
വിവാഹശേഷം ദമ്പതികള്‍ ഒരുമിച്ച് സാമ്പത്തിക കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഉയരുന്ന പ്രധാന ചോദ്യമാണ് നിക്ഷേപങ്ങള്‍ ഒരുമിച്ച് ചെയ്യണോ അതോ സ്വന്തം പേരില്‍ മതിയോ എന്നത്. ഇതിന് എല്ലാവര്‍ക്കും അനുയോജ്യമായ ഒരൊറ്റ ഉത്തരമില്ല. ചിലര്‍ സാമ്പത്തിക കാര്യങ്ങള്‍ പൂര്‍ണ്ണമായും വേര്‍തിരിച്ച് കൈകാര്യം ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. മറ്റു ചിലരാകട്ടെ ബാങ്ക് അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും വസ്തുവകകളും ജോയിന്റ് ആയി സ്വന്തമാക്കുന്നു. ഇവ രണ്ടും കലര്‍ന്ന രീതി പിന്തുടരുന്നവരുമുണ്ട്. എന്നാല്‍, നിക്ഷേപം തുടങ്ങുന്നതിന് മുന്‍പ് ഈ തീരുമാനങ്ങള്‍ ഭാവിയില്‍ എങ്ങനെ ബാധിക്കുമെന്ന് കൃത്യമായി മനസ്സിലാക്കുക എന്നതാണ് പ്രധാനം.
കൈകാര്യം ചെയ്യാനുള്ള എളുപ്പം: ജോയിന്റ് അക്കൗണ്ട് തിരഞ്ഞെടുക്കുന്നതിന്റെ ഏറ്റവും വലിയ കാരണം അതിന്റെ സൗകര്യമാണ്. പങ്കാളികളില്‍ ഒരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍, നിക്ഷേപങ്ങളും അക്കൗണ്ടുകളും വലിയ നിയമക്കുരുക്കുകള്‍ ഇല്ലാതെ തന്നെ കൈകാര്യം ചെയ്യാന്‍ മറ്റൊരാള്‍ക്ക് എളുപ്പത്തില്‍ സാധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ രണ്ടുപേര്‍ക്കും പങ്കാളിത്തമുള്ളതിനാല്‍ ഇത് കൂടുതല്‍ സുതാര്യതയും നല്‍കുന്നു.
നികുതി ബാധ്യതകള്‍: സൗകര്യം മാത്രം നോക്കി തീരുമാനമെടുക്കരുത്. പങ്കാളിയെ ജോയിന്റ് ഹോള്‍ഡര്‍ ആക്കിയാല്‍ നികുതി ബാധ്യത പകുതിയായി കുറയുമെന്നത് ഒരു തെറ്റിദ്ധാരണയാണ്. പണത്തിന്റെ ഉറവിടം, ആരാണ് യഥാര്‍ത്ഥത്തില്‍ നിക്ഷേപം നടത്തുന്നത് എന്നിവയെ ആശ്രയിച്ചായിരിക്കും നികുതി നിശ്ചയിക്കുന്നത്.
നോമിനേഷനും വില്‍പത്രവും: നിക്ഷേപം ജോയിന്റ് ആയി തുടങ്ങിയാല്‍ പിന്നെ നോമിനിയെ വെക്കേണ്ടതില്ലോ വില്‍പത്രം തയ്യാറാക്കേണ്ടതില്ലോ എന്ന് പലരും കരുതുന്നു. എന്നാല്‍ ഇത് ശരിയല്ല. നിക്ഷേപം ഒറ്റയ്ക്കായാലും കൂട്ടായാലും കൃത്യമായ നോമിനേഷന്‍ നല്‍കുന്നതും വില്‍പത്രം തയ്യാറാക്കുന്നതും വളരെ പ്രധാനമാണ്.
ചില ദമ്പതികള്‍ നിക്ഷേപങ്ങള്‍ പ്രത്യേകം സൂക്ഷിക്കുമെങ്കിലും, പൊതുവായ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാറുണ്ട്. എന്നാല്‍ മറ്റു ചിലര്‍, ഒരേ ലക്ഷ്യത്തിനായി പണം നിക്ഷേപിക്കുമെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ സ്വന്തം പേരില്‍ തന്നെ നിക്ഷേപം തുടരുന്നു. ഇതില്‍ ശരിയോ തെറ്റോ ഇല്ല. നിങ്ങളുടെ കുടുംബത്തിന് ഏറ്റവും അനുയോജ്യമായത് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.
പങ്കാളികളില്‍ ഒരാള്‍ ജോലിയില്‍ നിന്ന് ഇടവേള എടുക്കുകയോ അല്ലെങ്കില്‍ വരുമാനം ഇല്ലാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളും നിക്ഷേപ രീതിയെ സ്വാധീനിച്ചേക്കാം. സാമ്പ്രദായിക രീതികള്‍ പിന്തുടരുന്നതിന് പകരം കുടുംബത്തിന്റെ പൊതുവായ സാമ്പത്തിക സ്ഥിതിയും ദീര്‍ഘകാല ലക്ഷ്യങ്ങളും പരിഗണിക്കുന്നതാണ് നല്ലത്. ഓര്‍ക്കുക 'മറ്റുള്ളവര്‍ അങ്ങനെയാണ് ചെയ്യുന്നത്' എന്നത് മാത്രം നോക്കി സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാതിരിക്കുക.