പോളിസി നല്ലതാണെങ്കിലും ഏജന്റ് മോശമായാൽ പണി പാളും; ഇൻഷുറൻസിൽ പലരും ശ്രദ്ധിക്കാതെ പോകുന്നത്

Published : Jun 16, 2026, 01:37 PM IST
Insurance Policy

Synopsis

ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുമ്പോൾ കുറഞ്ഞ പ്രീമിയം മാത്രം പരിഗണിക്കരുത്. ഒരു നല്ല ഏജന്റ് പോളിസിയുടെ സങ്കീർണ്ണതകൾ വിശദീകരിക്കുകയും ക്ലെയിം സമയത്ത് സഹായിക്കുകയും ചെയ്യും. ഇത് ദീർഘകാല സാമ്പത്തിക സുരക്ഷയ്ക്ക് അത്യാവശ്യമാണ്.

ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുക്കുമ്പോൾ പ്രീമിയം തുക കുറവാണോ എന്ന് മാത്രം നോക്കുന്ന രീതി പലപ്പോഴും തിരിച്ചടിയാകാറുണ്ട്. പോളിസിയുടെ കവറേജിനേക്കാളുപരി അത് കൈകാര്യം ചെയ്യുന്ന ഏജന്റിന്റെ ഇടപെടലുകളാണ് പലപ്പോഴും നിർണായകമാകുന്നത്. ഇൻഷുറൻസ് ഒന്നോ രണ്ടോ വർഷം നമുക്ക് ഉപയോ​ഗിക്കേണ്ടുന്ന ഒന്നല്ല, അത് ദീർഘകാലത്തേക്ക് വേണ്ട ഒന്നാണ്.

എന്തുകൊണ്ട് ഏജന്റ് പ്രധാനമാകുന്നു?

ഒരു ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ ഡോക്യുമെന്റുകളിൽ കാണിക്കുന്നത് വളരെ സിംപിൾ ആയി തോന്നാമെങ്കിലും, അതിലെ നിബന്ധനകൾ (Exclusions), വെയിറ്റിംഗ് പീരിയഡ്, റൂം റെന്റ് പരിധികൾ, കോ- പേയ്മെന്റ് ക്ലോസുകൾ എന്നിവ മനസ്സിലാക്കാൻ പലർക്കും പ്രയാസമാണ്. ഒരു നല്ല ഏജന്റ് ഈ സങ്കീർണതകൾ ലളിതമായി വിശദീകരിച്ചു തരികയും, നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യത്തിനും പ്രായത്തിനും അനുയോജ്യമായ പ്ലാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു.

അത്യാഹിതങ്ങളോ ആശുപത്രി വാസമോ പോലെയുള്ള സമ്മർദ്ദകരമായ സാഹചര്യങ്ങളിലാണ് ഒരു നല്ല ഏജന്റിന്റെ സാന്നിധ്യം ഏറ്റവും കൂടുതൽ ആവശ്യമായി വരുന്നത്. പേപ്പർവർക്കുകൾ, ഇൻഷുറൻസ് കമ്പനിയുമായുള്ള ആശയവിനിമയം, ക്ലെയിം ലഭിക്കാനുള്ള നടപടിക്രമങ്ങൾ എന്നിവയിൽ ഒരു ഏജന്റ് നൽകുന്ന പിന്തുണ ഉപഭോക്താവിന് വലിയ ആശ്വാസമാണ്. മറുവശത്ത്, പോളിസി എടുത്തതിന് ശേഷം തിരിഞ്ഞു നോക്കാത്ത ഏജന്റുമാർ ഉപഭോക്താവിനെ വലിയ പ്രതിസന്ധിയിലാക്കാറുണ്ട്.

ഏറ്റവും കുറഞ്ഞ പ്രീമിയം എന്ന ചിന്തയിൽ പലരും അപര്യാപ്തമായ കവറേജ് ഉള്ള പോളിസികൾ തിരഞ്ഞെടുക്കുന്നു. എന്നാൽ, അത്യാവശ്യഘട്ടങ്ങളിൽ ചികിത്സാച്ചെലവുകൾ കവർ ചെയ്യാൻ കഴിയാതെ വരുമ്പോൾ ഈ ചെറിയ ലാഭം വലിയ നഷ്ടത്തിലേക്ക് നയിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ, പ്രീമിയം തുകയേക്കാൾ ഉപരിയായി പോളിസിയുടെ ഗുണനിലവാരത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ആവശ്യത്തിലധികം നിർബന്ധിച്ച് പോളിസി വിൽക്കുന്നത് പോലെയുള്ള ഒരു സമീപനമാണോ നിങ്ങളുടെ ഏജന്റിന്റേത് എന്ന് ശ്രദ്ധിക്കണം. ഉപഭോക്താവിന്റെ ആവശ്യങ്ങൾ കേൾക്കാൻ തയ്യാറാകുന്നവരായിരിക്കണം ഏജന്റുമാ‍‍ർ. പോളിസി എടുത്തതിന് ശേഷവും ആവശ്യഘട്ടങ്ങളിൽ ഫോൺ വിളിച്ചാൽ അവ‍ർ അവൈലബിൾ ആണോ എന്ന് ഉറപ്പുവരുത്തുക. പോളിസിയുടെ പോരായ്മകളെക്കുറിച്ച് സത്യസന്ധമായി പറയുന്ന ഏജന്റുമാരെ മാത്രം തെരഞ്ഞെടുക്കുക. ഇൻഷുറൻസ് എന്നത് ഒരു വൺ-ടൈം പർച്ചേസ് അല്ല. വർഷങ്ങൾ കഴിയുന്തോറും മാറുന്ന നിങ്ങളുടെ വരുമാനത്തിനും ജീവിത സാഹചര്യങ്ങൾക്കും അനുസരിച്ച് പോളിസിയിൽ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന ഒരു ഏജന്റിനെ ആണ് നമ്മൾ തിരഞ്ഞെടുക്കേണ്ടത്. പ്രീമിയം തുക മാത്രം നോക്കാതെ കവറേജും നിബന്ധനകളും പരിശോധിക്കുകയും വേണം.

PREV
Read more Articles on
click me!

Recommended Stories

ചില്ലറക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, ലക്ഷങ്ങൾ സേവ് ചെയ്യാം! ഹോം ലോൺ എടുക്കാന്‍ പ്ലാനുണ്ടെങ്കിൽ ഈ കാര്യങ്ങൾ മറക്കല്ലേ
മക്കൾ വളരും വരെ കാത്തിരിക്കണ്ട! ഇപ്പൊഴേ തുടങ്ങണം ഒരുക്കങ്ങൾ, മക്കളുടെ ഉന്നതവിദ്യാഭ്യാസം പ്രതിസന്ധിയിലാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്