെന്ന് പണം കയ്യിൽക്കിട്ടും, കേരളത്തിൽ സ്വർണപ്പണയത്തിന് വൻ ഡിമാന്റ്

Published : Mar 20, 2026, 03:18 PM IST
Gold Loan

Synopsis

സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണം വിൽക്കുന്നതിന് പകരം പണയം വെക്കുന്ന രീതിയിലേക്ക് മലയാളികൾ മാറുകയാണ്. എന്തു കൊണ്ടാണ് സ്വർണപ്പണയത്തിന് ഇത്ര പ്രിയമെന്നും പണയമെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും നോക്കാം…

മലയാളികളുടെ വീടുകളില്‍ സ്വര്‍ണ്ണം എക്കാലത്തും വലിയൊരു കരുതല്‍ ധനമാണ്. അലമാരകളിലെയും ബാങ്കുകളിലെയും ലോക്കറുകളില്‍ സുരക്ഷിതമായി ഇരിക്കുന്ന ഈ സ്വര്‍ണ്ണം, വിശേഷ ദിവസങ്ങളില്‍ മാത്രമാണ് പലപ്പോഴും പുറത്തെടുക്കാറുള്ളത്. എന്നാല്‍ സമീപകാലത്തായി കാര്യങ്ങളില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി വരുമ്പോള്‍ സ്വര്‍ണ്ണം വില്‍ക്കുന്നതിന് പകരം, പണയം വെച്ച് കാശെടുക്കുന്ന രീതിയിലേക്ക് ആളുകള്‍ മാറിക്കഴിഞ്ഞു. ദീര്‍ഘകാല നിക്ഷേപങ്ങളെ തൊടാതെ തന്നെ, വളരെ വേഗത്തില്‍ പണം കണ്ടെത്താനുള്ള എളുപ്പ വഴിയായി സ്വര്‍ണ്ണപ്പണയം ഇന്ന് മാറിയിരിക്കുന്നു.

എന്തുകൊണ്ട് സ്വര്‍ണപ്പണയത്തിന് ഇത്ര പ്രിയം?

പെട്ടെന്ന് പണം കിട്ടും: പേഴ്‌സണല്‍ ലോണുകളെയും ബിസിനസ് ലോണുകളെയും അപേക്ഷിച്ച് പേപ്പർ വർക്ക് വളരെ കുറവാണ്. കൈവശമുള്ള സ്വര്‍ണം നേരിട്ട് നല്‍കുന്നതിനാല്‍ ബാങ്കുകള്‍ക്കും വായ്പ നല്‍കാന്‍ വലിയ മടിയുണ്ടാകില്ല. പലപ്പോഴും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പണം കൈകളില്‍ എത്തും.

കുറഞ്ഞ പലിശ നിരക്ക്: മറ്റ് വ്യക്തിഗത ലോണുകളെ അപേക്ഷിച്ച് സ്വര്‍ണ്ണപ്പണയത്തിന് പലിശ നിരക്ക് കുറവാണ്. കുറഞ്ഞ കാലത്തേക്ക് മാത്രമാണ് പണം ആവശ്യമെങ്കില്‍ ഇത് ലാഭകരമാണ്.

മാറുന്ന ചിന്താഗതി: മുന്‍പൊക്കെ വേറെ വഴിയില്ലാത്തപ്പോള്‍ മാത്രമാണ് ആളുകള്‍ സ്വര്‍ണം വിറ്റിരുന്നത്. എന്നാല്‍ ഇന്ന് സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം നഷ്ടപ്പെടുത്താതെ തന്നെ, അത് പണയം വെച്ച് കാര്യം സാധിക്കാന്‍ ആളുകള്‍ തയ്യാറാണ്.

പെട്ടെന്ന് ആവശ്യം വരുമ്പോൾ…

താല്‍ക്കാലികമായി പണം ആവശ്യമായി വരികയും, അത് കൃത്യമായി എപ്പോള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കുമെന്ന് ഉറപ്പുള്ളപ്പോഴാണ് സ്വര്‍ണപ്പണയം ഏറ്റവും ഉപകാരപ്പെടുന്നത്. കൃത്യസമയത്ത് തിരിച്ചടച്ചില്ലെങ്കില്‍ സ്വര്‍ണം ലേലത്തില്‍ പോകും എന്നതാണ് ഇതിലെ പ്രധാന റിസ്‌ക്.

ഓഹരി വിപണിയിലോ മ്യൂച്വല്‍ ഫണ്ടിലോ ഉള്ള നിക്ഷേപങ്ങള്‍ നഷ്ടത്തില്‍ വില്‍ക്കാന്‍ താല്പര്യമില്ലാത്ത സമയത്തും സ്വര്‍ണപ്പണയം ഉപകരിക്കും. വിപണി താഴോട്ടായിരിക്കുന്ന സമയത്ത് ഇത്തരം നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നത് വലിയ നഷ്ടമുണ്ടാക്കും. ഈ സമയത്ത് സ്വര്‍ണം പണയം വെച്ച് പണം കണ്ടെത്തുന്നത് ആശ്വാസം നല്‍കും. കൂടാതെ, ചെറുകിട കച്ചവടക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും മറ്റ് ലോണുകള്‍ പെട്ടെന്ന് കിട്ടാത്ത സാഹചര്യങ്ങളില്‍ പ്രവര്‍ത്തന മൂലധനമായി ഉപയോഗിക്കാനും ഇത് സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പലിശ നിരക്കിലെ വ്യത്യാസം: സ്ഥാപനങ്ങളെയും തിരിച്ചടവ് രീതികളെയും ആശ്രയിച്ച് പലിശ നിരക്കില്‍ വ്യത്യാസമുണ്ടാകും. കുറഞ്ഞ പലിശ നിരക്കുകള്‍ക്ക് ചിലപ്പോള്‍ കര്‍ശന വ്യവസ്ഥകളുണ്ടാകും. കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന ലോണുകള്‍ക്ക് പലിശ കൂടുതലാകാനും സാധ്യതയുണ്ട്.

ഹിഡൻ ചാര്‍ജുകള്‍: തുടക്കത്തില്‍ നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ചില ചെറിയ ചാര്‍ജുകളുണ്ട്. പ്രോസസിംഗ് ഫീസ്, വാല്യുവേഷന്‍ ചാര്‍ജുകള്‍, തിരിച്ചടവ് വൈകിയാലുള്ള പിഴ എന്നിവയൊക്കെ ഇതില്‍പ്പെടും. ഇവ പിന്നീട് ബാധ്യതയായേക്കാം.

വൈകാരിക മൂല്യം: മറ്റ് ലോണുകളില്‍ നിന്ന് വ്യത്യസ്തമായി, വൈകാരികമായ അടുപ്പമുള്ള ഒന്നാണ് സ്വര്‍ണം. തിരിച്ചടവ് മുടങ്ങിയാല്‍ ആഭരണങ്ങള്‍ ലേലത്തില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇത് സാമ്പത്തിക നഷ്ടത്തേക്കാള്‍ ഉപരി വലിയ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും.

PREV
Read more Articles on
click me!

Recommended Stories

സാമ്പത്തിക വര്‍ഷം തീരാൻ ദിവസങ്ങൾ ബാക്കി; മാര്‍ച്ച് 31ന് മുന്‍പ് മറക്കാതെ ചെയ്യാൻ 5 കാര്യങ്ങൾ
മൊബൈൽ നമ്പർ, ഇമെയിൽ ഐഡി മാറ്റേണ്ടി വന്നാലോ? 'മാസ്റ്റർ കീ' ആണ് മാറുന്നത്, സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധ വേണം!