
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ ബുദ്ധിമുട്ട് വരാനിരിക്കുന്നതേയുള്ളൂ....ഏറ്റവുമൊടുവിലിതാ കോള്‍ഗേറ്റ് -പാമോലീവ് ഇന്ത്യ തങ്ങളുടെ ടൂത്ത്പേസ്റ്റ് പാക്കുകളുടെ വില വര്‍ദ്ധിപ്പിച്ചു. 4 മുതല്‍ 5 ശതമാനം വരെയുള്ള വര്‍ദ്ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെയും പാക്കിങ് സാമഗ്രികളുടെയും വില കുത്തനെ ഉയര്‍ന്നതാണ് ടൂത്ത്‌പേസ്റ്റുകളുടെ വില കൂട്ടാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. ജനപ്രിയ ബ്രാന്‍ഡുകളായ കോള്‍ഗേറ്റ് ഡെന്റല്‍ ക്രീം, മാക്‌സ് ഫ്രഷ്, വിസിബിള്‍ വൈറ്റ് എന്നിവയുടെ വിവിധ പാക്കുകള്‍ക്കാണ് വില കൂട്ടിയിരിക്കുന്നത്.
എഫ്എംസിജി കമ്പനികള്‍ നേരിടുന്ന കടുത്ത അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് ഈ മാറ്റത്തിന് കാരണം. കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍, പ്ലാസ്റ്റിക് എന്നിവയുടെ വില ഉയര്‍ന്നതും ചരക്കുനീക്കത്തിനുള്ള ചെലവ് വര്‍ദ്ധിച്ചതും കമ്പനികളുടെ ലാഭത്തെ ബാധിക്കുന്നുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
കമ്പനിയുടെ നാലാം പാദ സാമ്പത്തിക ഫലങ്ങള്‍ പുറത്തുവിട്ട സമയത്ത് തന്നെ, അസംസ്‌കൃത വസ്തുക്കളുടെ വില നിലവാരം അനുസരിച്ച് ഉല്‍പ്പന്നങ്ങളുടെ വില കൂട്ടുകയോ പാക്കുകളുടെ വലിപ്പം പുനഃക്രമീകരിക്കുകയോ ചെയ്യുമെന്ന് കോള്‍ഗേറ്റ് മാനേജ്മെന്റ് സൂചന നല്‍കിയിരുന്നു. ലാഭം നിലനിര്‍ത്താന്‍ വേണ്ടി വില കൂട്ടുക, പാക്കുകളുടെ വലിപ്പം കുറയ്ക്കുക തുടങ്ങിയ തന്ത്രങ്ങളാണ് എഫ്എംസിജി കമ്പനികള്‍ ഇപ്പോള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.
ഇന്ത്യന്‍ ടൂത്ത്പേസ്റ്റ് വിപണിയില്‍ കോള്‍ഗേറ്റിന് ഇപ്പോഴും ശക്തമായ ആധിപത്യമാണുള്ളത്. ഏകദേശം 45 മുതല്‍ 50 ശതമാനം വരെ വിപണി വിഹിതം കോള്‍ഗേറ്റിന് സ്വന്തമാണ്. പെപ്സോഡന്റ്, ക്ലോസ്-അപ്പ്, ഡാബര്‍ റെഡ്, സെന്‍സോഡൈന്‍, പതഞ്ജലിയുടെ ദന്തകാന്തി തുടങ്ങിയ എതിരാളികളേക്കാള്‍ വളരെ മുന്നിലാണ് കമ്പനി. കോള്‍ഗേറ്റിന്റെ ആകെ വരുമാനത്തിന്റെ 80 ശതമാനവും ലഭിക്കുന്നത് ടൂത്ത്പേസ്റ്റ് വിപണിയില്‍ നിന്നാണ്. ഏകദേശം 30 മുതല്‍ 32 ശതമാനം വരെയാണ് കമ്പനിയുടെ ലാഭവിഹിതം കോള്‍ഗേറ്റ് വില വര്‍ദ്ധിപ്പിച്ചതോടെ, ഈ മേഖലയിലെ മറ്റ് പ്രമുഖ കമ്പനികളും വരും ദിവസങ്ങളില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില കൂട്ടി ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍.