ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യാൻ അറിയില്ലേ? ടെൻഷൻ വേണ്ട, ശമ്പളക്കാര്‍ക്കുള്ള ലളിതമായ വഴിയിതാ

Published : Jun 27, 2025, 05:42 PM IST
Income tax return penalty

Synopsis

പിഴയോടുകൂടി വൈകിയുള്ള റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ അനുവാദമുണ്ട്.

2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള (അസസ്‌മെന്റ് വര്‍ഷം 2025-26) ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ആദായനികുതി വകുപ്പ് ആരംഭിച്ചു. ITR-1 (സഹജ്), ITR-4 (സുഗം) എന്നിവ ഫയല്‍ ചെയ്യുന്നതിനായി ഒരു ഓഫ്ലൈന്‍ യൂട്ടിലിറ്റി എക്‌സല്‍ ഫോര്‍മാറ്റില്‍ പുറത്തിറക്കിയിട്ടുണ്ട്. സാധാരണയായി ജൂലൈ 31-ന് അവസാനിക്കുന്ന റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 15, 2025 വരെ നീട്ടിയിട്ടുണ്ട്. യൂട്ടിലിറ്റി പുറത്തിറക്കുന്നതിലുണ്ടായ കാലതാമസവും ഘടനാപരമായ മാറ്റങ്ങളുമാണ് ഇതിന് കാരണം. എന്നാല്‍, സെല്‍ഫ്-അസസ്‌മെന്റ് ടാക്‌സ് ജൂലൈ 31, 2025-നകം അടയ്ക്കണം. ഈ തീയതിക്ക് ശേഷം അടയ്ക്കുന്ന നികുതിക്ക് പിഴപ്പലിശ ഈടാക്കുന്നതാണ്.

ശമ്പളവരുമാനക്കാര്‍ക്ക് ആദായനികുതി റിട്ടേണ്‍ കൃത്യമായി ഫയല്‍ ചെയ്യാനുള്ള ലളിതമായ വഴിയിതാ

1. ശരിയായ ITR ഫോം തിരഞ്ഞെടുക്കുക ശരിയായ ITR ഫോം തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. മിക്ക ശമ്പളവരുമാനക്കാര്‍ക്കും അവരുടെ വരുമാനം ശമ്പളം, ഒരു വീട്ടുവാടക, മറ്റ് സ്രോതസ്സുകള്‍ (പലിശ പോലുള്ളവ) എന്നിവയില്‍ നിന്നാണെങ്കില്‍ ITR-1 (സഹജ്) ഉപയോഗിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയും. ആകെ വരുമാനം 50 ലക്ഷം രൂപയില്‍ കൂടരുത്. ക്യാപിറ്റല്‍ ഗെയിന്‍സ്, വിദേശ വരുമാനം അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ വീട്ടുവാടകയില്‍ നിന്നുള്ള വരുമാനം എന്നിവയുണ്ടെങ്കില്‍ ITR-2 ഉപയോഗിക്കണം. തെറ്റായ ഫോം ഉപയോഗിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ അത് അസാധുവാകുകയും വീണ്ടും ഫയല്‍ ചെയ്യേണ്ടി വരികയും ചെയ്യും.

2. പഴയതും പുതിയതുമായ നികുതി വ്യവസ്ഥകള്‍ തിരഞ്ഞെടുക്കുക ഇളവുകളും കിഴിവുകളുമുള്ള പഴയ നികുതി വ്യവസ്ഥയാണോ കുറഞ്ഞ സ്ലാബ് നിരക്കുകളും കുറഞ്ഞ കിഴിവുകളുമുള്ള പുതിയ നികുതി വ്യവസ്ഥയാണോ വേണ്ടതെന്ന് തീരുമാനിക്കണം. ഹൗസ് റെന്റ് അലവന്‍സ് (HRA) ലഭിക്കുന്നവര്‍ക്ക് പഴയ വ്യവസ്ഥ കൂടുതല്‍ ലാഭകരമായേക്കാം. കൂടാതെ, പിപിഎഫ്, എന്‍ എസ് സി പോലുള്ള പദ്ധതികളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് പഴയ വ്യവസ്ഥയില്‍ മാത്രമേ നികുതി ഇളവ് ലഭിക്കൂ. പഴയ വ്യവസ്ഥ തിരഞ്ഞെടുക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ തൊഴിലുടമയെ അറിയിക്കുക, അല്ലാത്തപക്ഷം പുതിയ വ്യവസ്ഥ സ്വയമേവ തിരഞ്ഞെടുക്കപ്പെടും.

3. രേഖകള്‍ ശേഖരിച്ച് പരിശോധിക്കുക തൊഴിലുടമ നല്‍കുന്ന ഫോം 16 ല്‍ ശമ്പളവും ടിഡിഎസും ഉണ്ടായിരിക്കും. ഫോം 26എഎസ് പ്രിന്റ് എടുത്ത് എല്ലാ നികുതി ക്രെഡിറ്റുകളും അതില്‍ ഉള്‍പ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുക. ശമ്പളം, പലിശ വരുമാനം എന്നിവയുടെ ടിഡിഎസ് ഉള്‍പ്പെടെയുള്ളവ അതില്‍ ഉണ്ടോ എന്നും, അവ നിങ്ങളുടെ ഫോം 16-മായി ഒത്തുപോകുന്നുണ്ടോ എന്നും ഉറപ്പാക്കുക. ഈ വിവരങ്ങള്‍ ഒത്തുപോകുന്നത് റിട്ടേണ്‍ പ്രോസസ്സിംഗ് വൈകുന്നത് തടയാന്‍ സഹായിക്കും.

4. റിട്ടേണ്‍ എങ്ങനെ ഫയല്‍ ചെയ്യാം? റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി ആദായനികുതി വകുപ്പ് ഒരു ഓഫ്ലൈന്‍ യൂട്ടിലിറ്റി (എക്‌സല്‍ അടിസ്ഥാനമാക്കിയുള്ളത്) നല്‍കുന്നുണ്ട്. ഇത് വഴ് റിട്ടേണ്‍ ഓഫ്ലൈനായി തയ്യാറാക്കാം. ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ITR-1, ITR-4 എന്നിവ ഫയല്‍ ചെയ്യുന്നതിന് ലളിതമായഓപ്ഷനുകള്‍ നല്‍കുന്നു. ഇവ ഫോം 16 വിവരങ്ങളും നിക്ഷേപ വിവരങ്ങളും മുന്‍കൂട്ടി പൂരിപ്പിക്കുന്നതിനാല്‍ കൂടുതല്‍ സൗകര്യപ്രദമാണ്.

5. അവസാന തീയതിയും വൈകിയുള്ള ഫയലിംഗും

നോണ്‍-ഓഡിറ്റ് കേസുകളിലെ (ശമ്പളവരുമാനക്കാര്‍ പോലുള്ളവര്‍) അവസാന തീയതി സെപ്റ്റംബര്‍ 15, 2025 ആയി ആദായനികുതി വകുപ്പ് നീട്ടിയിട്ടുണ്ട്. എന്നിരുന്നാലും, ജൂലൈ 31, 2025-ന് ശേഷം സെല്‍ഫ്-അസസ്‌മെന്റ് ടാക്‌സ് അടയ്ക്കുകയാണെങ്കില്‍, താമസം വരുന്ന ഓരോ ദിവസത്തിനും പിഴപ്പലിശയും ഫീസും ഈടാക്കുന്നതാണ്.

പിഴയോടുകൂടി വൈകിയുള്ള റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ അനുവാദമുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ മറന്നുപോയവര്‍ക്ക്, ITR-U ഉപയോഗിച്ച് കഴിഞ്ഞ രണ്ട് വര്‍ഷത്തെ വൈകിയുള്ള റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ അവസരമുണ്ട്.

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?