സാമ്പത്തിക സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ പടിപടിയായുള്ള ആസൂത്രണം അത്യാവശ്യമാണ്. വരവ് ചെലവുകൾ കൃത്യമായി ട്രാക്ക് ചെയ്യുക, ഉയർന്ന പലിശയുള്ള കടങ്ങൾ വീട്ടുക, എമർജൻസി ഫണ്ട് രൂപീകരിക്കുക എന്നിവയിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാം. കൂടാതെ കൃത്യമായ നിക്ഷേപങ്ങളും ഇൻഷുറൻസ് പരിരക്ഷയും ജീവിതത്തിൽ അനിവാര്യമാണ്.
ചിലപ്പോഴൊക്കെ ഒരു വലിയ സാമ്പത്തിക പ്രശ്നത്തിന് പകരം ചെറുതും വലുതുമായ നിരവധി പ്രശ്നങ്ങള് ഒന്നിച്ചു വന്നേക്കാം. ക്രെഡിറ്റ് കാര്ഡ് ബില് പ്രതീക്ഷിച്ചതിലും കൂടുതല്, മാസങ്ങളായി നിക്ഷേപങ്ങളൊന്നുമില്ല, മാസാവസാനം ബാങ്ക് അക്കൗണ്ടില് പണം കുറയുന്നു, എങ്ങോട്ടാണ് അത് പോയതെന്ന് കൃത്യമായി ഓര്മ്മയുമില്ല....ഇങ്ങനെയൊക്കെ വരുമ്പോള് എല്ലാം ഒരേസമയം ശരിയാക്കാന് ശ്രമിക്കുന്നത് വലിയ മാനസിക സമ്മര്ദ്ദമുണ്ടാക്കും. പകരം, പടിപടിയായി സാമ്പത്തിക കാര്യങ്ങള് ക്രമീകരിക്കുന്നതാണ് മികച്ച വഴി.
കയ്യിലുള്ള തുക എത്ര?
ബാങ്ക് അക്കൗണ്ടുകളിലും നിക്ഷേപങ്ങളിലുമായി ആകെ എത്ര പണമുണ്ട്? ക്രെഡിറ്റ് കാര്ഡുകളിലും ലോണുകളിലും തിരിച്ചടയ്ക്കാനുള്ള തുക എത്രയാണ്? സാധാരണ പ്രതിമാസ ചെലവുകള് എന്തൊക്കെയാണ്? ഈ അടിസ്ഥാനപരമായ കണക്കുകള് കൃത്യമായി മനസിലാക്കുക. ഇതിന് സങ്കീര്ണ്ണമായ എക്സല് ഷീറ്റുകളുടെ ആവശ്യമില്ല. ഒരു ഡയറിയിലെങ്കിലും ഈ കണക്കുകള് എഴുതിവെക്കുന്നത് ഏത് കാര്യത്തിനാണ് ആദ്യം ശ്രദ്ധ നല്കേണ്ടതെന്ന് വ്യക്തമായ ചിത്രം നല്കും.
ചെലവുകള് ട്രാക്ക് ചെയ്യുക
ശമ്പളം എങ്ങോട്ട് പോകുന്നു എന്ന് നിങ്ങള് പതിവായി ചിന്തിക്കാറുണ്ടെങ്കില്, കഴിഞ്ഞ ഒരു മാസത്തെ ചെലവുകള് പരിശോധിക്കുക. വാടക, ഇ.എം.ഐ, പലചരക്ക് സാധനങ്ങള്, സ്കൂള് ഫീസ് തുടങ്ങിയ അത്യാവശ്യ ചെലവുകളെ ഷോപ്പിംഗ്, പുറത്തുനിന്ന് ഭക്ഷണം കഴിക്കല്, സബ്സ്ക്രിപ്ഷനുകള് തുടങ്ങിയ ഒഴിവാക്കാവുന്ന ചെലവുകളില് നിന്ന് വേര്തിരിക്കുക. പ്ലാന് ചെയ്ത ചെലവുകളും യഥാര്ത്ഥ ചെലവുകളും താരതമ്യം ചെയ്യുന്നത് എവിടെയാണ് അമിത ചെലവ് വരുന്നതെന്ന് തിരിച്ചറിയാന് സഹായിക്കും. ഓരോ 100 രൂപയുടെയും കൃത്യമായ കണക്ക് നോക്കണമെന്നല്ല ഇതിനര്ത്ഥം. മറിച്ച്, നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുന്ന ചെലവുകള് കണ്ടെത്തുകയാണ് ലക്ഷ്യം.
കൂടിയ പലിശയുള്ള കടങ്ങള്
ക്രെഡിറ്റ് കാര്ഡ് ബില്ലുകളോ ഉയര്ന്ന പലിശയുള്ള പേഴ്സണല് ലോണുകളോ ഉണ്ടെങ്കില് അവയ്ക്ക് മുന്ഗണന നല്കുക. പലിശ നിരക്കുകളും ബാക്കി തുകയും ലിസ്റ്റ് ചെയ്ത് ഏത് കടമാണ് ആദ്യം വീട്ടേണ്ടതെന്ന് തീരുമാനിക്കുക. പഴയ കടങ്ങള് വീട്ടുന്നതിനിടയില് പുതിയ കടങ്ങള് വരുത്താതെ നോക്കുക.
എമർജൻസി ഫണ്ട്
പെട്ടെന്നുള്ള ഒരു ചെലവ് വന്നാല് അത് ക്രെഡിറ്റ് കാര്ഡില് അടയ്ക്കേണ്ട അവസ്ഥയാണെങ്കില്, എമര്ജന്സി ഫണ്ടിന് മുന്ഗണന നല്കണം. നിങ്ങള്ക്ക് താങ്ങാന് കഴിയുന്ന തുകയില് തുടങ്ങി ക്രമേണ അത് വളര്ത്തിയെടുക്കുക. ഈ പണം പെട്ടെന്ന് പിന്വലിക്കാന് കഴിയുന്ന രീതിയില് എവിടെയെങ്കിലും സൂക്ഷിക്കുക. ഉയര്ന്ന റിട്ടേണ് നല്കുകയല്ല ഇതിന്റെ ലക്ഷ്യം. മറിച്ച് പെട്ടെന്നുള്ള ചികിത്സാച്ചെലവുകള്, അത്യാവശ്യ വീട് റിപ്പയറിങ്, അല്ലെങ്കില് താല്ക്കാലികമായി വരുമാനം നിലയ്ക്കുക തുടങ്ങിയ സാഹചര്യങ്ങളില് കടം വാങ്ങാതെ ജീവിക്കാന് സഹായിക്കുകയാണ് ഇതിന്റെ ജോലി.
റെഗുലര് സേവിങ്സ്
ഉടന് ഉള്ള സമ്മര്ദ്ദങ്ങള് കുറഞ്ഞുകഴിഞ്ഞാല്, നിക്ഷേപശീലം വീണ്ടും തുടങ്ങുക. മാസാവസാനം വലിയ തുക ബാക്കി വരാന് കാത്തിരിക്കേണ്ടതില്ല. യാഥാര്ത്ഥ്യബോധത്തോടെ എത്ര തുക മാറ്റിവെക്കാന് കഴിയുമെന്ന് തീരുമാനിക്കുക, ശമ്പളം ലഭിച്ചയുടന് ആ തുക മാറ്റി വെക്കുക. ആദ്യം സമ്പാദ്യം പ്ലാന് ചെയ്യുകയും ബാക്കി വരുന്ന തുകയില് ചെലവുകള് ക്രമീകരിക്കുകയും വേണം
ഇന്ഷുറന്സ് പരിശോധിക്കുക
വേണ്ടത്ര ഇന്ഷുറന്സ് പരിരക്ഷ അത്യാവശ്യമാണ്. നിങ്ങളുടെ ആരോഗ്യ ഇന്ഷുറന്സും, നിങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവര് ഉണ്ടെങ്കില് ലൈഫ് ഇന്ഷുറന്സും പരിശോധിക്കുക. നിലവിലെ സാഹചര്യങ്ങള്ക്ക് ഈ കവറേജ് തികയുന്നുണ്ടോ എന്ന് നോക്കുക. വര്ഷങ്ങള്ക്ക് മുമ്പ് എടുത്ത ഒരു പോളിസി വിവാഹം, കുട്ടികള്, ഹോം ലോണ് അല്ലെങ്കില് ഗാര്ഹിക ചെലവുകള് ഗണ്യമായി വര്ദ്ധിച്ച സാഹചര്യത്തില് ഇപ്പോള് മതിയാകാതെ വരാം.


