വിരമിക്കല്‍ കാലത്തെ 'നിശബ്ദ വില്ലന്‍'; ചികിത്സാ ചെലവുകള്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ തകര്‍ത്തേക്കാം!

Published : Mar 25, 2026, 06:15 PM IST
indian rupee

Synopsis

വിരമിക്കല്‍ കാലത്ത് പലരും ചികില്‍സാ ചെലവുകള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാറില്ല. എന്നാല്‍, തുടര്‍ച്ചയായി വരുന്ന മരുന്നുകളുടെയും പരിശോധനകളുടെയും ചെലവും കുതിച്ചുയരുന്ന ആശുപത്രി ബില്ലുകളും നിങ്ങളുടെ സമ്പാദ്യത്തെ ഇല്ലാതാക്കിയേക്കാം. തെറ്റായ കണക്കുകൂട്ടല്‍ എങ്ങനെയാണ് നിങ്ങളുടെ സമ്പാദ്യത്തെ ബാധിക്കുന്നതെന്ന് നോക്കാം.

ജോലിയില്‍ നിന്ന് വിരമിച്ച് സമാധാനമായി വിശ്രമജീവിതം നയിക്കുന്നതിനെക്കുറിച്ച് എല്ലാവര്‍ക്കും വലിയ സ്വപ്നങ്ങളുണ്ടാകും. മക്കളുടെ വിവാഹം, യാത്രകള്‍, കടങ്ങളില്ലാത്ത ശാന്തമായ ജീവിതം... ഇങ്ങനെ പോകും ആ പട്ടിക. എന്നാല്‍ ഈ മനോഹരമായ പ്ലാനുകളെല്ലാം പാളം തെറ്റിക്കാന്‍ ശേഷിയുള്ള ഒന്നുണ്ട്-അനിയന്ത്രിതമായി വര്‍ധിക്കുന്ന ചികില്‍സാ ചെലവുകള്‍.

മിക്കവരും റിട്ടയര്‍മെന്റ് പ്ലാന്‍ ചെയ്യുമ്പോള്‍ ദൈനംദിന ചെലവുകള്‍ക്കും യാത്രകള്‍ക്കും പ്രാധാന്യം നല്‍കുമെങ്കിലും ആരോഗ്യകാര്യങ്ങള്‍ക്കായി വേണ്ടത്ര തുക മാറ്റിവെക്കാറില്ല. ആ തെറ്റായ കണക്കുകൂട്ടല്‍ എങ്ങനെയാണ് നിങ്ങളുടെ സമ്പാദ്യത്തെ ബാധിക്കുന്നതെന്ന് നോക്കാം.

ഇത് ഒറ്റത്തവണ ചെലവല്ല

ആശുപത്രിയില്‍ അഡ്മിറ്റാകുമ്പോള്‍ മാത്രം വരുന്ന ഒന്നല്ല വിരമിക്കല്‍ കാലത്തെ ചികില്‍സാ ചെലവ്. ഇതൊരു തുടര്‍ച്ചയായ പ്രക്രിയയാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, കൃത്യമായ ഇടവേളകളിലുള്ള പരിശോധനകള്‍, ഡോക്ടറെ കാണല്‍ എന്നിവ ഇതിന്റെ ഭാഗമാണ്. ഈ ചെറിയ തുകകള്‍ ഓരോ മാസവും കൂടിച്ചേര്‍ന്ന് വര്‍ഷാവസാനം ഒരു വലിയ തുകയായി മാറും. അതായത്, വലിയൊരു ബില്ലല്ല, മറിച്ച് നിശബ്ദമായി വരുന്ന ചെറിയ ചെലവുകളാണ് നിങ്ങളുടെ പോക്കറ്റ് ചോര്‍ത്തുന്നത്.

വേഗത്തില്‍ കുതിക്കുന്ന ചികിത്സാ ചെലവ്

സാധാരണ സാധനങ്ങളുടെ വില കൂടുന്നതിനേക്കാള്‍ വേഗത്തിലാണ് ഇന്ത്യയില്‍ ചികിത്സാ ചെലവുകള്‍ വര്‍ധിക്കുന്നത്. ഇന്ന് അഞ്ച് ലക്ഷം രൂപയ്ക്ക് ലഭിക്കുന്ന ഒരു ശസ്ത്രക്രിയക്കോ ചികില്‍സയ്‌ക്കോ പത്തോ പതിനഞ്ചോ വര്‍ഷം കഴിയുമ്പോള്‍ അതിന്റെ ഇരട്ടിയിലധികം നല്‍കേണ്ടി വരും. നമ്മുടെ സമ്പാദ്യം വളരുന്നതിനേക്കാള്‍ വേഗത്തില്‍ ആശുപത്രി ബില്ലുകള്‍ വളരുന്നത് പലപ്പോഴും നമ്മള്‍ തിരിച്ചറിയാറില്ല.

ഇന്‍ഷുറന്‍സ് കൊണ്ട് മാത്രം മതിയോ?

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തീര്‍ച്ചയായും വലിയൊരു ആശ്വാസമാണ്. എന്നാല്‍ അത് കൊണ്ട് മാത്രം എല്ലാമായി എന്ന് കരുതരുത്. പ്രായം കൂടുമ്പോള്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക കുത്തനെ കൂടും. പല പോളിസികളിലും ചില രോഗങ്ങള്‍ക്കോ മരുന്നുകള്‍ക്കോ പരിരക്ഷ ലഭിക്കില്ല. ആശുപത്രി ബില്ലിലെ മുഴുവന്‍ തുകയും കമ്പനി നല്‍കിക്കൊള്ളണമെന്നില്ല. അതുകൊണ്ട് തന്നെ ഇന്‍ഷുറന്‍സിന് പുറമെ കൈയില്‍ നിന്ന് നല്‍കേണ്ടി വരുന്ന തുകകള്‍ക്കായി പ്രത്യേകം പണം കരുതേണ്ടത് അത്യാവശ്യമാണ്.

ആയുസ് കൂടുമ്പോള്‍ കരുതൽ വേണം

നല്ല ഭക്ഷണവും മികച്ച ചികിത്സയും കാരണം ഇന്ന് മനുഷ്യരുടെ ശരാശരി ആയുസ് കൂടിയിട്ടുണ്ട്. ഇത് സന്തോഷകരമായ കാര്യമാണെങ്കിലും, 80-കളിലും 90-കളിലും ജീവിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള ചികിത്സാ ചെലവുകള്‍ക്ക് വലിയൊരു തുക ആവശ്യമായി വരും. നിങ്ങളുടെ സമ്പാദ്യം എത്രയുണ്ട് എന്നതിനേക്കാള്‍ പ്രധാനം, അത് ജീവിതത്തിന്റെ അവസാനം വരെ തികയുമോ എന്നതാണ്. അപ്രതീക്ഷിതമായി വരുന്ന ഒരു വലിയ ആശുപത്രി ബില്‍ മതി, നിങ്ങള്‍ വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ സമ്പാദ്യം മുഴുവന്‍ ഇല്ലാതാക്കാന്‍.

എങ്ങനെ മുന്‍കരുതലെടുക്കാം?

പ്രത്യേക ഫണ്ട്: വിരമിക്കല്‍ സമ്പാദ്യത്തിന്റെ ഒരു ഭാഗം ചികില്‍സയ്ക്കായി മാത്രം മാറ്റിവെക്കുക.

പോളിസികള്‍ പരിശോധിക്കുക: നിലവിലുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ കൃത്യസമയത്ത് പുതുക്കുകയും ആവശ്യമെങ്കില്‍ കവറേജ് വര്‍ധിപ്പിക്കുകയും ചെയ്യുക.

മുന്നൊരുക്കം: ഭാവിയില്‍ ചികില്‍സാ ചെലവുകള്‍ ഇരട്ടിയായാലും തളരാത്ത വിധം സാമ്പത്തിക പ്ലാനിങ് നടത്തുക.

വിരമിക്കല്‍ കാലം ആസ്വദിക്കാനുള്ളതാണ്, ആശുപത്രി ബില്ലുകളെ പേടിച്ച് കഴിയാനുള്ളതല്ല. കൃത്യമായ പ്ലാനിംഗിലൂടെ ഈ പ്രതിസന്ധിയെ നമുക്ക് മറികടക്കാം.

PREV
Read more Articles on
click me!

Recommended Stories

ചതിച്ചാശാനേ! സൊമാറ്റോയ്ക്ക് പിന്നാലെ സ്വിഗ്ഗിയും, ഇനി ഓർഡർ ചെയ്യാൻ ചെലവേറും; പ്ലാറ്റ്ഫോം ഫീ കുത്തനെ കൂട്ടി
ഇത് പോലെ ആകില്ല കാര്യങ്ങൾ! എടിഎമ്മില്‍ നിന്ന് കാശ് പിന്‍വലിക്കുമ്പോള്‍ സൂക്ഷിക്കുക; ഏപ്രില്‍ 1 മുതല്‍ എടിഎം നിയമങ്ങളില്‍ മാറ്റം