ഭവനവായ്പ കയ്യിൽ കിട്ടിയോ? അതോ സാങ്ഷൻ ലെറ്റ‍‌ർ മാത്രമാണോ? പണം അക്കൗണ്ടിലെത്തും മുന്‍പ് അറിയേണ്ട കാര്യങ്ങൾ

Published : Aug 28, 2026, 09:32 AM IST
Home Loan

Synopsis

ഭവനവായ്പയുടെ സാങ്ഷന്‍ ലെറ്റര്‍ ലഭിച്ചതുകൊണ്ട് മാത്രം വായ്പ ലഭിച്ചെന്ന് കരുതരുത്. സാങ്ഷന്‍ ലെറ്റര്‍ വിശദമായി വായിക്കുന്നതും, ബാങ്കിന്റെ നിബന്ധനകൾ പൂർത്തിയാക്കുന്നതും, നിർമ്മാണ ഘട്ടങ്ങൾക്കനുസരിച്ച് പണം ലഭിക്കുന്നതിനെക്കുറിച്ചും എല്ലാം അറിഞ്ഞിരിക്കണം. വായ്പാ തുക കയ്യിൽ കിട്ടുന്നതുവരെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഭവനവായ്പയ്ക്കുള്ള സാങ്ഷന്‍ ലെറ്റര്‍ കൈയില്‍ കിട്ടുമ്പോള്‍ തന്നെ വായ്പ ലഭിച്ചെന്നും ഏറ്റവും വലിയ കടമ്പ കടന്നെന്നുമാണ് പലരും കരുതുന്നത്. അപ്പോള്‍ത്തന്നെ വീട് രജിസ്‌ട്രേഷന്‍, ഇന്റീരിയര്‍ പണികള്‍, താമസം തുടങ്ങല്‍ എന്നിവയെക്കുറിച്ചൊക്കെ പദ്ധതിയിടുകയും ചെയ്യും. എന്നാല്‍ സാങ്ഷന്‍ ലെറ്റര്‍ കിട്ടിയതുകൊണ്ട് മാത്രം വായ്പാ തുക അക്കൗണ്ടില്‍ എത്തിയെന്ന് കരുതരുത്. അനുവദിച്ച തുക (കൈയില്‍ നല്‍കുന്നതിന് മുന്‍പായി ബാങ്ക് മുന്നോട്ടുവെക്കുന്ന നിബന്ധനകളെല്ലാം അപേക്ഷകര്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. സാങ്ഷന്‍ ലെറ്റര്‍ ലഭിച്ച ശേഷം പണം കിട്ടുന്നതുവരെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ നോക്കാം.

സാങ്ഷന്‍ ലെറ്റര്‍ മുഴുവനായും വായിക്കുക

ബാങ്ക് നല്‍കിയ സാങ്ഷന്‍ ലെറ്റര്‍ തുടക്കം മുതല്‍ ഒടുക്കം വരെ വിശദമായി വായിച്ചു മനസിലാക്കുകയാണ് ആദ്യ പടി. വായ്പ തുക, പലിശ നിരക്ക് (അത് ഫിക്‌സ്ഡ് ആണോ ഫ്‌ലോട്ടിങ് ആണോ എന്ന് ഉറപ്പുവരുത്തുക), തിരിച്ചടവ് കാലാവധി, ഏകദേശ ഇഎംഐ, പ്രോസസിങ് ഫീസ്, ഇന്‍ഷുറന്‍സ് , അനുബന്ധ നിബന്ധനകള്‍ എന്നിവയെല്ലാം പരിശോധിക്കണം. അനുവദിച്ച തുകയും വ്യവസ്ഥകളും ബാങ്കുകള്‍ അപേക്ഷകരെ എഴുതി തയാറാക്കി തന്നെ അറിയിക്കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ ചട്ടം.

അനുവദിച്ച തുക മുഴുവന്‍ ഉടനടി ലഭിക്കണമെന്നില്ല

സാങ്ഷന്‍ ലെറ്ററിലുള്ള തുക മുഴുവന്‍ ഉടനടി കിട്ടുമെന്ന് കരുതരുത്. യഥാര്‍ത്ഥ വായ്പാ വിതരണം ബാങ്കിന്റെ നിബന്ധനകള്‍ പൂര്‍ത്തിയാക്കുന്നതിനെയും, വസ്തു ഇടപാടിന്റെയോ നിര്‍മാണത്തിന്റെയോ ഘട്ടങ്ങളെയും അടിസ്ഥാനമാക്കിയാണ് നടക്കുക. നിര്‍മാണ ഘട്ടങ്ങള്‍ക്ക് അനുസരിച്ച് മാത്രം വായ്പാ തുക നല്‍കണമെന്ന് ആര്‍ബിഐയുടെ ഭവനവായ്പാ ചട്ടങ്ങളില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

പെന്‍ഡിങ് രേഖകള്‍ ഉറപ്പുവരുത്തുക

ബാങ്കില്‍ ഇനിയും സമര്‍പ്പിക്കാനുള്ള രേഖകള്‍ ഏതൊക്കെയാണെന്ന് ചോദിച്ചറിയുക. സെയില്‍ കരാര്‍, ആധാരം, അപ്രൂവല്‍ പ്ലാനുകള്‍, പണമടച്ചതിന്റെ രസീതുകള്‍, ഇന്‍ഷുറന്‍സ് രേഖകള്‍, കെവൈസി വിവരങ്ങള്‍, സ്വന്തം വിഹിതം നല്‍കിയതിന്റെ തെളിവ് എന്നിവ നല്‍കേണ്ടി വന്നേക്കാം. വായ്പാ തുക വിതരണം ചെയ്യുന്നതിന് മുന്‍പായി ബാങ്ക് ലീഗല്‍, ടെക്‌നിക്കല്‍ പരിശോധനകള്‍ നടത്തും.

സ്വന്തം വിഹിതവും എമ‍‌ർജൻസി ഫണ്ടും

ഡൗണ്‍ പേയ്‌മെന്റും മറ്റ് സാധന സാമ​ഗ്രികൾക്കുള്ള ചെലവിനുമുളള തുകയും മുന്‍കൂട്ടി കരുതുക. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ എന്നിവയ്ക്കുള്ള തുക ഭവനവായ്പയില്‍ ഉള്‍പ്പെടണമെന്നില്ല. ഇതിനായി പ്രത്യേക തുക കണ്ടെത്തേണ്ടി വരും. എന്നാല്‍ വീട് വാങ്ങാനായി സമ്പാദ്യം മുഴുവനായും ചെലവഴിക്കരുത്. വീട് കൈവശം കിട്ടിയ ശേഷമുള്ള ആവശ്യങ്ങള്‍ക്കായി കുറച്ചു തുക എമ‍‌ർജൻസി ഫണ്ടായി മാറ്റി വെക്കണം.

നിര്‍മാണ ഘട്ടങ്ങളും ഗഡുക്കളും വ്യക്തമാക്കുക

നിര്‍മാണത്തിലിരിക്കുന്ന വീടോ ഫ്‌ലാറ്റോ ആണെങ്കില്‍, ഓരോ ഘട്ടത്തിലും ബാങ്ക് പണം അനുവദിക്കുന്നതിന്റെ കൃത്യമായ ഷെഡ്യൂള്‍ ബില്‍ഡറുമായും ബാങ്കുമായും സംസാരിച്ച് ഉറപ്പാക്കുക. ഏതെല്ലാം നിര്‍മാണ ഘട്ടങ്ങളിലാണ് പണം നല്‍കുകയെന്നും അതിന് സമര്‍പ്പിക്കേണ്ട രേഖകള്‍ ഏതൊക്കെയാണെന്നും മുന്‍കൂട്ടി അറിയണം. ബില്‍ഡറുടെ ആവശ്യങ്ങളും ബാങ്കിന്റെ വായ്പാ വിതരണവും കൃത്യമായി ഒത്തുപോകുവാന്‍ ഇത് ആവശ്യമാണ്. നിര്‍മാണ പുരോഗതിക്കനുസരിച്ച് മാത്രം തുക നല്‍കുന്നതിന് ആര്‍ബിഐ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്.

അന്തിമ കരാറും സാങ്ഷന്‍ ലെറ്ററും ഒത്തുനോക്കുക

വായ്പാ കരാറില്‍ ഒപ്പിടുന്നതിന് മുന്‍പ് സാങ്ഷന്‍ ലെറ്ററിലെ വ്യവസ്ഥകളുമായി അത് ഒത്തുനോക്കുക. പലിശ നിരക്ക്, മറ്റ് നിരക്കുകള്‍, കാലാവധി എന്നിവയില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ അതിന്റെ കാരണം എഴുതി തയാറാക്കി ചോദിച്ചു വാങ്ങുക. നിങ്ങള്‍ ഒപ്പിടുന്ന രേഖകളുടെ പകര്‍പ്പ് കൈപ്പറ്റാനും മറക്കരുത്. ലോണ്‍ രേഖകളുടെയും അനുബന്ധ പത്രങ്ങളുടെയും കോപ്പികള്‍ അപേക്ഷകന് നല്‍കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ട്.

തിരിച്ചടവ് തീയതിയും 'പ്രീ-ഇഎംഐ'യും

ആദ്യ ഇഎംഐ അടയ്ക്കുന്നതിന് മുന്‍പായി തിരിച്ചടവ് ഷെഡ്യൂള്‍ പരിശോധിച്ച് ഉറപ്പുവരുത്തുക. എന്ന് മുതലാണ് തിരിച്ചടവ് തുടങ്ങുന്നത്, അവസാന തീയതി, ഇഎംഐ തുക, പലിശ കണക്കാക്കുന്ന രീതി എന്നിവ മനസ്സിലാക്കുക. വായ്പ ഘട്ടംഘട്ടമായാണ് നല്‍കുന്നതെങ്കില്‍ 'പ്രീ-ഇഎംഐ' കാലയളവില്‍ എത്ര രൂപ അടയ്ക്കണം, എന്ന് മുതലാണ് സാധാരണ ഇഎംഐ ആരംഭിക്കുന്നത് എന്നിവയും അറിയണം.

എല്ലാ രേഖകളും ഒരുമിച്ച് സൂക്ഷിക്കുക

സാങ്ഷന്‍ ലെറ്റര്‍, വായ്പാ കരാര്‍, പണമടച്ചതിന്റെ രസീതുകള്‍, ബാങ്കുമായുള്ള കത്തിടപാടുകള്‍ തുടങ്ങി വസ്തുവുമായും വായ്പയുമായും ബന്ധപ്പെട്ട എല്ലാ രേഖകളും കൃത്യമായി സൂക്ഷിക്കുക. ഭവനവായ്പ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ഒന്നായതിനാല്‍ തുടക്കം മുതലേ വ്യക്തമായ രേഖകള്‍ സൂക്ഷിക്കുന്നത് ഭാവിയിലെ തര്‍ക്കങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ സഹായിക്കും.

PREV
Read more Articles on
click me!

Recommended Stories

പ്രവാസികളുടെ വലിയ പേടി! പാന്‍ കാര്‍ഡ് അസാധുവായോ? 1,000 രൂപ പിഴ അടയ്ക്കാന്‍ വരട്ടെ, ഇക്കാര്യങ്ങള്‍ അറിയാം
മാസാന്ത്യത്തിലെ 'കൈമലർത്തൽ' ഇനി വേണ്ട! കയ്യിൽ പണം നിൽക്കാൻ ഈ മാ‍‌ർ​ഗങ്ങൾ പരീക്ഷിക്കാം