
സോഷ്യല്‍ മീഡിയ തുറന്നാല്‍ ഇന്ന് പുതിയ വീട് വാങ്ങുന്നവരുടെയും, കാര്‍ മാറ്റുന്നവരുടെയും, വിദേശയാത്ര നടത്തുന്നവരുടെയും, ഓഹരി വിപണിയിലെ ലാഭക്കണക്കുകള്‍ പറയുന്നവരുടേയുമൊക്കെ ചിത്രങ്ങളും വീഡിയോകളുമാണ് നിറയെ. ഇതൊക്കെ കണ്ട്, തുടര്‍ച്ചയായി മറ്റുള്ളവരുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്ത് 'എനിക്കിതൊന്നും സാധിക്കുന്നില്ലല്ലോ' എന്ന് നിരാശപ്പെടുന്നവരാണോ നിങ്ങള്‍?
എന്നാല്‍ യഥാര്‍ത്ഥ സാമ്പത്തിക ഭദ്രത എന്നത് നമ്മള്‍ പുറമെ കാണുന്നതിലും വളരെ വ്യത്യസ്തമാണ്. ജീവിതം 'അങ്ങനെ തട്ടിമുട്ടി പോകുന്നു' എന്ന് കരുതുന്ന പല ഇന്ത്യക്കാരും യഥാര്‍ത്ഥത്തില്‍ സാമ്പത്തികമായി വളരെ മികച്ച നിലയിലാണെന്നതാണ് സത്യം. നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ മികച്ച സാമ്പത്തിക നിലയിലാണ് നിങ്ങളെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്ന 4 ലക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്.
ബില്ലുകളും ഇഎംഐകളും ദൈനംദിന ചിലവുകളും കഴിഞ്ഞിട്ടും മാസാവസാനം നിങ്ങളുടെ കയ്യില്‍ കുറച്ചു പണം ബാക്കിയുണ്ടാകാറുണ്ടോ? എങ്കില്‍ നിങ്ങള്‍ മികച്ച ട്രാക്കിലാണ്. മിക്ക കുടുംബങ്ങളും ആഗ്രഹിക്കുന്ന ഒരു കാര്യമാണിത്. നിങ്ങള്‍ സമ്പാദ്യത്തിനായി മാറ്റിവെക്കുന്നത് 5,000 രൂപയായാലും 25,000 രൂപയായാലും അതൊരു പ്രശ്‌നമല്ല. വരവും ചിലവും തമ്മില്‍ കൃത്യമായൊരു അകലം പാലിക്കാന്‍ നിങ്ങള്‍ക്ക് സ്ഥിരമായി കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം. ഈ തുകയാണ് ഭാവിയില്‍ നിങ്ങളുടെ എമര്‍ജന്‍സി ഫണ്ടായും, റിട്ടയര്‍മെന്റ് സമ്പാദ്യമായും, സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിലേക്കുമുള്ള അടിത്തറയായി മാറുന്നത്.
പെട്ടെന്നൊരു ദിവസം നിങ്ങളുടെ കാറിന് ഒരു വലിയ മെയിന്റനൻസ് വേണ്ടിവരുന്നു. അല്ലെങ്കില്‍ വീട്ടിലൊരാള്‍ക്ക് അപ്രതീക്ഷിതമായി ആശുപത്രി ചിലവ് വരുന്നു എന്ന് കരുതുക. ഇതിനായി നിങ്ങള്‍ക്ക് പെട്ടെന്നൊരു പേഴ്‌സണല്‍ ലോണ്‍ എടുക്കേണ്ടി വരുമോ? 'ഇല്ല' എന്നാണ് ഉത്തരമെങ്കില്‍, വിചാരിക്കുന്നതിലും സാമ്പത്തികമായി സേഫ് ആണ് നിങ്ങള്‍. കടം വാങ്ങാതെ ഇത്തരം അപ്രതീക്ഷിത ചിലവുകളെ പതറാതെ നേരിടാന്‍ കഴിയുക എന്നത് തന്നെയാണ് സാമ്പത്തിക ഭദ്രതയുടെ ഏറ്റവും വലിയ ലക്ഷണം. കേള്‍ക്കുമ്പോള്‍ വലിയ ആവേശമൊന്നും തോന്നില്ലെങ്കിലും, അത്യാവശ്യ ഘട്ടങ്ങളിലേക്ക് ഉപയോഗിക്കാന്‍ പണം മാറ്റിവെച്ചിട്ടുണ്ട് എന്നത് തന്നെയാണ് വലിയൊരു സമ്പത്ത്.
3. ഉറക്കം കെടുത്തുന്ന കടങ്ങളില്ല
പലപ്പോഴും വരുമാനത്തെക്കുറിച്ചാണ് എല്ലാവരും സംസാരിക്കാറുള്ളത്, എന്നാല്‍ ഒരാളുടെ സാമ്പത്തിക നില വ്യക്തമാക്കുന്നത് അയാളുടെ ബാധ്യതകളാണ്. വലിയ ശമ്പളം വാങ്ങുമ്പോഴും എപ്പോഴും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പലരെയും നമ്മള്‍ കണ്ടിട്ടുണ്ടാകും. വീടിന്റെയും കാറിന്റെയും വമ്പന്‍ ഇഎംഐകളും, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും, പേഴ്‌സണല്‍ ലോണുകളുമൊക്കെ കാരണം വലിയ ശമ്പളം പോലും തികയാത്ത അവസ്ഥ വരാം. മറുവശത്ത്, ചെറിയ ശമ്പളമാണെങ്കിലും വലിയ സാമ്പത്തിക ബാധ്യതകളില്ലാതെ സമാധാനത്തോടെ ജീവിക്കുന്നവരുമുണ്ട്. കൃത്യമായി ബില്ലുകള്‍ അടയ്ക്കാനും, വരുമാനത്തിന്റെ വലിയൊരു പങ്ക് ഇഎംഐകള്‍ക്ക് നല്‍കാതെ സമ്പാദ്യത്തിനായി മാറ്റിവെക്കാനും നിങ്ങള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍, നിങ്ങള്‍ വളരെ സേഫ് സോണിലാണ്.
4. നിങ്ങളുടെ പണം, കൂടുതല്‍ പണം ഉണ്ടാക്കുന്നു
നിങ്ങള്‍ നിക്ഷേപിച്ച പണം നിങ്ങള്‍ക്ക് കൂടുതല്‍ പണം നേടിത്തരുന്ന ഒരു ഘട്ടമുണ്ട്. നിങ്ങളുടെ എസ്‌ഐപികള്‍ മികച്ച ലാഭം നല്‍കിത്തുടങ്ങുന്നുണ്ടാകാം, അല്ലെങ്കില്‍ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ട് ബാലന്‍സ് നിങ്ങള്‍ അവസാനമായി നോക്കിയതിനേക്കാള്‍ വലുതായിട്ടുണ്ടാകാം. പെട്ടെന്നൊരു വലിയ മാറ്റമൊന്നും സംഭവിച്ചിട്ടുണ്ടാകില്ല, നിങ്ങള്‍ വലിയൊരു കോടീശ്വരനായി എന്നും നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകില്ല. എങ്കിലും, അടുത്ത മാസത്തെ ശമ്പളത്തെ മാത്രം ആശ്രയിച്ചല്ല നിങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത്. നിങ്ങളുടെ മറ്റ് ജീവിതകാര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, നിങ്ങളുടെ സമ്പാദ്യം നിങ്ങള്‍ക്ക് വേണ്ടി നിശബ്ദമായി പണിയെടുക്കുന്നുണ്ട്.
യഥാര്‍ത്ഥ സാമ്പത്തിക ഭദ്രത
മുറ്റത്തൊരു ആഡംബര കാര്‍, ബിസിനസ് ക്ലാസ് വിമാനയാത്രകള്‍, വിലകൂടിയ സ്ഥലത്തൊരു വലിയ വീട്... ഇതൊക്കെയാണ് സമ്പത്തിന്റെ അടയാളമായി മിക്കവരും കാണുന്നത്. എന്നാല്‍ യഥാര്‍ത്ഥ സാമ്പത്തിക ഭദ്രത എന്നത് ഇതിലും എത്രയോ ലളിതമാണ്. അപ്രതീക്ഷിതമായി വരുന്ന ചിലവുകളെ ഭയമില്ലാതെ നേരിടാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ വിജയം. ഓരോ തവണ സാധനങ്ങള്‍ വാങ്ങുമ്പോഴും ബാങ്ക് അക്കൗണ്ടിലെ ബാലന്‍സ് നോക്കേണ്ടി വരാതിരിക്കുന്നതാണ് സാമ്പത്തിക സ്വാതന്ത്ര്യം. ജോലിയില്‍ എന്തെങ്കിലും പ്രതിസന്ധിയുണ്ടായാലും, കാര്യങ്ങള്‍ ശരിയാക്കാന്‍ ആവശ്യത്തിന് സമയം നിങ്ങളുടെ മുന്‍പിലുണ്ടെന്ന് ഉറപ്പുള്ളതാണ് യഥാര്‍ത്ഥ സമ്പത്ത്.
സോഷ്യല്‍ മീഡിയയില്‍ ആളുകളെ കാണിക്കാന്‍ മാത്രമുള്ള ആഡംബരങ്ങള്‍ നിങ്ങള്‍ക്ക് ഇല്ലായിരിക്കാം. എന്നാല്‍ ഈ പറഞ്ഞ സ്ഥിരത നിങ്ങള്‍ക്ക് സ്വന്തമായുണ്ടെങ്കില്‍, മറ്റുള്ളവരേക്കാള്‍ ഒരുപാട് മുന്നിലാണ് നിങ്ങളുടെ സ്ഥാനം!