ലോണ്‍ ഇഎംഐ കൃത്യമായി അടച്ചാല്‍ മാത്രം പോരാ; എന്‍ഒസി ലഭിച്ചോ എന്ന് ഉറപ്പാക്കണം, ഈ രേഖയുടെ പ്രാധാന്യം അറിയാം

Published : Oct 19, 2026, 04:21 PM IST
loan NOC

Synopsis

വായ്പയുടെ മുഴുവൻ തുകയും തിരിച്ചടച്ചു എന്ന് തെളിയിക്കുന്ന ഔദ്യോഗിക രേഖയാണ് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC). ഓരോ ഇഎംഐ അടയ്ക്കുമ്പോഴല്ല, മറിച്ച് വായ്പ പൂർണ്ണമായി അടച്ചു തീർക്കുമ്പോഴാണ് ഈ രേഖ ലഭിക്കുന്നത്. ഭാവിയിൽ ബാങ്കുമായുള്ള തർക്കങ്ങൾ ഒഴിവാക്കാൻ ലോൺ ക്ലോഷർ സർട്ടിഫിക്കറ്റ് വാങ്ങേണ്ടത് അത്യാവശ്യമാണ്.

വായ്പ എടുത്തിട്ടുണ്ടെങ്കില്‍ എല്ലാ മാസവും ഇഎംഐ കൃത്യസമയത്ത് അടയ്ക്കുന്നതാണ് അച്ചടക്കമുള്ള സാമ്പത്തിക ശീലം. ഇത് തിരിച്ചടവ് കൃത്യമായി മുന്നോട്ടു കൊണ്ടുപോകാനും വായ്പക്കാരന്റെ ക്രെഡിറ്റ് പ്രൊഫൈല്‍ മെച്ചപ്പെടുത്താനും സഹായിക്കും. ഇങ്ങനെ വായ്പ പൂര്‍ണമായി തിരിച്ചടച്ചുവെന്ന് സ്ഥിരീകരിക്കുന്ന പ്രധാന രേഖയാണ് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്. വായ്പയില്‍ കുടിശികയൊന്നും ബാക്കിയില്ലെന്ന് ധനകാര്യ സ്ഥാപനം ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തുന്ന രേഖയാണിത്. എന്നാല്‍ ഓരോ ഇഎംഐ അടയ്ക്കുമ്പോഴും എന്‍ഒസി ലഭിക്കുമോ, അതോ വായ്പ മുഴുവന്‍ തിരിച്ചടച്ചശേഷം മാത്രമാണോ ഈ രേഖ നല്‍കുന്നത്?

എന്താണ് ലോണ്‍ എന്‍ഒസി? എപ്പോഴാണ് ലഭിക്കുക?

വായ്പക്കാരന്‍ വായ്പയെടുത്ത മുഴുവന്‍ തുകയും തിരിച്ചടച്ചെന്നും അക്കൗണ്ടില്‍ ഇനി കുടിശികയൊന്നും ബാക്കിയില്ലെന്നും വ്യക്തമാക്കുന്ന ഔദ്യോഗിക രേഖയാണ് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്. വായ്പ നല്‍കിയ ധനകാര്യ സ്ഥാപനത്തിന്റെ നടപടിക്രമമനുസരിച്ച് ഇതിനെ ലോണ്‍ ക്ലോഷര്‍ സര്‍ട്ടിഫിക്കറ്റ് എന്നും വിളിക്കാറുണ്ട്.

ഓരോ മാസവും ഇഎംഐ അടയ്ക്കുമ്പോള്‍ വായ്പയുടെ മുതലും പലിശയും തിരിച്ചടയ്ക്കുകയാണ് ചെയ്യുന്നത്. ഇതോടെ ബാക്കിയുള്ള ബാധ്യത കുറയുമെങ്കിലും വായ്പാ അക്കൗണ്ട് പൂര്‍ണമായി അവസാനിക്കുന്നില്ല. അതിനാല്‍ ഓരോ ഇഎംഐ അടയ്ക്കുമ്പോഴും എന്‍ഒസി നല്‍കാറില്ല. വായ്പയുടെ മുഴുവന്‍ തുകയും തിരിച്ചടച്ചശേഷമാണ് സാധാരണയായി ഈ രേഖ ലഭിക്കുക.

അവസാന ഇഎംഐ അടച്ചതിനൊപ്പം പിഴകള്‍, പിഴപ്പലിശ, മറ്റ് കുടിശികകള്‍ എന്നിവയുണ്ടെങ്കില്‍ അവയും തീര്‍ക്കണം. തുടര്‍ന്ന് ധനകാര്യ സ്ഥാപനം വായ്പാ അക്കൗണ്ടിലെ വിവരങ്ങളും വായ്പക്കാരന്റെ തിരിച്ചറിയല്‍ വിവരങ്ങളും പരിശോധിച്ചശേഷമാണ് എന്‍ഒസിയോ ലോണ്‍ ക്ലോഷര്‍ രേഖയോ നല്‍കുന്നത്.

വായ്പയുടെ കാലാവധി അവസാനിക്കുന്നതിനു മുന്‍പുതന്നെ മുഴുവന്‍ തുകയും തിരിച്ചടയ്ക്കുന്നവര്‍ക്കും ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. വായ്പാ കരാറിലെ നിബന്ധനകള്‍ പാലിച്ചുകൊണ്ട് ഇത്തരം സാഹചര്യങ്ങളില്‍ എന്‍ഒസി ആവശ്യപ്പെടാം.

ലോണ്‍ എന്‍ഒസി പ്രധാനം

വായ്പയുടെ തിരിച്ചടവ് ബാധ്യതകള്‍ പൂര്‍ണമായി നിറവേറ്റിയെന്നതിന്റെ രേഖാമൂലമുള്ള തെളിവാണ് എന്‍ഒസി. വായ്പ അടച്ചുതീര്‍ത്തിട്ടും ധനകാര്യ സ്ഥാപനത്തിന്റെ രേഖകളില്‍ അത് കൃത്യമായി പുതുക്കിയിട്ടില്ലെങ്കില്‍ ഭാവിയില്‍ തര്‍ക്കങ്ങളുണ്ടാകാം. ഇത്തരം സാഹചര്യങ്ങളില്‍ വായ്പ അവസാനിപ്പിച്ചതിന്റെ ഔദ്യോഗിക രേഖ സഹായകമാകും.

PREV
Read more Articles on
click me!

Recommended Stories

ഭവനവായ്പ അടച്ചുതീര്‍ന്നു; ഇനി ആ പണം എന്തുചെയ്യണം? സാമ്പത്തിക സുരക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആധാറും യുപിഐയും കരുത്ത്; ലോകത്തിലെ മികച്ച 10 പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെട്ട് ഇന്ത്യയുടെ ഡിജിറ്റല്‍ മുന്നേറ്റം