
അമ്മയ്ക്കോ അച്ഛനോ ഹൃദ്രോഗം പോലെയുള്ള അസുഖങ്ങൾ ഉള്ളവരാണോ നിങ്ങൾ? നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിലും ഒരു കരുതൽ എടുക്കേണ്ടതുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഭാവിയിലെ അടിയന്തര ചികിത്സാച്ചെലവുകൾ നേരിടാൻ ശരിയായ ഹെൽത്ത് ഇൻഷുറൻസ് പോളിസി അത്യന്താപേക്ഷിതമാണ്.
കുടുംബത്തിൽ ഹൃദ്രോഗ പാരമ്പര്യമുള്ളവർ ഇൻഷുറൻസ് എടുക്കുമ്പോൾ പ്രധാനമായും തുകയുടെ അളവിലാണ് ശ്രദ്ധിക്കേണ്ടത്. ഇന്ത്യയിൽ സങ്കീർണ്ണമായ ഹൃദയസംബന്ധമായ ചികിത്സകൾക്ക് 20 മുതൽ 25 ലക്ഷം രൂപ വരെ ചെലവ് വരാറുള്ളതിനാൽ, കുറഞ്ഞത് 25 മുതൽ 50 ലക്ഷം രൂപ വരെയെങ്കിലും കവറേജ് ഉള്ള പോളിസികൾ തിരഞ്ഞെടുക്കുന്നതാണ് സുരക്ഷിതം. കൂടാതെ ഹൃദയസംബന്ധമായ ചികിത്സകൾക്ക് പ്രത്യേകം തുക പരിധി (Sub-limits) വയ്ക്കാത്ത പോളിസികൾ വേണം തിരഞ്ഞെടുക്കാൻ.
പോളിസിയിൽ ഉൾപ്പെടുത്തിയിരിക്കേണ്ട മറ്റ് പ്രധാന സവിശേഷതകളാണ് റീസ്റ്റോർ ബെനിഫിറ്റ്. ഒരു വർഷത്തിനിടെ ഒന്നിലധികം തവണ ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നാൽ ഇൻഷുറൻസ് തുക വീണ്ടും പൂർണമായി ലഭ്യമാക്കാൻ റീസ്റ്റോർ ബെനിഫിറ്റ് സഹായിക്കും. മുറി വാടകയ്ക്ക് തുകയിൽ പരിധിയില്ലാത്ത പോളിസികൾ തെരഞ്ഞെടുക്കുന്നത് മികച്ച സൗകര്യമുള്ള ആശുപത്രികളിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ രോഗിയെ സഹായിക്കും. സിറിഞ്ചുകൾ, ഗ്ലൗസുകൾ തുടങ്ങിയ സാമഗ്രികളുടെ ചെലവുകൾ (Non-consumables) ഉൾപ്പെടുന്ന പോളിസികൾ തിരഞ്ഞെടുക്കുന്നതും അനാവശ്യ സാമ്പത്തിക ബാധ്യത ഒഴിവാക്കും.
സ്റ്റെന്റുകൾ, റോബോട്ടിക് ശസ്ത്രക്രിയകൾ തുടങ്ങിയ ആധുനിക ചികിത്സാ രീതികൾക്കും, ഇസിജി, ലിപിഡ് പ്രൊഫൈൽ, സ്ട്രെസ് ടെസ്റ്റ് തുടങ്ങിയ വാർഷിക പരിശോധനകൾക്കും ഒപിഡി സൗകര്യങ്ങൾക്കും കവറേജ് നൽകുന്ന പോളിസികളാണ് അനുയോജ്യം. ഒപ്പം നിങ്ങൾ താമസിക്കുന്ന നഗരത്തിലെ പ്രധാന ഹൃദ്രോഗ ചികിത്സാ കേന്ദ്രങ്ങൾ ഇൻഷുറൻസ് കമ്പനിയുടെ ക്യാഷ്‌ലെസ് നെറ്റ്‌വർക്കിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.