ക്യാഷ്ലെസ്സ് ചികിത്സയ്ക്ക് ശേഷം ഇൻഷുറൻസ് കമ്പനി ബിൽ തുക പൂർണ്ണമായി നൽകിയില്ലെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ നോക്കാം. കോ-പേമെന്റ്, സബ് ലിമിറ്റ്, മുറിവാടക എന്നിവയിലെ കിഴിവുകൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. തെറ്റായ കിഴിവുകൾക്കെതിരെ ഐആര്ഡിഎഐക്കും ഓംബുഡ്സ്മാനും പരാതി നൽകാനുള്ള വഴികളും ഇതിൽ ഉൾപ്പെടുന്നു.
ആശുപത്രിയില് ചികിത്സ പൂര്ത്തിയായി വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് രോഗി. കുടുംബത്തിനും ആശ്വാസം. എന്നാല് ബില്ലിങ് കൗണ്ടറിലെത്തുമ്പോള് ഇന്ഷുറന്സ് കമ്പനി അനുവദിച്ചിരിക്കുന്നത് ബില്ലിന്റെ ഒരു ഭാഗം മാത്രമാണെന്നറിയുന്നു. ബാക്കി തുക ഡിസ്ചാര്ജിന് മുമ്പ് അടയ്ക്കണം. പ്രതീക്ഷിക്കാത്ത സമയത്തുണ്ടാകുന്ന ഈ സാഹചര്യം സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കാം.
ക്യാഷ്ലെസ് ചികിത്സയ്ക്ക് ഇന്ഷുറന്സ് കമ്പനിയുടെ അംഗീകാരം ലഭിച്ചെന്നതുകൊണ്ട് ആശുപത്രിയിലെ മുഴുവന് ബില്ലും കമ്പനി നല്കുമെന്ന് ഉറപ്പില്ല. നിങ്ങളുടെ ഇന്ഷുറന്സ് പോളിസി അനുവദിക്കുന്ന ചെലവുകള്ക്ക് മാത്രമാണ് സാധാരണയായി പരിരക്ഷ ലഭിക്കുക. എന്നാല്, അനുവദിക്കാത്ത തുകയുടെ കാര്യത്തില് ഇന്ഷുറന്സ് കമ്പനിക്ക് വ്യക്തമായ വിശദീകരണം നല്കേണ്ട ബാധ്യതയുണ്ട്. ഐആര്ഡിഎഐയുടെ 2024-ലെ മാസ്റ്റര് സര്ക്കുലര് പ്രകാരം, ക്ലെയിമില്നിന്ന് ഏതെങ്കിലും തുക കുറയ്ക്കുമ്പോള് അതിന്റെ കാരണവും ബാധകമായ പോളിസി വ്യവസ്ഥകളും ഇന്ഷുറന്സ് കമ്പനി വിശദീകരിക്കണം.
ക്ലെയിം തുക വെട്ടിക്കുറച്ചാല് എന്തുചെയ്യണം? ശ്രദ്ധിക്കേണ്ട കാര്യങ്ങള് നോക്കാം.
1. കുറച്ച തുക ആദ്യം അടയ്ക്കേണ്ടിവന്നേക്കാം
ഡിസ്ചാര്ജിന് മുമ്പ് ഇന്ഷുറന്സ് കമ്പനി അനുവദിക്കാത്ത തുക ആശുപത്രിയില് അടയ്ക്കേണ്ടിവന്നേക്കാം. അങ്ങനെ അടയ്ക്കേണ്ട സാഹചര്യമുണ്ടായാല്, ഇന്ഷുറന്സ് കമ്പനി നല്കിയ ഫൈനല് അപ്രൂവല് ലെറ്റര് നിര്ബന്ധമായും വാങ്ങണം. ബില്ലില്നിന്ന് ഏതൊക്കെ ഇനങ്ങളിലാണ് തുക കുറച്ചതെന്ന് ഈ കത്തില് വ്യക്തമാക്കിയിട്ടുണ്ടാകും. വിശദമായ ബില്ലിനൊപ്പം ഈ കത്തും സൂക്ഷിക്കണം. പിന്നീട് തെറ്റായ നടപടികള് ചോദ്യം ചെയ്യാന് ഈ രേഖകള് ആവശ്യമായി വരും.
2. ഓരോ കിഴിവും പരിശോധിക്കണം
ഇന്ഷുറന്സ് ക്ലെയിമില്നിന്ന് തുക കുറയ്ക്കുന്നതിന് പല കാരണങ്ങളുണ്ടാകാം. അവയില് പ്രധാനപ്പെട്ടവയാണ് കോ-പേമെന്റ്, സബ് ലിമിറ്റ്, ചില ചികിത്സാ ഉപകരണങ്ങളുടെയും അനുബന്ധ സാധനങ്ങളുടെയും ചെലവുകള്ക്ക് പരിരക്ഷയില്ലാത്തത് എന്നിവ.
കോ-പേമെന്റ്: ചികിത്സാച്ചെലവിന്റെ നിശ്ചിത ശതമാനം രോഗി തന്നെ വഹിക്കണമെന്ന വ്യവസ്ഥയാണിത്. മുതിര്ന്ന പൗരന്മാര്ക്കുള്ള ചില ഇന്ഷുറന്സ് പോളിസികളില് ഈ വ്യവസ്ഥയുണ്ടാകാം. ഉദാഹരണത്തിന്, നാല് ലക്ഷം രൂപയുടെ ബില്ലില് 20 ശതമാനമാണ് കോ- പേമെന്റെങ്കില് 80,000 രൂപ രോഗി സ്വന്തം കൈയില്നിന്ന് നല്കണം.
സബ് ലിമിറ്റ്: പോളിസിയില് ആകെ ഇന്ഷുറന്സ് പരിരക്ഷ കൂടുതലാണെങ്കിലും ചില ചികിത്സകള്ക്ക് പ്രത്യേക പരിധി നിശ്ചയിച്ചിട്ടുണ്ടാകാം. ഉദാഹരണത്തിന്, തിമിര ശസ്ത്രക്രിയയ്ക്കുള്ള പരമാവധി തുക പോളിസിയില് പ്രത്യേകം നിശ്ചയിച്ചിട്ടുണ്ടെങ്കില് അതില് കൂടുതലുള്ള ചെലവ് ഇന്ഷുറന്സ് കമ്പനി അനുവദിക്കണമെന്നില്ല.
ചികിത്സാ അനുബന്ധ സാധനങ്ങളുടെ ചെലവ്: ചികിത്സയ്ക്കിടെ ഉപയോഗിക്കുന്ന ചില ഉപകരണങ്ങള്ക്കും അനുബന്ധ സാധനങ്ങള്ക്കും പോളിസിയില് പരിരക്ഷയുണ്ടാകണമെന്നില്ല. ഇത്തരം ചെലവുകള്ക്കായി പ്രത്യേക ആഡ്-ഓണ് പരിരക്ഷ വാങ്ങിയിട്ടില്ലെങ്കില് തുക അനുവദിക്കാതിരിക്കാം.
ഓരോ കിഴിവും പരിശോധിച്ച് അതിന് ഇന്ഷുറന്സ് കമ്പനി ചൂണ്ടിക്കാട്ടിയിരിക്കുന്ന പോളിസി വ്യവസ്ഥ എന്താണെന്ന് മനസിലാക്കണം.
3. മുറിവാടകയുടെ പേരിലുള്ള കിഴിവുകള് ശ്രദ്ധിക്കുക
പോളിസിയില് അനുവദിച്ചിട്ടുള്ള പ്രതിദിന മുറിവാടകയുടെ പരിധിയേക്കാള് കൂടുതല് ചെലവുള്ള മുറി തിരഞ്ഞെടുത്താല്, അതിന്റെ പേരില് മറ്റ് ചില ചികിത്സാച്ചെലവുകളിലും ആനുപാതികമായ കുറവ് വരുത്താന് ഇന്ഷുറന്സ് കമ്പനിക്ക് സാധിച്ചേക്കാം.
ഉദാഹരണത്തിന്, പോളിസിയില് പ്രതിദിന മുറിവാടകയുടെ പരിധി 5,000 രൂപയാണെന്നും രോഗി 10,000 രൂപ വാടകയുള്ള മുറിയിലാണ് താമസിച്ചതെന്നും കരുതുക. ഇത്തരമൊരു സാഹചര്യത്തില് മുറിയുമായി ബന്ധപ്പെട്ട ചില ചെലവുകള്ക്ക് പകുതി തുക മാത്രമേ അനുവദിക്കൂ
4. രേഖകളിലെയും ബില്ലിലെയും പിഴവുകള് തിരുത്തുക
ചിലപ്പോള് ആവശ്യമായ രേഖകള് ലഭ്യമല്ലാത്തതിനാലോ ബില്ലില് തെറ്റായ വിവരങ്ങള് രേഖപ്പെടുത്തിയതിനാലോ ക്ലെയിം തുക കുറയ്ക്കാറുണ്ട്.
എന്നാല്, നിയമങ്ങള് പ്രകാരം ആവശ്യമായ രേഖകള് ആശുപത്രിയില്നിന്ന് ശേഖരിക്കേണ്ട ഉത്തരവാദിത്തം ഇന്ഷുറന്സ് കമ്പനിക്കോ അതിന്റെ തേര്ഡ് പാര്ട്ടി അഡ്മിനിസ്ട്രേറ്റര്ക്കോ (ടിപിഎ) ആണ്. ഈ ചുമതല രോഗിയുടെ മേല് മാത്രം ചുമത്താനാവില്ല.
5. തെറ്റായ കിഴിവുകള്ക്കെതിരെ പരാതി നല്കാം
ഇന്ഷുറന്സ് കമ്പനി തെറ്റായ രീതിയില് തുക കുറച്ചതായി തോന്നിയാല് രേഖാമൂലം പരാതി നല്കാം. ഇതിനായി കമ്പനിയുടെ പരാതിപരിഹാര ഉദ്യോഗസ്ഥനെ സമീപിക്കണം. പരാതിക്കൊപ്പം ഇന്ഷുറന്സ് കമ്പനി നല്കിയ അംഗീകാരക്കത്തും വിശദമായ ആശുപത്രി ബില്ലും സമര്പ്പിക്കണം. ഏത് കിഴിവാണ് തെറ്റായതെന്നും പോളിസിയിലെ ഏത് വ്യവസ്ഥയാണ് തെറ്റായി വ്യാഖ്യാനിച്ചതെന്നും വ്യക്തമായി ചൂണ്ടിക്കാട്ടണം.
ഇന്ഷുറന്സ് കമ്പനികള് പരാതികള് 14 ദിവസത്തിനുള്ളില് പരിഹരിക്കേണ്ടതുണ്ട്. ഈ സമയത്തിനുള്ളില് പരിഹാരമുണ്ടായില്ലെങ്കില് ഐആര്ഡിഎഐയുടെ ബീമാ ഭരോസ പോര്ട്ടല് വഴി പരാതി നല്കാം. 155255 എന്ന നമ്പറിലും ബന്ധപ്പെടാം. ഇതിലൂടെയും പരിഹാരമുണ്ടായില്ലെങ്കില് ഇന്ഷുറന്സ് ഓംബുഡ്സ്മാനെ സമീപിക്കാം. ഇന്ഷുറന്സ് സംബന്ധമായ തര്ക്കങ്ങള് പരിഹരിക്കുന്നതിനുള്ള സൗജന്യ സംവിധാനമാണിത്.


