വ്യാജ അറസ്റ്റ് മുതല്‍ കെവൈസി സ്കാം വരെ; തട്ടിപ്പുകൾക്കെതിരെ എസ്ബിഐയുടെ മുന്നറിയിപ്പ്

Published : Aug 06, 2025, 05:46 PM IST
sbi home car loans

Synopsis

സാധാരണക്കാര്‍ കരുതലോടെയിരിക്കണമെന്ന് ആവശ്യപ്പെട്ട് 10 തരം തട്ടിപ്പുകളെ കുറിച്ച് എസ്ബിഐ വിശദീകരിക്കുന്നു.

ഡിജിറ്റല്‍ യുഗത്തില്‍ അതിവേഗം പിടിമുറുക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ . മൊബൈല്‍ ഉപയോക്താക്കള്‍, ഓണ്‍ലൈന്‍ നിക്ഷേപകര്‍ എന്നിവരെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തരം സൈബര്‍ തട്ടിപ്പുകളെക്കുറിച്ചാണ് ബാങ്കിന്റെ മുന്നറിയിപ്പ്. സാധാരണക്കാര്‍ കരുതലോടെയിരിക്കണമെന്ന് ആവശ്യപ്പെട്ട് 10 തരം തട്ടിപ്പുകളെ കുറിച്ച് എസ്ബിഐ വിശദീകരിക്കുന്നു.

എസ്.ബി.ഐ. ചൂണ്ടിക്കാട്ടുന്ന പ്രധാന തട്ടിപ്പുകള്‍:

  1. മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കുമെന്ന ഭീഷണി: നിങ്ങളുടെ മൊബൈല്‍ കണക്ഷന്‍ റദ്ദാക്കുമെന്ന് പറഞ്ഞ് ട്രായഉദ്യോഗസ്ഥരെന്ന വ്യാജേന വിളിക്കുന്നു.

യാഥാര്‍ഥ്യം: ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമേ ഒരു കണക്ഷന്‍ റദ്ദാക്കാന്‍ സാധിക്കൂ. ട്രായ് ഒരു മൊബൈല്‍ സേവനവും റദ്ദാക്കില്ല.

2. കസ്റ്റംസില്‍ പാഴ്സല്‍ തടഞ്ഞുവച്ചെന്ന് പറഞ്ഞ് പണം തട്ടല്‍: അനധികൃത സാധനങ്ങളുള്ള ഒരു പാഴ്സല്‍ കസ്റ്റംസ് പിടിച്ചെടുത്തെന്നും പിഴയടച്ച് രക്ഷിക്കാമെന്നും പറഞ്ഞ് തട്ടിപ്പുകാര്‍ വിളിക്കും.

ചെയ്യേണ്ടത്: ഉടന്‍ കോള്‍ കട്ട് ചെയ്ത ശേഷം ആ നമ്പര്‍ റിപ്പോര്‍ട്ട് ചെയ്യുക.

3. ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി: പോലീസുകാരാണെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ വഴി ചോദ്യം ചെയ്യുമെന്നും അല്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തുന്നു.

യാഥാര്‍ഥ്യം: പോലീസ് ഒരിക്കലും ഓണ്‍ലൈന്‍ വഴി അറസ്റ്റോ ചോദ്യം ചെയ്യലോ നടത്തില്ല.

4. അടുത്ത ബന്ധു അറസ്റ്റിലായെന്ന് പറഞ്ഞ് പണം തട്ടല്‍: അടുത്ത ബന്ധു അറസ്റ്റിലാണെന്നും അവരെ വിട്ടയക്കാന്‍ പണം വേണമെന്നും പറഞ്ഞ് തട്ടിപ്പുകാര്‍ വിളിക്കുന്നു.

ചെയ്യേണ്ടത്: കുടുംബാംഗങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങള്‍ ഉറപ്പുവരുത്തുക.

5. ഓണ്‍ലൈന്‍ ജോലികള്‍ക്ക് ഉയര്‍ന്ന ശമ്പള വാഗ്ദാനം: ചെറിയ ജോലികള്‍ ചെയ്താല്‍ വലിയ തുക ലഭിക്കുമെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ വഴി വ്യാജ തൊഴില്‍ വാഗ്ദാനം ചെയ്യുന്നു. പലപ്പോഴും രജിസ്ട്രേഷന്‍ ഫീസെന്ന പേരില്‍ പണം ആവശ്യപ്പെടും.

യാഥാര്‍ഥ്യം: നിയമപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ജോലിക്കായി മുന്‍കൂട്ടി പണം ആവശ്യപ്പെടാറില്ല.

6. ലോട്ടറി അടിച്ചെന്ന് പറഞ്ഞ് പണം തട്ടല്‍: ലോട്ടറിയോ സമ്മാനമോ ലഭിച്ചെന്ന് അറിയിച്ചുകൊണ്ട് ഇ-മെയിലോ സന്ദേശമോ വരികയും, സമ്മാനം ലഭിക്കാന്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യും.

ചെയ്യേണ്ടത്: ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യുക.

7. തെറ്റായി പണം അയച്ചെന്ന് പറഞ്ഞ് തട്ടിപ്പ്: നിങ്ങളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ പണം അയച്ചെന്ന് പറഞ്ഞ് തിരിച്ച് അയയ്ക്കാന്‍ ആവശ്യപ്പെടുന്നു.

ചെയ്യേണ്ടത്: ബാങ്കുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ഉറപ്പുവരുത്തിയ ശേഷം മാത്രം പ്രതികരിക്കുക.

8. കെ.വൈ.സി. കാലാവധി കഴിഞ്ഞെന്ന സന്ദേശം: കെ.വൈ.സി. വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനായി എസ്.എം.എസ്. വഴിയോ ഫോണ്‍ വഴിയോ അയക്കുന്ന ലിങ്കുകള്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നു.

യാഥാര്‍ഥ്യം: ബാങ്കുകള്‍ ഒരിക്കലും എസ്.എം.എസ്. വഴിയോ ലിങ്ക് വഴിയോ കെ.വൈ.സി. വിവരങ്ങള്‍ ആവശ്യപ്പെടില്ല.

9. വ്യാജ നികുതി റീഫണ്ട് വാഗ്ദാനം: നികുതി റീഫണ്ട് ലഭിക്കുന്നതിനായി ബാങ്ക് വിവരങ്ങള്‍ നല്‍കണമെന്ന് പറഞ്ഞ് നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നു.

യാഥാര്‍ഥ്യം: നികുതി വകുപ്പ് ഇത്തരത്തില്‍ വിവരങ്ങള്‍ ആവശ്യപ്പെടില്ല. ഔദ്യോഗികമായി മാത്രമേ ആശയവിനിമയം നടത്തുകയുള്ളൂ.

10. സാമ്പത്തിക നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍: ഉയര്‍ന്ന സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് പറഞ്ഞ് ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നു.

യാഥാര്‍ഥ്യം: ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങള്‍ തട്ടിപ്പുകളുടെ സൂചനയാണ്.

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?