ചില്ലറക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, ലക്ഷങ്ങൾ സേവ് ചെയ്യാം! ഹോം ലോൺ എടുക്കാന്‍ പ്ലാനുണ്ടെങ്കിൽ ഈ കാര്യങ്ങൾ മറക്കല്ലേ

Published : Jun 16, 2026, 10:36 AM IST
Home Loan

Synopsis

പുതിയ വീടിനായി ഭവനവായ്പ എടുക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. പലിശ നിരക്കുകൾ താരതമ്യം ചെയ്യുക, ക്രെഡിറ്റ് സ്കോർ പരിശോധിക്കുക, അധിക ചാർജുകൾ വിലയിരുത്തുക എന്നിവ ഇതിൽ പ്രധാനമാണ്. എൽഐസി, ബജാജ് ഫിൻസെർവ് തുടങ്ങിയ വിവിധ സ്ഥാപനങ്ങൾ 2026 ജൂണിൽ നൽകുന്ന പലിശ നിരക്കുകളും നോക്കാം. 

പുതിയൊരു വീട് വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? വായ്പ എടുക്കുന്നതിനെക്കുറിച്ച് കൃത്യമായൊരു പ്ലാന്‍ ഉണ്ടോ? വിവിധ ബാങ്കുകളുടെ നിരക്കുകള്‍ താരതമ്യം ചെയ്‌തോ? മുടക്കമില്ലാതെ വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ടോ? അപേക്ഷ നല്‍കുന്നതിന് മുന്‍പ് ഭവനവായ്പ എടുക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും സ്വയം ചോദിക്കേണ്ട പ്രധാന ചോദ്യങ്ങളാണിത്.

ഭവനവായ്പയുടെ കാര്യത്തില്‍ പലിശ നിരക്കിലെ ചെറിയൊരു വ്യത്യാസം പോലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലക്ഷങ്ങളുടെ ലാഭമായിരിക്കും നിങ്ങള്‍ക്കുണ്ടാക്കുക. 2026 ജൂണില്‍ ആകര്‍ഷകമായ പലിശ നിരക്കുകളും മികച്ച വായ്പാ ഓഫറുകളും നല്‍കാന്‍ ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ തമ്മില്‍ വലിയ മത്സരമാണ് നടക്കുന്നത്. അതിനാല്‍, ഒരു സ്ഥാപനം തിരഞ്ഞെടുക്കുന്നതിന് മുന്‍പ് പലിശ നിരക്ക്, പ്രോസസ്സിംഗ് ഫീ, വായ്പ അനുവദിക്കാന്‍ എടുക്കുന്ന സമയം, കാലാവധി, ലഭിക്കുന്ന ഇളവുകള്‍, മുന്‍ ഇടപാടുകാരുടെ അഭിപ്രായങ്ങള്‍ എന്നിവ നിര്‍ബന്ധമായും പരിഗണിക്കണം.

വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന ഭവനവായ്പകളുടെ പലിശ നിരക്കുകളും

എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് : ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 7.15 ശതമാനത്തിലാണ് എല്‍ഐസി ഭവനവായ്പകള്‍ നല്‍കുന്നത്.

ബജാജ് ഫിന്‍സെര്‍വ് : ബജാജ് ഫിന്‍സെര്‍വിലൂടെ 7.25 ശതമാനം പലിശ നിരക്കില്‍ വായ്പ സ്വന്തമാക്കാം.

ടാറ്റാ ക്യാപിറ്റല്‍ : ടാറ്റാ ക്യാപിറ്റലില്‍ ഭവനവായ്പകളുടെ പലിശ നിരക്ക് 7.50 ശതമാനമാണ്.

പിഎന്‍ബി ഹൗസിംഗ് : പിഎന്‍ബി ഹൗസിംഗ് വായ്പകള്‍ക്ക് 7.75 ശതമാനമാണ് പലിശ ഈടാക്കുന്നത്.

ആദിത്യ ബിര്‍ള ഹൗസിംഗ് ഫിനാന്‍സ് : ആദിത്യ ബിര്‍ള ഹൗസിംഗിലും പലിശ നിരക്ക് 7.75 ശതമാനത്തില്‍ ആരംഭിക്കുന്നു.

ഐഐഎഫ്എല്‍ ഹോം ഫിനാന്‍സ് : ഐഐഎഫ്എല്‍ ഹോം ഫിനാന്‍സില്‍ പലിശ നിരക്ക് 8.75 ശതമാനമാണ്.

പിരമല്‍ ഫിനാന്‍സ് ലിമിറ്റഡ് : പിരമല്‍ ഫിനാന്‍സിലൂടെ 9.99 ശതമാനം പലിശ നിരക്കില്‍ ഭവനവായ്പ ലഭ്യമാകും.

സുന്ദരം ഹോം ഫിനാന്‍സ് ലിമിറ്റഡ് : സുന്ദരം ഹോം ഫിനാന്‍സില്‍ പലിശ നിരക്ക് 10.65 ശതമാനമാണ്.

ഭവനവായ്പ എടുക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

1. പലിശ നിരക്കുകള്‍ താരതമ്യം ചെയ്യുക

പലിശ നിരക്കിലെ 0.5% വ്യത്യാസം പോലും നിങ്ങളുടെ പ്രതിമാസ തിരിച്ചടവിനെയും മൊത്തം പലിശയെയും വലിയ രീതിയില്‍ സ്വാധീനിക്കും. ഇത് ദീര്‍ഘകാലയളവില്‍ ലക്ഷങ്ങളുടെ ലാഭം ഉണ്ടാക്കിത്തരും.

2. ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുക

വായ്പ എടുക്കാന്‍ തീരുമാനിച്ചാല്‍ ആദ്യം ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുക. 750-ന് മുകളിലുള്ള മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ എളുപ്പത്തിലും കുറഞ്ഞ പലിശ നിരക്കിലും നിങ്ങള്‍ക്ക് വായ്പ ലഭ്യമാകും.

3. അധിക നിരക്കുകള്‍ വിലയിരുത്തുക

വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ പലവിധത്തിലുള്ള മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ ഉണ്ടാകാം. പ്രോസസ്സിംഗ് ഫീ, ലീഗല്‍ ചാര്‍ജുകള്‍, ടെക്‌നിക്കല്‍ വാല്യുവേഷന്‍ ചിലവുകള്‍, വായ്പ നേരത്തെ അടച്ചുതീര്‍ക്കാനുള്ള ചിലവുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ നിരക്കുകള്‍ നിങ്ങളുടെ വായ്പാച്ചെലവ് നിശബ്ദമായി വര്‍ദ്ധിപ്പിക്കും.

4. ശരിയായ കാലാവധി തിരഞ്ഞെടുക്കുക

വായ്പാ കാലാവധി നിങ്ങളുടെ പ്രതിമാസ ഇഎംഐയെയും പലിശയെയും ആശ്രയിച്ചിരിക്കും. നീണ്ട കാലാവധി ഇഎംഐ കുറയ്ക്കുമെങ്കിലും നിങ്ങള്‍ അടയ്ക്കുന്ന മൊത്തം പലിശ വര്‍ദ്ധിപ്പിക്കും. എന്നാല്‍ കുറഞ്ഞ കാലാവധി തിരഞ്ഞെടുത്താല്‍ പലിശ ഇനത്തിലുള്ള തുക വലിയ രീതിയില്‍ ലാഭിക്കാന്‍ സഹായിക്കും.

5. തിരിച്ചടവിലെ ഇളവുകള്‍ പരിശോധിക്കുക

വായ്പ നേരത്തെ അടച്ചു തീര്‍ക്കാനോ, ഭാഗികമായി അടയ്ക്കാനോ ഉള്ള സൗകര്യം വായ്പ നല്‍കുന്ന സ്ഥാപനം നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കുക. ഇതിനായി അവര്‍ എത്ര തുക ഈടാക്കുന്നുവെന്നും അറിഞ്ഞിരിക്കണം.

PREV
Read more Articles on
click me!

Recommended Stories

മക്കൾ വളരും വരെ കാത്തിരിക്കണ്ട! ഇപ്പൊഴേ തുടങ്ങണം ഒരുക്കങ്ങൾ, മക്കളുടെ ഉന്നതവിദ്യാഭ്യാസം പ്രതിസന്ധിയിലാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്
എൻആർഐകൾക്ക് ബാങ്കുകളുടെ വമ്പൻ സർപ്രൈസ്; രാജ്യത്തിന്റെ കണ്ണ് വിദേശനാണ്യ നിക്ഷേപത്തിൽ, പലിശ നിരക്ക് വര്‍ധിപ്പിച്ച് ബാങ്കുകള്‍