എമർജൻസി ഫണ്ട് ഓഹരി വിപണിയിൽ നിക്ഷേപിക്കാമോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

Published : Sep 28, 2025, 03:00 PM IST
how to get emergency fund

Synopsis

എമർജൻസി ഫണ്ട് വെറുതെ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കുന്നതിന് പകരം ഈ പണം ഓഹരികളിലും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കാന്‍ തീരുമാനിച്ചാൽ ലഭിക്കുന്ന ഫലം 

മർജൻസി ഫണ്ട് ഓഹരി വിപണിയിലോ മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപിക്കുന്നത് നല്ലതാണോ? ഇത് എത്രമാത്രം അപകടകരമാണെന്ന് ഓര്‍മ്മിപ്പിച്ച് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഈ അടുത്ത് ചർച്ചയായിരുന്നു. പണം വെറുതെ കിടക്കേണ്ടെന്ന് കരുതി നടത്തിയ നിക്ഷേപം ഒരു യുവതിക്ക് നല്‍കിയത് വലിയൊരു നഷ്ടവും ദുരിതവുമാണെന്ന് പോസ്റ്റില്‍ പറയുന്നു. ആറുമാസത്തെ ജീവിതച്ചെലവുകള്‍ക്കായി ഏകദേശം മൂന്ന് ലക്ഷം രൂപ യുവതി മാറ്റിവെച്ചിരുന്നു. എന്നാല്‍, വെറുതെ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കുന്നതിന് പകരം ഈ പണം ഓഹരികളിലും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കാന്‍ തീരുമാനിച്ചു. പ്രതിവര്‍ഷം 12-15% വരെ വരുമാനം ലഭിക്കുമല്ലോ എന്നതായിരുന്നു അതിന് പ്രധാന കാരണം.

എന്നാല്‍, അപ്രതീക്ഷിതമായി കുടുംബത്തിലെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. അതേസമയം, ഓഹരി വിപണിയില്‍ 12% ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. പണത്തിനായി ഓഹരികള്‍ വില്‍ക്കേണ്ടി വന്നതോടെ വിപണിയിലുണ്ടായ ഇടിവ് കാരണം വലിയൊരു നഷ്ടം അവര്‍ക്ക് നേരിട്ടു. അതോടൊപ്പം, 1% എക്‌സിറ്റ് ലോഡും നല്‍കേണ്ടി വന്നു. മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് നിശ്ചിത കാലയളവിനു മുന്‍പ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ഈടാക്കുന്ന ഒരു ഫീസാണ് എക്‌സിറ്റ് ലോഡ് . പണം അക്കൗണ്ടിലെത്താന്‍ രണ്ട് മൂന്ന് ദിവസത്തെ കാലതാമസവും നേരിട്ടു. പണം കൈയ്യില്‍ കിട്ടുമ്പോഴേക്കും ആശുപത്രി ബില്‍ അടയ്ക്കാന്‍ സുഹൃത്തില്‍ നിന്ന് കടം വാങ്ങേണ്ടി വന്നു. അടിയന്തര ഫണ്ട് ഒരു നിക്ഷേപമല്ല. അതിന്റെ ലക്ഷ്യം ഉയര്‍ന്ന വരുമാനമല്ല, മറിച്ച് ആവശ്യത്തിന് പെട്ടെന്ന് എടുക്കാന്‍ കഴിയുന്ന തരത്തിലായിരിക്കണം അത് സൂക്ഷിക്കേണ്ടതെന്ന് വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.

അടിയന്തര ഫണ്ടുകള്‍ക്ക് സൂക്ഷിക്കേണ്ട മാര്‍ഗ്ഗങ്ങള്‍ ഇവയാണ്:

ഉയര്‍ന്ന പലിശയുള്ള സേവിംഗ്‌സ് അക്കൗണ്ടുകള്‍: പണം ഏത് സമയത്തും പിന്‍വലിക്കാം.

സ്വീപ്-ഇന്‍ എഫ്.ഡി: ലിക്വിഡിറ്റിയും ഒപ്പം മെച്ചപ്പെട്ട വരുമാനവും നല്‍കുന്നു.

ലിക്വിഡ് മ്യൂച്വല്‍ ഫണ്ടുകള്‍: കുറഞ്ഞ റിസ്‌കും ടി +1 സെറ്റില്‍മെന്റും (ഒരു ദിവസത്തിനകം പണം ലഭിക്കും).

മണി മാര്‍ക്കറ്റ് ഫണ്ടുകള്‍: സ്ഥിരമായ എന്‍എവി ഉള്ളതിനാല്‍ നഷ്ടസാധ്യത കുറവാണ്.

അടിയന്തര ഫണ്ടില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഒരു ബോണസ് മാത്രമായി കണക്കാക്കണം, അല്ലാതെ അതൊരു ലക്ഷ്യമായിരിക്കരുത്. 24 മണിക്കൂറിനുള്ളില്‍ നഷ്ടമില്ലാതെ 100% പണവും എടുക്കാന്‍

സാധിക്കുന്നില്ലെങ്കില്‍, ആ ഫണ്ട് അതിന്റെ ലക്ഷ്യം നിറവേറ്റുന്നില്ലെന്ന് മനസ്സിലാക്കാം.

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?