വരുമാനത്തിന് അനുസരിച്ചാണോ ബാങ്കുകൾ ലോൺ പാസാക്കുന്നത്? പരിഗണിക്കുന്ന പ്രധാന കാര്യങ്ങൾ എന്തൊക്കെ?

Published : Mar 10, 2026, 04:26 PM IST
Personal Loan

Synopsis

ശമ്പളം കുറവാണെങ്കിൽ ലോൺ തുക കുറയുമെന്നത് പരക്കെയുള്ള ഒരു പറച്ചിലാണ് ഇത് യഥാർത്ഥത്തിൽ ശരിയാണോ? ബാങ്കുകൾ ഒരാൾക്ക് എത്ര തുക ലോൺ നൽകണമെന്ന് തീരുമാനിക്കുന്നത് പല മാനദണ്ഡങ്ങൾ നോക്കിയാണ്. ഇത്തരകത്തിൽ അപേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

ലോണിനായി അപേക്ഷ നൽകുമ്പോൾ പലരുടെയും മുൻധാരണയിലുള്ള ഒരു കാര്യമാണ് ശമ്പളം കുറവാണെങ്കിൽ ലോൺ തുകയും അതിനനുസരിച്ച് കുറവ് മാത്രമേ ലഭിക്കുകയുള്ളൂ എന്ന്. എന്നാൽ ബാങ്കുകൾ ഒരാൾക്ക് എത്ര തുക ലോൺ നൽകണമെന്ന് തീരുമാനിക്കുന്നത് പല മാനദണ്ഡങ്ങൾ നോക്കിയാണ്. ഒരു ലോൺ ആപ്ലിക്കേഷൻ ബാങ്കിന് ലഭിക്കുമ്പോൾ അവർ ആദ്യം പരിശോധിക്കുന്നത് ഒരേയൊരു കാര്യമാണ്. ലോൺ എടുക്കുന്നയാൾക്ക് ഇഎംഐകൾ കൃത്യമായി അടക്കാനാകുമോയെന്ന്.

ഒരാളുടെ മാസവരുമാനത്തിന്റെ പരമാവധി 40-50 ശതമാനത്തിനുള്ളിൽ തന്നെ മൊത്തം ഇഎംഐകൾ നിലനിർത്തണം എന്നതിനാണ് ബാങ്കുകൾ മുൻഗണന നൽകുന്നത്. ഉദാഹരണത്തിന്, ഒരു വ്യക്തിക്ക് മാസം 60,000 രൂപ ശമ്പളം ഉണ്ടെന്ന് കരുതുക. ഇതിൽ പരമാവധി 25,000-30,000 രൂപയ്ക്ക് മുകളിലേക്ക് ഇഎംഐ കടക്കുമ്പോൾ ബാങ്കുകൾക്ക് ഇയാൾക്ക് ഇത് അടച്ചു തീർക്കാനാകുമോ എന്ന ആശങ്കയാകും. എന്നാൽ ഇതെല്ലാം തുടക്കത്തിലെ കണക്കുകൂട്ടലുകൾ മാത്രമാണ്. ബാക്കി സാമ്പത്തിക സാഹചര്യങ്ങളാണ് ബാങ്കുകളുടെ അന്തിമ തീരുമാനത്തെ കൂടുതലായി സ്വാധീനിക്കുന്നത്.

നിലവിലുള്ള ഇഎംഐകൾക്ക് ഇതിൽ വലിയ മാറ്റം വരുത്താൻ സാധിക്കും. ഒരേ ശമ്പളം ലഭിക്കുന്ന രണ്ട് ആളുകൾക്ക് ബാങ്കിൽ നിന്ന് ഒരേ ലോൺ തുക ലഭിക്കണമെന്ന് നിർബന്ധമില്ല. ഉദാഹരണത്തിന് മാസം 55,000 രൂപ ശമ്പളം ലഭിക്കുന്ന രണ്ട് പേരുണ്ടെന്ന് കരുതുക. ഒരാൾക്ക് നിലവിൽ ലോൺ ഒന്നുമില്ല എന്നാൽ ക്രെഡിറ്റ് കാർഡ് ബില്ലുകൾ എല്ലാം കൃത്യ സമയത്ത് അടച്ചു തീർക്കുന്നുവെന്ന് കരുതുക. മറ്റേയാൾ ഇതിനകം തന്നെ 15,000-20,000 രൂപ വരെ ഇഎംഐ അടക്കുന്ന വ്യക്തിയാണെന്നും കരുതുക. ആദ്യ വ്യക്തിക്ക് പുതിയ ഒരു ഇഎംഐ കൈകാര്യം ചെയ്യാൻ കൂടുതൽ സാമ്പത്തിക ഭദ്രതയുണ്ടെന്നാകും ബാങ്കിന്റെ കാഴ്ച്ചപ്പാട്. അതായത്, രണ്ടാമത്തെയാൾക്ക് ഇപ്പോൾ തന്നെ ബാധ്യത നിലനിൽക്കുന്നതിനാൽ പുതിയ ലോൺ അനുവദിക്കാൻ ബാങ്കുകൾക്ക് കൂടുതൽ സൂക്ഷ്മത കാണിക്കേണ്ടി വരുമെന്നർത്ഥം. വലിയ ലോൺ തുകക്കായി അപേക്ഷിക്കുന്നതിന് മുൻപ് ചെറിയ കടങ്ങൾ തീർക്കുന്നത് വഴി ലോൺ എളുപ്പത്തിൽ പാസ് ആവാനുള്ള സാധ്യത വർധിക്കും.

ക്രെഡിറ്റ് സ്കോറും ക്രെഡിറ്റ് ഹിസ്റ്ററിയും ഇവിടെ നിർണായകമാണ്. സാധാരണയായി 750ൽ മുകളിൽ ഉള്ള സിബിൽ സ്കോർ ഉണ്ടെങ്കിൽ അത് നല്ല സാമ്പത്തിക ശീലങ്ങളുടെ സൂചനയായി ബാങ്കുകൾ കാണും. മുൻകാലങ്ങളിൽ ഇഎംഐകളും ബില്ലുകളും കൃത്യമായി അടച്ചിട്ടുള്ളതിന്റെ തെളിവാണത്. ഇത് ബാങ്കുകൾ പോസ്റ്റീവ് ആയി കാണുകയും അതിനാൽ കൂടുതൽ ലോൺ തുകയും കുറവ് പലിശയും പരിഗണിക്കുകയും ചെയ്തേക്കാം. അതേസമയം, ക്രെഡിറ്റ് കാർഡ് ബില്ലുകൾ വൈകിയടക്കുന്നതോ, ഇഎംഐകൾ മിസ് ചെയ്യുകയോ ചെയ്യുകയോ പോലുള്ള കാര്യങ്ങൾ ബാങ്കുകളെ രണ്ടാമതൊന്ന് ആലോചിക്കാൻ പ്രേരിപ്പിക്കും.

ചെറിയ ശമ്പളമുള്ളയാൾക്കും താങ്ങാനാകുന്ന ഇഎംഐ കാലാവധിയാണെങ്കിൽ സാധ്യത കൂടും. ഉദാഹരണത്തിന്, 10 വർഷത്തേക്കുള്ള ലോൺ എടുത്താൽ ഇഎംഐ കൂടുതലായിരിക്കും. എന്നാൽ 20 അല്ലെങ്കിൽ 25 വർഷത്തേക്ക് നീട്ടിയാൽ ഇഎംഐ സംഖ്യ കുറയും. ഇഎംഐ കുറയുന്നതിനാൽ ബാങ്കുകൾക്ക് ലോൺ അനുവദിക്കാനുള്ള സാധ്യതയും കൂടും. പ്രത്യേകിച്ച് ഹോം ലോൺ മേഖലയിൽ ഇത് സാധാരണമാണ്.എന്നാൽ കാലാവധി കൂടുമ്പോൾ മൊത്തം പലിശ ചെലവും കൂടുമെന്ന കാര്യം ശ്രദ്ധിക്കണം.

ഇനി ലോണിന് അപേക്ഷിക്കുന്നതിന് വരുമാനം ആണ് പ്രശ്നമെങ്കിൽ കോ-അപ്ലിക്കന്റായി ഭാര്യയെയോ കുടുംബാംഗങ്ങളെയോ ചേർക്കുന്നത് പരിഗണിക്കാം. ഇങ്ങനെ ചെയ്താൽ ബാങ്കുകൾ ഇരുവരുടെയും സംയുക്ത വരുമാനം പരിഗണിക്കും. ഇത് വഴി ലോൺ പാസ് ആവാനുള്ള സാധ്യതയും വർധിക്കും. അതുകൊണ്ടാണ് ഇന്ന് പല ഹോം ലോണുകളും ദമ്പതികൾ ചേർന്ന് എടുക്കുന്നത്. ഇതിലൂടെ ലോൺ തുകയും വർധിക്കും. ചിലപ്പോൾ നികുതി ഇളവുകളും ഇരുവർക്കും ലഭിക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ വരുമാനത്തിനും സാമ്പത്തിക ശീലങ്ങൾക്കും ഇവിടെ ഒരേ മാർക്കാണെന്ന് സാരം.

PREV
Read more Articles on
click me!

Recommended Stories

75 കഴിഞ്ഞവര്‍ക്ക് ഇനി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടേ? പുതിയ നിയമങ്ങള്‍ പറയുന്നത് ഇങ്ങനെ!
ഇതുവരെ ചേർന്നത് 9 കോടിയിലധികം പേർ! മാസം 210 രൂപ മുതല്‍ നിക്ഷേപിക്കാം, 5000 പെന്‍ഷന്‍ ഉറപ്പ്; വന്‍ ജനപ്രീതി നേടി അടല്‍ പെന്‍ഷന്‍ യോജന