ക്രെഡിറ്റ് സ്‌കോര്‍ ചെക്ക് ചെയ്തോ? 700 ൽ താഴെയാണോ? നിങ്ങളെ കാത്തിരിക്കുന്നത് എന്ത്? വിട്ടുപോവരുത് ഇക്കാര്യങ്ങൾ!

Published : Apr 13, 2026, 01:04 PM IST
credit score

Synopsis

ക്രെഡിറ്റ് സ്‌കോര്‍ 700 ല്‍ താഴെയാകുന്നത് വായ്പാ വിപണിയിൽ നിങ്ങളുടെ മുൻഗണന കുറയ്ക്കുന്നതിന്റെ മുന്നറിയിപ്പാണ്. ഇത് പലിശ നിരക്ക് വർധിക്കുന്നതിനും, ഭവന വായ്പകൾക്ക് കടുത്ത നിബന്ധനകൾ വരുന്നതിനും, മികച്ച ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നതിനും കാരണമാകും. സാമ്പത്തിക അച്ചടക്കത്തിലൂടെ സ്കോർ മെച്ചപ്പെടുത്താൻ സാധിക്കും. 

വായ്പയെടുക്കുമ്പോള്‍ നമ്മള്‍ ഏറ്റവും അധികം കേള്‍ക്കുന്ന ഒരു വാക്കാണ് 'ക്രെഡിറ്റ് സ്‌കോര്‍'. സാധാരണഗതിയില്‍ സ്‌കോര്‍ 700ന് താഴേക്ക് പോകുമ്പോള്‍ ഒറ്റ രാത്രി കൊണ്ട് വലിയ മാറ്റങ്ങളൊന്നും അനുഭവപ്പെട്ടെന്നു വരില്ല. എങ്കിലും, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിങ്ങളെ നോക്കിക്കാണുന്ന രീതിയില്‍ ഈ ഘട്ടത്തില്‍ ചില പ്രധാന മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.

ക്രെഡിറ്റ് സ്‌കോര്‍ 700 ന് താഴെയെത്തുന്നത് ഒരു അപകട സൂചനയല്ലെങ്കിലും, വായ്പാ വിപണിയില്‍ നിങ്ങളുടെ മുന്‍ഗണന കുറയുന്നു എന്നതിന്റെ മുന്നറിയിപ്പാണിത്. ഇതിന്റെ പ്രധാന പ്രത്യാഘാതങ്ങള്‍ താഴെ പറയുന്നവയാണ്:

1. പലിശ നിരക്ക് വര്‍ധിക്കും

സ്‌കോര്‍ 700 ന് താഴെയാകുന്നതോടെ ബാങ്കുകള്‍ നിങ്ങളെ ഒരു 'കുറഞ്ഞ റിസ്‌കുള്ള' ഇടപാടുകാരനായല്ല പരിഗണിക്കുക. ഇതിന്റെ ഫലമായി വ്യക്തിഗത വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും പലിശ നിരക്ക് അല്പം വര്‍ധിച്ചേക്കാം. ഒറ്റനോട്ടത്തില്‍ ചെറിയൊരു ശതമാനത്തിന്റെ വര്‍ധനവായി തോന്നാമെങ്കിലും, വായ്പയുടെ കാലാവധി തീരുമ്പോഴേക്കും വലിയൊരു തുക അധികമായി അടയ്‌ക്കേണ്ടി വരും.

2. ഭവന വായ്പകളില്‍ തിരിച്ചടി

ഭവന വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ക്ക് ഏറ്റവും താല്‍പ്പര്യം 750 ന് മുകളില്‍ സ്‌കോര്‍ ഉള്ളവരെയാണ്. സ്‌കോര്‍ 700 ന് താഴെയാകുമ്പോള്‍ കുറഞ്ഞ പലിശയ്ക്കായി ബാങ്കുമായി വിലപേശാനുള്ള നിങ്ങളുടെ ശേഷി കുറയുന്നു. വായ്പ ലഭിക്കുമെങ്കിലും, കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ബാങ്കുകള്‍ ആവശ്യപ്പെടുകയും പരിശോധനകള്‍ കര്‍ക്കശമാക്കുകയും ചെയ്‌തേക്കാം. ഇത് വായ്പ അനുവദിക്കുന്നത് വൈകാന്‍ കാരണമാകും.

3. ക്രെഡിറ്റ് കാര്‍ഡ് ആനുകൂല്യങ്ങള്‍ കുറയും

മികച്ച റിവാര്‍ഡുകളും ആനുകൂല്യങ്ങളുമുള്ള പ്രീമിയം ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കാന്‍ പ്രയാസമായിരിക്കും. പകരം കുറഞ്ഞ പരിധിയുള്ള സാധാരണ കാര്‍ഡുകളാകും ലഭിക്കുക. നിലവിലുള്ള കാര്‍ഡിന്റെ ലിമിറ്റ് വര്‍ധിപ്പിക്കാന്‍ അപേക്ഷിച്ചാലും ബാങ്കുകള്‍ വിമുഖത കാട്ടിയേക്കാം.

4. സൂക്ഷ്മമായ നിരീക്ഷണം

നിങ്ങളുടെ സാമ്പത്തിക സ്വഭാവം ബാങ്കുകള്‍ കൂടുതല്‍ ശ്രദ്ധയോടെ നിരീക്ഷിക്കാന്‍ തുടങ്ങും. തവണകള്‍ തെറ്റിക്കുന്നത്, പരിധിയില്‍ കൂടുതല്‍ ക്രെഡിറ്റ് ഉപയോഗിക്കുന്നത്, അടിക്കടി വായ്പയ്ക്കായി അപേക്ഷിക്കുന്നത് എന്നിവ നിങ്ങളുടെ സ്‌കോറിനെ കൂടുതല്‍ ദോഷകരമായി ബാധിക്കും.

തിരിച്ചുകയറാന്‍ പ്രയാസമില്ല

ക്രെഡിറ്റ് സ്‌കോര്‍ 700 ന് താഴെ പോകുന്നത് കൊണ്ട് ഇനിയൊരിക്കലും നിങ്ങൾക്ക് വായ്പ ലഭിക്കാൻ സാധ്യതയില്ല എന്നൊന്നും കണക്കുകൂട്ടരുത്. മറിച്ച് വായ്പയുടെ ചെലവ് വര്‍ധിക്കുമെന്നാണ്. കൃത്യസമയത്ത് തിരിച്ചടവ് നടത്തുകയും അനാവശ്യ വായ്പകള്‍ ഒഴിവാക്കുകയും ചെയ്താല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്‌കോര്‍ തിരിച്ചുപിടിക്കാനാകും.

ചുരുക്കത്തില്‍, ക്രെഡിറ്റ് സ്കോർ 720 ഉം 680 സ്‌കോറും തമ്മിലുള്ള വ്യത്യാസം വായ്പ ലഭിക്കുമോ ഇല്ലയോ എന്നതല്ല, മറിച്ച് എത്ര എളുപ്പത്തിലും എത്ര കുറഞ്ഞ ചിലവിലും അത് ലഭിക്കുമെന്നതാണ്. അതുകൊണ്ട് സ്‌കോര്‍ 700-ന് താഴെ പോകാതെ സൂക്ഷിക്കുന്നത് സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമാണ്.

PREV
Read more Articles on
click me!

Recommended Stories

ആരോഗ്യ ഇന്‍ഷുറന്‍സ് ഇനി കൂടുതല്‍ ലളിതം; പരാതികള്‍ കുറയ്ക്കാന്‍ ഐആര്‍ഡിഎഐയുടെ നിര്‍ണ്ണായക നീക്കം
ഭവന വായ്പ എടുക്കാന്‍ ഒരുങ്ങുകയാണോ? ഏപ്രില്‍ മാസത്തെ പലിശ നിരക്കുകള്‍ അറിയാം