വിരമിച്ച ശേഷം സുഖമായി ജീവിക്കാന്‍ എത്ര രൂപ സമ്പാദിച്ചു വെക്കണം? ഈ ചോദ്യം പത്തുപേരോട് ചോദിച്ചാല്‍ പത്തുത്തരമാകും ലഭിക്കുക. ഒരാള്‍ പറയും ഒരു കോടി മതിയെന്ന്, മറ്റൊരാള്‍ പത്തു കോടിയെങ്കിലും വേണമെന്ന് തറപ്പിച്ചു പറയും. എന്നാല്‍ സത്യം ഇതിനിടയിലെവിടെയോ ആണ്. നിശ്ചിതമായി ഒരു സംഖ്യ പറയുന്നതിനേക്കാള്‍, നിങ്ങളുടെ ജീവിതശൈലിയാണ് ഇതില്‍ നിര്‍ണ്ണായകമാകുന്നത്.
വിശ്രമജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം കണക്കാക്കേണ്ടത് ഒരു വന്‍ തുകയെയല്ല, മറിച്ച് ശമ്പളം നിലച്ചു കഴിഞ്ഞാല്‍ ഓരോ മാസവും നിങ്ങള്‍ക്ക് എത്ര രൂപ ചെലവ് വരുമെന്നതാണ്. ജോലിയില്‍ നിന്നും വിരമിക്കുമ്പോള്‍ വീട് നിര്‍മ്മാണത്തിനുള്ള വായ്പകള്‍ തീര്‍ന്നിട്ടുണ്ടാകാം, മക്കള്‍ സാമ്പത്തികമായി സ്വയംപര്യാപ്തരായിട്ടുണ്ടാകാം. ഇതെല്ലാം ആശ്വാസമാണെങ്കിലും മറ്റുചില ചെലവുകള്‍ ഈ സമയത്ത് കൂടും. പ്രത്യേകിച്ച് ആരോഗ്യപരിരക്ഷ, യാത്രകള്‍, വിനോദങ്ങള്‍ എന്നിവയ്ക്കുള്ള ചെലവ് വര്‍ധിക്കും.നിലവിലെ നിങ്ങളുടെ മാസച്ചെലവിന്റെ എത്ര ശതമാനം റിട്ടയര്‍മെന്റിന് ശേഷം വേണ്ടിവരുമെന്ന് മുന്‍കൂട്ടി കാണണം. എന്നാല്‍ ഇന്ന് നിങ്ങള്‍ കാണുന്ന തുകയല്ല പത്തുപതിനഞ്ച് വര്‍ഷം കഴിഞ്ഞു വേണ്ടിവരിക എന്നത് പലരും മറന്നുപോകുന്നു.
പലരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നത് 'വിലക്കയറ്റം' എന്ന വില്ലനാണ്. ഇന്ത്യയിലെ വിലക്കയറ്റ നിരക്ക് ഏകദേശം 4 മുതല്‍ 7 ശതമാനം വരെയാണ്. ഇത് നിസ്സാരമെന്നു തോന്നാമെങ്കിലും 20-25 വര്‍ഷം കഴിയുമ്പോള്‍ നിങ്ങളുടെ ചെലവ് പലമടങ്ങായി ഇത് വര്‍ധിപ്പിക്കും. ഉദാഹരണത്തിന്, ഇന്ന് മാസത്തില്‍ 50,000 രൂപ ചെലവുള്ള ഒരാള്‍ക്ക് 20 വര്‍ഷം കഴിഞ്ഞ് അതെ ജീവിതശൈലി തുടരണമെങ്കില്‍ മാസം 2 മുതല്‍ 3 ലക്ഷം രൂപ വരെ വേണ്ടിവരും. ജോലിയില്‍ നിന്ന് വിരമിച്ചാലും ഈ വിലക്കയറ്റം നില്‍ക്കില്ല എന്നതും പ്രധാനമാണ്.
എത്ര രൂപ കൈവശം വേണം?
സാമ്പത്തിക വിദഗ്ധര്‍ ഇതിനായി ലളിതമായൊരു വഴി പറഞ്ഞുതരുന്നുണ്ട്. വിരമിക്കുന്ന കാലയളവില്‍ നിങ്ങളുടെ ഒരു വര്‍ഷത്തെ ആകെ ചെലവിന്റെ 25 മുതല്‍ 30 മടങ്ങ് വരെ തുക നിങ്ങളുടെ കയ്യില്‍ സമ്പാദ്യമായി ഉണ്ടായിരിക്കണം. ഇതിന്റെ 3 മുതല്‍ 4 ശതമാനം വരെ തുക ഓരോ വര്‍ഷവും പിന്‍വലിച്ചാല്‍ തുക പെട്ടെന്ന് തീര്‍ന്നുപോകാതെ ജീവിതകാലം മുഴുവന്‍ മുന്നോട്ടുപോകാന്‍ സാധിക്കും. നിങ്ങളുടെ വാര്‍ഷിക ചെലവ് 20 ലക്ഷം രൂപയാണെങ്കില്‍, കുറഞ്ഞത് 5 കോടി രൂപയെങ്കിലും സമ്പാദ്യമായി വേണം.
ഒരു കോടി കൊണ്ട് ഇനി കാര്യമുണ്ടോ?
ഒരുകാലത്ത് 'ഒരു കോടി രൂപ' എന്നത് വിരമിക്കല്‍ ജീവിതത്തിന് ധാരാളമായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് നഗരപ്രദേശങ്ങളില്‍ ജീവിക്കുന്ന ഒരാള്‍ക്ക് ഈ തുക ഒന്നിനും തികയില്ല. മരുന്നിനും ഭക്ഷണത്തിനുമുള്ള അടിസ്ഥാന ചെലവുകള്‍ക്ക് പോലും ഈ തുക അപര്യാപ്തമായേക്കാം. ജീവിതദൈര്‍ഘ്യം കൂടുന്നതും ആരോഗ്യച്ചെലവുകള്‍ വര്‍ധിക്കുന്നതും കണക്കിലെടുക്കുമ്പോള്‍ ഒരുകോടി എന്നത് ചെറിയ തുകയാണ്. ഇന്നത്തെ കാലത്ത് നഗരങ്ങളില്‍ മാന്യമായ രീതിയില്‍ വിരമിക്കല്‍ ജീവിതം നയിക്കാന്‍ മാസത്തില്‍ 1 മുതല്‍ 2 ലക്ഷം രൂപ വരെ ചെലവ് വരും. ഇത് കണക്കാക്കിയാല്‍ ഏകദേശം 3 കോടി മുതല്‍ 8 കോടി രൂപ വരെ കൈവശമുണ്ടാകണം.
ആയുസ്സ് കൂടുന്നു, കരുതലും വേണം
ഇന്നത്തെ റിട്ടയര്‍മെന്റ് വെറും അതിജീവനം മാത്രമല്ല, മറിച്ച് മക്കളെയോ മറ്റുള്ളവരെയോ ആശ്രയിക്കാതെ അന്തസ്സായി ജീവിക്കുക കൂടിയാണ്. ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാനും യാത്രകള്‍ ചെയ്യാനും ഹോബികള്‍ക്കായി സമയം കണ്ടെത്താനും പണം വേണം. ആയുര്‍ദൈര്‍ഘ്യം കൂടുന്നതിനാല്‍ വിരമിച്ചതിനുശേഷം 25 മുതല്‍ 30 വര്‍ഷം വരെയുള്ള ജീവിതം മുന്‍കൂട്ടി പ്ലാന്‍ ചെയ്യേണ്ടതുണ്ട്.എല്ലാവര്‍ക്കും അനുയോജ്യമായ ഒരു മാന്ത്രിക സംഖ്യ നിക്ഷേപത്തിലില്ല. നിങ്ങളുടെ ഇന്നത്തെ ചെലവുകള്‍ കണക്കാക്കുക, അതില്‍ വിലക്കയറ്റം കൂട്ടി ഭാവിയിലെ തുക കണ്ടെത്തുക, അത് നേടാനായി നേരത്തെ തന്നെ നിക്ഷേപം തുടങ്ങുക. എത്ര നേരത്തെ തുടങ്ങുന്നുവോ അത്രയും എളുപ്പത്തില്‍ ലക്ഷ്യത്തിലെത്താം.