
ഡിജിറ്റല്‍ യുഗത്തില്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ പങ്ക് സാമ്പത്തിക ഇടപാടുകളില്‍ നിര്‍ണായകമാണ്. ക്രെഡിറ്റ് കാര്‍ഡ് ഉടമകളില്‍ പലരും കരുതുന്നത് കാര്‍ഡ് നിരന്തരം ഉപയോഗിച്ചാല്‍ മാത്രമേ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സാധിക്കൂ എന്നാണ്. എന്നാല്‍, ഉപയോഗിക്കാത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത് ക്രെഡിറ്റ് സ്‌കോര്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഉപയോഗിക്കാത്ത ക്രെഡിറ്റ് കാര്‍ഡുകളുടെ നേട്ടം
ഒരു ഉപയോഗിക്കാത്ത ക്രെഡിറ്റ് കാര്‍ഡ്, പ്രത്യേകിച്ചും ഏറ്റവും പഴയ അക്കൗണ്ടുകളില്‍ ഒന്നാണെങ്കില്‍, അത് സജീവമായി നിലനിര്‍ത്തുന്നത് ക്രെഡിറ്റ് സ്‌കോറിനെ ഗണ്യമായി മെച്ചപ്പെടുത്തും. ഇതിന് കാരണം, കട ബാധ്യതകളുടെ ദൈര്‍ഘ്യം, ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ അനുപാതം എന്നിവ ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണ്ണയിക്കുന്നതില്‍ ഏറ്റവും സ്വാധീനമുള്ള ഘടകങ്ങളാണ് എന്നതാണ്.
ക്രെഡിറ്റ് യൂട്ടിലൈസേഷന്‍.
നിലവിലുള്ള ക്രെഡിറ്റ് ബാലന്‍സും മൊത്തം ലഭ്യമായ ക്രെഡിറ്റും തമ്മിലുള്ള അനുപാതമാണ് ക്രെഡിറ്റ് യൂട്ടിലൈസേഷന്‍. ഒരു വ്യക്തിയുടെ സാമ്പത്തിക ശക്തി മനസിലാക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന അളവാണിത്. ഉപയോഗിക്കാത്ത ക്രെഡിറ്റ് കാര്‍ഡ് നിലനിര്‍ത്തുന്നതിലൂടെ, ക്രെഡിറ്റ് കാര്‍ഡ് ഉടമ തങ്ങളുടെ മൊത്തം ലഭ്യമായ ക്രെഡിറ്റ് പരിധി വര്‍ദ്ധിപ്പിക്കുന്നു. ഇത് യൂട്ടിലൈസേഷന്‍ അനുപാതം കുറച്ചുനിര്‍ത്താന്‍ സഹായിക്കും. മറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോഴും ഈ സമീപനം പ്രയോജനകരമാണ്.
ഉപയോഗിക്കാത്ത ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുന്നത് കട ബാധ്യതകളുടെ വിവരങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കും. ഇത് ക്രെഡിറ്റ് സ്‌കോറില്‍ കുറവു വരുത്തുന്നതിലേക്ക് നയിച്ചേക്കും. മറുവശത്ത്, ഈ അക്കൗണ്ടുകള്‍ തുറന്നു വെക്കുന്നത് കടം കൈകാര്യം ചെയ്യുന്നതിലെ ട്രാക്ക് റെക്കോര്‍ഡ് മനസിലാക്കാന്‍ സഹായിക്കുന്നു.. ഇതൊരു നല്ല കാര്യമായി വായ്പ നല്‍കുന്നവര്‍ കണക്കാക്കുന്നു. പ്രത്യേകിച്ച് സാമ്പത്തിക സ്ഥാപനങ്ങള്‍ കടം വാങ്ങുന്നവരുടെ ക്രെഡിറ്റ് യോഗ്യത വിലയിരുത്തുന്നതിന് അഡ്വാന്‍സ്ഡ് അല്‍ഗോരിതമുകളെ കൂടുതലായി ആശ്രയിക്കുന്ന കാലത്ത്് ഇത് കൂടുതല്‍ പ്രസക്തമാണ്.
റിവാര്‍ഡുകള്‍, ആനുകൂല്യങ്ങള്‍, അടിയന്തര ആവശ്യങ്ങള്‍ക്കുള്ള പണം
ക്രെഡിറ്റ് സ്‌കോറിന് പുറമെ, ഉപയോഗിക്കാത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് യാത്രാ ഇന്‍ഷുറന്‍സ്, പര്‍ച്ചേസ് പ്രൊട്ടക്ഷന്‍, അടിയന്തര ഫണ്ടുകളിലേക്കുള്ള ലഭ്യത എന്നിവ പോലുള്ള ആനുകൂല്യങ്ങള്‍ നല്‍കാനും കഴിയും. ഉപയോഗിക്കാത്ത കാര്‍ഡിന് വാര്‍ഷിക ഫീസ് ഇല്ലെങ്കില്‍, അത് സജീവമായി നിലനിര്‍ത്തുന്നതില്‍ കാര്യമായ ദോഷങ്ങളൊന്നുമില്ല.