ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ കണ്ണുമടച്ച് പ്രീമിയം അടയ്ക്കല്ലേ; അറിയേണ്ടത് 5 കാര്യങ്ങള്‍

Published : Oct 15, 2026, 03:43 PM IST
Health Insurance

Synopsis

ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കുന്നതിന് മുൻപ് കവറേജ് തുക, പ്രീമിയം വർദ്ധനവ്, മറ്റ് നിബന്ധനകൾ എന്നിവ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ആശുപത്രികളുടെ ലിസ്റ്റ് ഉറപ്പുവരുത്താനും ആവശ്യമെങ്കിൽ പോളിസി പോർട്ട് ചെയ്യാനും ഈ സമയം ഉപയോഗപ്പെടുത്തണം. ഇത് ഭാവിയിലെ വലിയ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാൻ സഹായിക്കും.

വര്‍ഷാവര്‍ഷം ഹെല്‍ത്ത് പോളിസി പുതുക്കാനുള്ള സന്ദേശം വരുമ്പോള്‍ പ്രീമിയം തുക അടച്ച് അടുത്ത വര്‍ഷത്തേക്ക് മറക്കുകയാണ് പലരുടെയും പതിവ്. എന്നാല്‍ പണം അടയ്ക്കുന്നതിന് മുന്‍പ് പോളിസി എന്തൊക്കെ ഉള്‍ക്കൊള്ളുന്നു എന്ന് പരിശോധിക്കുന്നത് വളരെ പ്രധാനമാണ്. ചെറുപ്പകാലത്തോ കുടുംബത്തില്‍ ഉത്തരവാദിത്തങ്ങള്‍ കുറവായിരുന്നപ്പോഴോ എടുത്ത പ്ലാന്‍ ഇന്നത്തെ അവസ്ഥയ്ക്ക് പര്യാപ്തമാകണമെന്നില്ല.

പുതുക്കുന്ന ഈ സമയം ആശുപത്രികളുടെ ലിസ്റ്റ് പരിശോധിക്കാനും പ്രീമിയം വര്‍ദ്ധനവ് വിലയിരുത്താനും നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ കവറാണോ ലഭിക്കുന്നത് എന്ന് ഉറപ്പുവരുത്താനുമുള്ള അവസരമാണ്. ഈ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ വിട്ടാല്‍, കുടുംബത്തിലെ ആര്‍ക്കെങ്കിലും ആശുപത്രി ചികിത്സ ആവശ്യമായി വരുമ്പോള്‍ അത് വലിയ സാമ്പത്തിക ബാധ്യതയായി മാറിയേക്കാം.

ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട 5 കാര്യങ്ങള്‍ താഴെ പറയുന്നവയാണ്.

1. ഇന്‍ഷുറന്‍സ് തുക ഇപ്പോഴും പര്യാപ്തമാണോ?

അഞ്ച് ലക്ഷം രൂപയുടെ പോളിസി ഒരുപക്ഷേ നിങ്ങള്‍ ആദ്യം എടുക്കുമ്പോള്‍ ധാരാളമായി തോന്നിയിട്ടുണ്ടാകാം. എന്നാല്‍ ഇന്നത്തെ ആശുപത്രി ചെലവുകള്‍ വെച്ചു നോക്കുമ്പോള്‍, പ്രത്യേകിച്ച് ശസ്ത്രക്രിയയ്‌ക്കോ നീണ്ട ആശുപത്രിവാസത്തിനോ ശേഷം ആ തുക വളരെ ചെറുതായി തോന്നാം.

കുടുംബത്തിന്റെ ഇന്നത്തെ ആരോഗ്യ ആവശ്യങ്ങളും നിങ്ങളുടെ നഗരത്തിലെ ചികിത്സാ ചെലവുകളും പരിശോധിക്കുക. കവറേജ് തുക കൂട്ടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ലഭ്യമായ ഓപ്ഷനുകളെക്കുറിച്ചും അധിക പ്രീമിയത്തെക്കുറിച്ചും ചോദിക്കുക. തുക വര്‍ദ്ധിപ്പിക്കുന്ന ഭാഗത്തിന് പുതിയ വെയിറ്റിങ് പിരീഡോ മറ്റ് നിബന്ധനകളോ ബാധകമായേക്കാം.

2. പ്രീമിയം എന്ത്‌കൊണ്ട് കൂടി എന്ന് അന്വേഷിക്കുക

പ്രായം, ഇന്‍ഷുറന്‍സ് കമ്പനിയുടെ നിരക്ക്, പോളിസിയിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം പ്രീമിയം കൂടാന്‍ കാരണമാകാം. വര്‍ദ്ധനവ് വ്യക്തമല്ലെങ്കില്‍ കമ്പനിയോട് വിശദീകരണം ചോദിക്കുക.

3. ശ്രദ്ധിക്കാതെ പോകുന്ന നിബന്ധനകള്‍

പലരും സം ഇന്‍ഷുര്‍ ചെയ്ത തുകയും പ്രീമിയവും മാത്രം നോക്കി പോളിസി വ്യവസ്ഥകള്‍ വായിക്കാതെ വിടുകയാണ് പതിവ്. ഇത് വലിയൊരു അബദ്ധമാണ്. പോളിസിയില്‍ റൂം റെന്റ് ലിമിറ്റുകള്‍, ചികിത്സാ വിഭാഗം തിരിച്ചുള്ള സബ്-ലിമിറ്റുകള്‍, അല്ലെങ്കില്‍ ക്ലെയിമിനെ ബാധിക്കുന്ന ഒഴിവാക്കലുകള്‍ എന്നിവ ഉണ്ടോ എന്ന് പരിശോധിക്കുക.

4. സൗകര്യമുള്ള ആശുപത്രികള്‍ ലിസ്റ്റിലുണ്ടോ എന്ന് നോക്കുക

കഴിഞ്ഞ വര്‍ഷം ക്യാഷ്ലെസ് ചികിത്സ ലഭിച്ച ആശുപത്രി ഈ വര്‍ഷവും അതേ ഇന്‍ഷുറന്‍സ് കമ്പനിയുടെ ലിസ്റ്റില്‍ ഉണ്ടാകണമെന്നില്ല. പ്രത്യേകിച്ച് നിങ്ങള്‍ വീടോ നഗരമോ മാറിയിട്ടുണ്ടെങ്കില്‍ പുതിയ ലിസ്റ്റ് പരിശോധിക്കുക.

5. പോളിസി മാറ്റാന്‍ സമയമെടുക്കുക

നിലവിലെ പോളിസിയില്‍ തൃപ്തനല്ലെങ്കില്‍ പുതുക്കുന്നതിന് മുന്‍പ് മറ്റു പ്ലാനുകള്‍ താരതമ്യം ചെയ്യുക. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റി വഴി വെയിറ്റിങ് പിരീഡ് ആനുകൂല്യങ്ങള്‍ മറ്റൊരു കമ്പനിയിലേക്ക് മാറ്റാന്‍ സാധിക്കും.

PREV
Read more Articles on
click me!

Recommended Stories

പഴയ വീട് വാങ്ങാന്‍ പ്ലാനുണ്ടോ? കീശ കീറാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ അറിയാം
വീടോ ഫ്ലാറ്റോ വാങ്ങാൻ പ്ലാൻ ഉണ്ടോ? ഉറപ്പായും അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ; അല്ലെങ്കില്‍ പോക്കറ്റ് കീറും