ജോലി മാറിയാലും പ്രൊവിഡന്റ് ഫണ്ട് ശീലം മുറിയരുത് ! ഇപിഎഫ് നിക്ഷേപം എങ്ങനെ കൂട്ടാം

By C S RenjitFirst Published Jul 24, 2021, 9:34 PM IST
Highlights

ഇടമുറിയാത്ത സമ്പാദ്യശീലം കർക്കശമായി പാലിക്കാൻ സാധിച്ചാൽ കോംപൗണ്ടിങ് ആനുകൂല്യം പൂർണ്ണമായും പ്രയോജനപ്പെടുത്താവുന്ന ദീർഘകാല നിക്ഷേപാവസരമാണ് ഇപിഎഫ്.

രു മാദ്ധ്യമ സ്ഥാപനത്തിൽ റിപ്പോർട്ടറായി ജീവിതം തുടങ്ങിയ അരുൺ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ നിർബന്ധമായും അടയ്‌ക്കേണ്ടുന്ന തുക മാത്രമേ വിരമിക്കുന്നത് വരെ അടച്ചിരുന്നുള്ളൂ. എങ്കിലും പല അത്യാവശ്യ ഘട്ടങ്ങളിലും പണം ആവശ്യമായി വന്നപ്പോഴൊക്കെ പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് തുക പിൻവലിക്കാൻ കറകളഞ്ഞ സമ്പാദ്യ ശീലം അരുണിനെ അനുവദിച്ചില്ല. ഏതാണ്ട് 33 വർഷങ്ങൾക്കു ശേഷം ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് 25 ലക്ഷത്തിനോടടുത്ത് തുക ഒന്നായി കൈയ്യിൽ കിട്ടി. ഇതിനിടയിൽ 43 വയസ്സുള്ളപ്പോൾ ഒരു എൻഡോവ്മെന്റ് ഇൻഷുറൻസ് എടുത്തിരുന്നു. നീണ്ട 15 വർഷകാലം 4,100 രൂപ വെച്ച് 7.5 ലക്ഷത്തോളം രൂപ പ്രീമിയമായി അടച്ചപ്പോൾ തിരികെ കിട്ടിയത് 8,20,000 രൂപ. മെച്ചപ്പെട്ട വരുമാന വളർച്ച നൽകുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന് വേണ്ടത്ര പരിഗണന നൽകാതെ മറ്റ് നിക്ഷേപങ്ങളുടെ പുറകേ പോയി പണം നഷ്ടപ്പെട്ട പലരുണ്ട്.

ചോർന്ന് പോയ സമ്പാദ്യം

മറ്റ് പല സമ്പാദ്യ അവസരങ്ങളെക്കാലും ഉയർന്ന ഉറപ്പായ വരുമാനം ലഭിക്കുന്ന നിക്ഷേപ അവസരമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. ഇവിടെ അരുണിന്റെ കാര്യത്തിൽ ആദായ നികുതി ലഭിക്കാമെന്നും എന്തെങ്കിലും പറ്റിയാൽ കുടുംബത്തിന് താങ്ങാവുമെന്നും പറഞ്ഞാണ് ഇൻഷുറൻസ് എടുത്തത്. അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്ന ടേം ഇൻഷുറസ് പോളിസി എടുക്കാൻ കൂടിയാൽ മാസം 600 രൂപ മാത്രം നൽകിയാൽ മതി. ബാക്കി തുകയായ 3,500 രൂപ പ്രോവിഡന്റ് ഫണ്ടിൽ സ്വന്തം നിലയ്ക്ക് അടച്ചിരുന്നെങ്കിൽ ഉയർന്ന 11 ലക്ഷം രൂപ കിട്ടുമായിരുന്നു. ബാങ്ക് ആവർത്തന നിക്ഷേപം, ചിട്ടി തുടങ്ങി മറ്റ് പല രീതിയിൽ നിക്ഷേപിച്ചാലും ഇപിഎഫിൽ കിട്ടുന്നത്ര വരുമാനവളർച്ച ഉണ്ടാകില്ല.

ശീലം മുറിയരുത്

പലപ്പോഴും എളുപ്പത്തിൽ എടുത്തുപയോഗിക്കാവുന്ന തിരിച്ചടക്കേണ്ട വായ്പയായിട്ടാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനെ കാണുന്നത്. ഇതിൽ നിന്ന് മാറി ഇടമുറിയാത്ത സമ്പാദ്യശീലം കർക്കശമായി പാലിക്കാൻ സാധിച്ചാൽ കോംപൗണ്ടിങ് ആനുകൂല്യം പൂർണ്ണമായും പ്രയോജനപ്പെടുത്താവുന്ന ദീർഘകാല നിക്ഷേപാവസരമാണ് ഇപിഎഫ്. ഉയർന്ന വളർച്ചാനിരക്ക് ലഭിക്കുന്ന മൂച്വൽ ഫണ്ടുകളിലെ എസ്ഐപി നിക്ഷേപം, നാഷണൽ പെൻഷൻ സ്കീം നിക്ഷേപം തുടങ്ങിയവ മാത്രമേ ഇപിഎഫിനെക്കാൾ ഉയർന്ന സാമ്പത്തിക വളർച്ച നൽകുന്നുള്ളൂ

സ്വന്തം നിലയ്ക്കും നിക്ഷേപം കൂട്ടണം

ഒരു വഴിപാട് പോലെ നിർബന്ധിത തുക മാത്രം ഇപിഎഫിൽ അടയ്ക്കുന്നത് ഗുണകരമല്ല. ക്ഷാമബത്തയുടെയും അടിസ്ഥാന ശമ്പളത്തിന്റെയും പരിധികൾ തൊഴിലുടമയ്‌ക്ക്‌ മാത്രമാണ് ബാധകം. വീട്ടിൽ കൊണ്ടുപോകുന്ന ശമ്പള തുക കൂടുന്നത് അനുസരിച്ച് വോളന്ററി ഫണ്ടായി അടയ്ക്കുന്ന തുക ഉയർത്തണം. മറ്റ് സാമ്പത്തിക ബാദ്ധ്യതകൾ ഒന്നൊന്നായി കഴിയുമ്പോഴും വിരമിക്കൽ പ്രായം അടുക്കുമ്പോഴും പരമാവധി തുക ഇപിഎഫിൽ അടയ്ക്കാനാണ് ശ്രദ്ധിക്കേണ്ടത്. ശമ്പള വർദ്ധനവ് ഉണ്ടാകുമ്പോഴും പ്രൊവിഡന്റ് ഫണ്ട് കോൺട്രിബൂഷൻ ഉയർത്താൻ ശ്രദ്ധിക്കണം. പരമാവധി 20,000 രൂപയോളം മാസവരി അടയ്ക്കുമ്പോഴും എക്സംപ്റ്റ്, എക്സംപ്റ്റ്, എക്സംപ്റ്റ് എന്ന നിലയിൽ ആദായനികുതി ആനുകൂല്യം ലഭിക്കും.

ജോലി മാറിയാലും ഇപിഎഫ് തുടരണം

ജീവിതത്തോളം നീളുന്ന തൊഴിൽ കാലയളവിൽ ജോലി മാറുന്നതും സ്ഥാപനങ്ങൾ മാറുന്നതും സ്വാഭാവികം മാത്രം. യൂണിവേഴ്സൽ അക്കൗണ്ട് നമ്പറിലൂടെ ഇപിഎഫ് അക്കൗണ്ട് തുറന്നാൽ ജോലി സ്ഥാപനം മാറിയാലും അക്കൗണ്ട് തുടരാം. ഇപിഎഫ് അക്കൗണ്ട് തുടരാൻ അർഹതയില്ലാതെ വരുന്നത് ജോലിയിൽ നിന്ന് വിരമിക്കുകയോ സ്വയം തൊഴിൽ ആരംഭിക്കുന്നത് വരെയാണ്. തൊഴിൽ കാലഘട്ടം മുഴുവൻ സ്ഥാപനങ്ങളെന്നോ ജോലിയെന്നോ വ്യത്യാസം ഇല്ലാതെ ഇപിഎഫ് തുടരാൻ ശ്രദ്ധിക്കണം.

കോടിപതിയുമാകാം

അരുണിന്റെ ഉദാഹരണത്തിൽ ഇപിഎഫിൽ അടയ്ക്കുന്ന മാസവരി ഓരോ വർഷം കൂടുമ്പോഴും 500 രൂപ വെച്ച് ഉയർത്തി പരമാവധി 20,000 രൂപ വരെ എത്തിക്കുക സാദ്ധ്യമായിരുന്നു. കാലാകാലങ്ങളിൽ ലഭിച്ച ശമ്പളവർദ്ധനവിന്റെ ഒരു ഭാഗം ഇത്തരത്തിൽ അടയ്ക്കാനാകുമായിരുന്നെങ്കിൽ ജോലിയിൽ നിന്ന് പിരിയുമ്പോൾ സുഖമായി ഒരു കോടി രൂപ കൈയ്യിൽ കിട്ടുമായിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!