
രാജ്യത്തെ ലക്ഷക്കണക്കിന് ശമ്പളക്കാരായ ജീവനക്കാർക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി എംപ്ലോയീസ് പ്രൊവൈഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). ജീവനക്കാർക്ക് പ്രൊവിഡൻ്റ് ഫണ്ട് (PF) പിൻവലിക്കുന്നത് കൂടുതൽ വേഗത്തിലും എളുപ്പത്തിലുമാക്കാൻ യുപിഐ (UPI) യുമായി ബന്ധിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഈ സംവിധാനം നിലവിൽ വരുന്നതോടെ വരിക്കാർക്ക് അവരുടെ പിഎഫ് തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാൻ സാധിക്കും. ഈ പുതിയ സംവിധാനത്തിന്റെ ട്രയൽ അടക്കം വിജയകരമായി പൂർത്തിയായതായും, ഇതിലൂടെ ഏഴ് കോടിയിലധികം ഇപിഎഫ്ഒ അംഗങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്നും കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. പിൻവലിക്കുന്ന തുക ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ, ഇപിഎഫ്ഒ വരിക്കാർക്ക് തുക പിൻവലിക്കാനായി ക്ലെയിമുകൾ സമർപ്പിച്ച് ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നുണ്ട്. വളരെ സങ്കീർണ്ണവും ദൈർഘ്യമേറിയതുമാണ് ഈ പ്രക്രിയ. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഇതിന് പരിഹാരമാകും. പേപ്പർവർക്കുകൾ കുറയ്ക്കാനും ജീവനക്കാർക്ക് അവരുടെ സമ്പാദ്യം വേഗത്തിൽ ലഭ്യമാകാനും ഇത് സഹായകമാകും. അക്കൗണ്ട് ഉടമകൾക്ക് തങ്ങൾക്ക് പിൻവലിക്കാൻ കഴിയുന്ന തുക എത്രയെന്ന് പരിശോധിക്കാനും, ലിങ്ക് ചെയ്‌തിരിക്കുന്ന യുപിഐ ഐഡിയും പിന്നും ഉപയോഗിച്ച് ആധാർ ബന്ധിത ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് മാറ്റാനും ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി വാട്‌സ്ആപ്പ് വഴിയുള്ള കസ്റ്റമർ സപ്പോർട്ട് സേവനങ്ങളും തൊഴിൽ മന്ത്രാലയം ഒരുക്കുന്നുണ്ട്. ഇപിഎഫ്ഒയുടെ വെരിഫൈഡ് വാട്‌സ്ആപ്പ് നമ്പറിലേക്ക് "Hello" എന്ന സന്ദേശം അയക്കുന്നതിലൂടെ അംഗങ്ങൾക്ക് സുപ്രധാന സേവനങ്ങൾ ലഭ്യമാകും. പിഎഫ് ബാലൻസ് വിവരങ്ങൾ, അവസാനത്തെ അഞ്ച് ഇടപാടുകൾ, ക്ലെയിം സ്റ്റാറ്റസ് തുടങ്ങിയ അപ്‌ഡേറ്റുകൾ പ്രാദേശിക ഭാഷകളിൽ തന്നെ ഈ പ്ലാറ്റ്‌ഫോം വഴി ലഭിക്കും. 24 മണിക്കൂറും ലഭ്യമാകുന്നതാണ് ഈ സേവനം. ഒരു മാസത്തിനകം ഈ സേവനം ഉപഭോക്താക്കളുടെ വിരൽത്തുമ്പിലേക്കേത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ക്ലെയിമുകൾ സ്വയമേവ തീർപ്പാക്കുന്നതിനുള്ള 'ഓട്ടോ-സെറ്റിൽമെൻ്റ്' സംവിധാനവും ഇപിഎഫ്ഒ വിപുലീകരിച്ചു. ഓട്ടോ-സെറ്റിൽമെൻ്റ് പരിധി 1 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. ഇത് വഴി അർഹരായ അംഗങ്ങൾക്ക് മാനുവൽ പരിശോധനകളില്ലാതെ തന്നെ മൂന്ന് ദിവസത്തിനകം തുക ലഭിക്കും. ഗുരുതരമായ രോഗങ്ങൾ, വിദ്യാഭ്യാസം, വിവാഹം, ഭവന നിർമ്മാണം തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾക്കായി തുക വേഗത്തിൽ ലഭ്യമാക്കാൻ ഈ സംവിധാനം സഹായിക്കുന്നു.