യാത്രാച്ചെലവിൽ മാത്രം ഒതുങ്ങില്ല! കരുതിയിരിക്കാം, ഇന്ധന വില വർധനവ് സാധാരണക്കാരെ എങ്ങനെയൊക്കെ ബാധിക്കും?

Published : May 15, 2026, 02:22 PM IST
Petrol Price

Synopsis

രാജ്യത്തെ പെട്രോൾ, ഡീസൽ വില വർദ്ധനവ് കേവലം ഇന്ധന നിരക്കുകളിൽ ഒതുങ്ങുന്നില്ലെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ വിലവർദ്ധന ചരക്ക് നീക്കത്തെയും നിത്യോപയോഗ സാധനങ്ങളുടെ വിലയെയും ബാധിക്കുന്നതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റും. യാത്രാച്ചെലവ്, ഭക്ഷ്യവസ്തുക്കളുടെ വില, കാർഷിക ഉൽപ്പാദനച്ചെലവ് എന്നിവയെല്ലാം ഉയരാൻ ഇത് കാരണമാകും.

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത് കേവലം ഇന്ധന നിരക്കുകളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ധനവില ഉയരുന്നത് ചരക്ക് നീക്കത്തെയും നിത്യോപയോഗ സാധനങ്ങളുടെ വിലയെയും ബാധിക്കുന്നതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് പാടെ താളം തെറ്റും.

യാത്ര ഇനി ചിലവേറിയതാകും

ഇന്ധനവില വര്‍ധനയുടെ ആദ്യ പ്രഹരം യാത്രാ മേഖലയ്ക്കാണ്. കാറുകളും ബൈക്കുകളും ഉപയോഗിക്കുന്നവര്‍ക്ക് പെട്രോള്‍ വില വര്‍ധന തിരിച്ചടിയാകുമ്പോള്‍, ഡീസല്‍ വില കൂടുന്നത് ബസ്, ലോറി തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളെ ബാധിക്കും. വരും ദിവസങ്ങളില്‍ ഓട്ടോ-ടാക്‌സി നിരക്കുകളിലും ചരക്ക് കൂലിയിലും വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ട്.

അടുക്കള ബജറ്റ് തകരും

ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിക്കുന്നതാണ് ഏറ്റവും വലിയ ആശങ്ക. പച്ചക്കറി, പാല്‍, ധാന്യങ്ങള്‍ എന്നിവയുടെ വിതരണം പൂര്‍ണ്ണമായും റോഡ് ഗതാഗതത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. ഡീസല്‍ വില കൂടുന്നതോടെ ഇവയുടെ കടത്ത് ചെലവ് വര്‍ധിക്കുകയും അത് ഉപഭോക്താക്കളുടെ തലയില്‍ വരികയും ചെയ്യും. ഇതിനോടകം തന്നെ അമൂല്‍, മദര്‍ ഡയറി തുടങ്ങിയ പ്രമുഖ കമ്പനികള്‍ ലിറ്ററിന് 2 രൂപ വര്‍ധിപ്പിച്ചു കഴിഞ്ഞു. ഇന്ധനവിലയും മറ്റ് ചിലവുകളും വര്‍ധിച്ചതാണ് ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഓണ്‍ലൈന്‍ ഷോപ്പിംഗും ഫുഡ് ഡെലിവറിയും

സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകളും ആമസോണ്‍, ഫ്‌ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും ഡെലിവറി നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കാം. ഇന്ധനച്ചെലവ് കൂടുന്നത് കമ്പനികളെ ഡിസ്‌കൗണ്ടുകള്‍ കുറയ്ക്കാനും മിനിമം ഓര്‍ഡര്‍ വാല്യൂ ഉയര്‍ത്താനും പ്രേരിപ്പിക്കും.

ഗ്രാമീണ മേഖലയ്ക്ക് ഇരട്ടി പ്രഹരം

നഗരങ്ങളേക്കാള്‍ കൂടുതല്‍ ഇന്ധനവില വര്‍ധന ബാധിക്കുന്നത് ഗ്രാമീണ മേഖലയെയാണ്. കൃഷിക്കാവശ്യമായ ട്രാക്ടറുകള്‍, ജലസേചന പമ്പുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ ഡീസല്‍ അത്യാവശ്യമാണ്. ഇന്ധനച്ചെലവ് കൂടുന്നത് കാര്‍ഷിക ഉല്‍പ്പാദന ചെലവ് വര്‍ധിപ്പിക്കുകയും ഇത് വരും മാസങ്ങളില്‍ ഭക്ഷണ സാധനങ്ങളുടെ വില ഇനിയും കൂടാന്‍ കാരണമാവുകയും ചെയ്യും. ചുരുക്കത്തില്‍, ഇന്ധനവില കൂടുമ്പോള്‍ അത് പെട്രോള്‍ പമ്പുകളില്‍ മാത്രം തീരുന്ന പ്രശ്‌നമല്ല; ചായക്കട മുതല്‍ ഷോപ്പിംഗ് മാളുകള്‍ വരെ നീളുന്ന ഒരു വലിയ വിലക്കയറ്റത്തിന്റെ തുടക്കമാണന്നൊണ് വിദഗ്ധര്‍ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഇതിനൊക്കെ കൃത്യമായ കണക്കുണ്ട്! അല്ലെങ്കിൽ പണി പാളും, വീട്ടിൽ എത്ര പവൻ സ്വർണം സൂക്ഷിക്കാം?
'ശമ്പളം കൂടിയാലേ എല്ലാം നടക്കൂ' എന്നാണോ? ഇടത്തരം വരുമാനക്കാര്‍ വരുത്തുന്ന ഏറ്റവും വലിയ തെറ്റ് ഇതാ; മുന്നറിയിപ്പുമായി വിദഗ്ധന്‍