ഒന്നിലധികം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളുണ്ടോ? ആശുപത്രി ബില്‍ തുക കൂടിയാല്‍ ക്ലെയിം ചെയ്യേണ്ടത് എങ്ങനെ?

Published : Jun 10, 2026, 05:37 PM IST
Health Insurance

Synopsis

ഒരാൾക്ക് ഒന്നിലധികം മെഡിക്കൽ ഇൻഷുറൻസ് പോളിസികൾ കൈവശം വെക്കാൻ നിയമം അനുവദിക്കുന്നുണ്ട്. ഒരു പോളിസിയുടെ കവറേജ് തുകയേക്കാൾ ആശുപത്രി ബിൽ കൂടുമ്പോൾ, ബാക്കി തുകയ്ക്കായി രണ്ടാമത്തെ ഇൻഷുറൻസ് കമ്പനിയെ സമീപിക്കാവുന്നതാണ്. ഏത് കമ്പനിയിൽ നിന്ന് ആദ്യം ക്ലെയിം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം പോളിസി ഉടമയ്ക്കാണ്.

പെട്ടെന്നൊരു അസുഖം വന്ന് ആശുപത്രിയിലാകുമ്പോള്‍ വരുന്ന ബില്‍ തുക ചിലപ്പോള്‍ നമ്മുടെ കൈവശമുള്ള ഒറ്റ ഇന്‍ഷുറന്‍സ് പോളിസിയുടെ പരിധിയേക്കാള്‍ വളരെ കൂടുതലായിരിക്കാം. എന്നാല്‍ നിങ്ങളുടെ പക്കല്‍ ഒന്നിലധികം ഇന്‍ഷുറന്‍സ് പോളിസികള്‍ ഉണ്ടെങ്കില്‍ (വ്യക്തിഗത പോളിസി, ഫാമിലി ഫ്‌ലോട്ടര്‍, അല്ലെങ്കില്‍ ജോലി ചെയ്യുന്ന കമ്പനി നല്‍കുന്ന ഇന്‍ഷുറന്‍സ്) ഈ അധിക തുക സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കേണ്ടി വരില്ല. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി നിയമപ്രകാരം ഒരാള്‍ക്ക് ഒന്നിലധികം മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഒരേസമയം കൈവശം വയ്ക്കാന്‍ അനുവാദമുണ്ട്.

ഒരു പോളിസിയുടെ കവറേജ് തുകയേക്കാള്‍ കൂടുതലാണ് ആശുപത്രി ബില്ലെങ്കില്‍, ഒരേ ചികിത്സയ്ക്ക് തന്നെ രണ്ട് വ്യത്യസ്ത ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നായി ക്ലെയിം തുക വിഭജിച്ച് വാങ്ങാന്‍ ഈ നിയമം അനുവദിക്കുന്നു. എന്നാല്‍ പലപ്പോഴും പോളിസി ഉടമകള്‍ തങ്ങള്‍ക്ക് ഒന്നിലധികം പോളിസികള്‍ ഉള്ള കാര്യം ഇന്‍ഷുറന്‍സ് കമ്പനികളെ അറിയിക്കാറില്ല. അല്ലെങ്കില്‍ ക്ലെയിം അപേക്ഷ സമര്‍പ്പിക്കാന്‍ വൈകുകയും, ആദ്യത്തെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള ക്ലെയിം സെറ്റില്‍മെന്റ് ലെറ്റര്‍ കൈപ്പറ്റാന്‍ വിട്ടുപോവുകയും ചെയ്യാറുണ്ട്. ഒന്നിലധികം പോളിസികള്‍ ഉള്ളവര്‍ ക്ലെയിം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

ഏത് കമ്പനിയില്‍ നിന്ന് ആദ്യം ക്ലെയിം ചെയ്യണം?

ഒന്നിലധികം ഇന്‍ഷുറന്‍സ് പോളിസികള്‍ ഉണ്ടെങ്കില്‍, അതില്‍ ഏത് കമ്പനിയില്‍ നിന്ന് ആദ്യം ക്ലെയിം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ അവകാശം നിങ്ങള്‍ക്കുണ്ട്. ആദ്യത്തെ പോളിസിയുടെ പരിധിക്കുള്ളിലാണ് ക്ലെയിം തുകയെങ്കില്‍, മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളുമായി തുക പങ്കിടാന്‍ നിങ്ങളെ നിര്‍ബന്ധിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് സാധിക്കില്ല. കമ്പനി നല്‍കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സും വ്യക്തിഗത പോളിസികളും ഫാമിലി ഫ്‌ലോട്ടറുകളും ഒരുമിച്ചുള്ളവര്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടും. ആദ്യ പോളിസിയിലെ ഡിഡക്റ്റിബിളുകളും കോ-പെയ്മെന്റുകളും കിഴിച്ചതിനു ശേഷമുള്ള ചികിത്സാ ചെലവ് ആ പോളിസിയുടെ പരിധിയേക്കാള്‍ കൂടുതലാണെങ്കില്‍, ബാക്കി തുകയ്ക്കായി രണ്ടാമത്തെ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിക്കാം. എന്നാല്‍ എല്ലാ പോളിസികളില്‍ നിന്നും കൂടി ലഭിക്കുന്ന ആകെ തുക നിങ്ങളുടെ യഥാര്‍ത്ഥ ആശുപത്രി ചെലവിനേക്കാള്‍ കൂടാന്‍ പാടില്ല.

എന്താണ് ക്ലെയിം സ്പ്ലിറ്റിങ്?

ആദ്യത്തെ ഇന്‍ഷുറന്‍സ് കമ്പനി അവരുടെ പോളിസി വ്യവസ്ഥകള്‍ അനുസരിച്ച് പരമാവധി കവറേജ് തുകയോ അല്ലെങ്കില്‍ അനുവദനീയമായ ക്ലെയിം തുകയോ (ഏതാണോ കുറവ് അത്) നല്‍കും. ബാക്കി വരുന്ന തുകയ്ക്കായി പോളിസി ഉടമയ്ക്ക് രണ്ടാമത്തെ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിക്കാം. ഈ സാഹചര്യത്തില്‍, ആദ്യത്തെ കമ്പനി നല്‍കിയ ക്ലെയിം സെറ്റില്‍മെന്റ് ലെറ്ററും ഒപ്പം മറ്റ് ആവശ്യമായ അസ്സല്‍ രേഖകളുടെ പകര്‍പ്പുകളും രണ്ടാമത്തെ കമ്പനി സ്വീകരിക്കേണ്ടതുണ്ട്. തുടര്‍ന്ന് രണ്ടാമത്തെ പോളിസിയുടെ നിയമങ്ങളും വ്യവസ്ഥകളും കവറേജുകളും ഒഴിവാക്കലുകളുംഅനുസരിച്ച് ബാക്കി തുക വിലയിരുത്തി അനുവദിക്കും.

PREV
Read more Articles on
click me!

Recommended Stories

ചെറിയ ശമ്പളമായാലും ശരി, കാശുണ്ടാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട! കൃത്യമായ പ്ലാനിങ് മതി; എസ്ഐപിയിൽ തുടങ്ങാം
'ക്രെഡിറ്റ് കാർഡ് ലോൺ അപ്രൂവ്ഡ്'! ഫോണിൽ ഇടക്കിടെ മെസേജ് വരാറുണ്ടോ? ഓടിച്ചാടി എടുക്കും മുൻപ് ഇക്കാര്യങ്ങൾ അറിയാം