
ശനിയും ഞായറും ജോലിയിൽ നിന്ന് വിശ്രമത്തിന് മാത്രമല്ല ഇന്ത്യയിലെ നഗരങ്ങളിൽ താമസിക്കുന്നവർക്ക് അത് ചെലവ് ദിവസം കൂടിയാണെന്നാണ് പുറത്തു വന്ന പുതിയ പഠനം പറയുന്നത്. ഒരു ആഴ്ചയിലെ ആകെ ചെലവിന്റെ 61.5 ശതമാനവും ശനി, ഞായർ ദിവസങ്ങളിലാണ് നടക്കുന്നതെന്നാണ് ഇന്ത്യയിലെ നഗര സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടിൽ പറയുന്നത്. നഗരങ്ങളിലെ ഒരു ശരാശരി ഉപഭോക്താവ് പ്രവൃത്തിദിനങ്ങളിൽ 6,724 രൂപ ചെലവഴിക്കുമ്പോൾ, വാരാന്ത്യങ്ങളിൽ ഇത് 10,732 രൂപയായി ഉയരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രവൃത്തിദിനങ്ങളിൽ ഓഫീസുകളിലേക്കുള്ള യാത്രാച്ചെലവും വീട്ടുസാധനങ്ങളും ആണ് പ്രധാനച്ചെലവുകൾ. എന്നാൽ, വാരാന്ത്യങ്ങളിൽ ജീവിതശൈലിയിലും വിനോദങ്ങളിലുമാണ് ചെലവഴിക്കൽ കുത്തനെ കൂടുന്നത്. ഫാഷൻ, വസ്ത്രങ്ങൾ എന്നിവയ്ക്കുള്ള ചെലവ് സാധാരണ ദിവസങ്ങളിലെ 529 രൂപയിൽ നിന്ന് വാരാന്ത്യങ്ങളിൽ 1,075 രൂപയായി ഇരട്ടിക്കുന്നു. സിനിമ ഉൾപ്പെടെയുള്ള വിനോദങ്ങൾക്കുള്ള ചെലവ് 328 രൂപയിൽ നിന്ന് 662 രൂപയായും, ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങൾക്കുള്ള ചെലവ് 350 രൂപയിൽ നിന്ന് 695 രൂപയായും ഉയരുന്നുണ്ട്. റെസ്റ്റോറന്റ് ആഹാരത്തിനും ഫുഡ് ഡെലിവറിക്കുമായി വാരാന്ത്യങ്ങളിൽ ഒരു കുടുംബത്തിന് ശരാശരി 959 രൂപയോളം ചെലവാക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതിന് പുറമേ പലചരക്ക് സാധനങ്ങൾ വാങ്ങാൻ 1.64 ഇരട്ടിയും, സൗന്ദര്യ വർദ്ധക വസ്തുക്കൾ വാങ്ങാൻ 1.54 ഇരട്ടിയും വർധനവുണ്ടാകുന്നു.
എന്നാൽ, വാരാന്ത്യങ്ങളിലെ ഈ ചെലവാക്കൽ ട്രെന്റ് വൻകിട മെട്രോ നഗരങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നതാണ് വസ്തുത. പ്രവൃത്തിദിനങ്ങളെ അപേക്ഷിച്ച് വാരാന്ത്യങ്ങളിൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന നഗരങ്ങളിൽ ഒന്നാമത് ജയ്പൂർ ആണ്. ഉപഭോക്താക്കളുടെ മാസവരുമാനം വർധിക്കുന്നതിനനുസരിച്ച് വാരാന്ത്യങ്ങളിലെ ആഡംബര ചെലവഴിക്കലും കുത്തനെ കൂടുന്നു. പ്രതിമാസം 25,000 രൂപയിൽ താഴെ വരുമാനമുള്ളവർ വാരാന്ത്യങ്ങളിൽ 1.37 ഇരട്ടി മാത്രം അധികം ചെലവഴിക്കുമ്പോൾ, 25,000 മുതൽ 50,000 രൂപ വരെ വരുമാനമുള്ളവരിൽ ഇത് 1.56 ഇരട്ടിയും, 50,000 മുതൽ 1 ലക്ഷം രൂപ വരെ വരുമാനമുള്ളവരിൽ 1.78 ഇരട്ടിയുമാണ്. എന്നാൽ പ്രതിമാസം 1 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവരുടെ കാര്യമെടുക്കുമ്പോൾ വാരാന്ത്യ ചെലവ് പ്രവൃത്തിദിനങ്ങളേക്കാൾ 2.53 ഇരട്ടിയായി മാറുന്നു. ഇവർ സാധാരണ ദിവസങ്ങളിൽ 8,622 രൂപ ചെലവഴിക്കുമ്പോൾ വാരാന്ത്യങ്ങളിൽ 21,779 രൂപയോളമാണ് ചെലവാക്കുന്നത്.
ടാറ്റാ സൺസും പ്രൈസും (PRICE) ചേർന്ന് 25 നഗരങ്ങളിലെ 6,655 ആളുകൾക്കിടയിൽ നടത്തിയ പഠന റിപ്പോർട്ടാണ് ഇന്ത്യൻ നഗരങ്ങളിലെ മാറുന്ന ഉപഭോഗ സംസ്‌കാരം വ്യക്തമാക്കുന്നത്. പ്രവൃത്തിദിനങ്ങളിൽ സമയം ലഭിക്കാത്തതും എന്നാൽ വാരാന്ത്യങ്ങളിൽ ലഭിക്കുന്ന ഒഴിവുസമയത്ത് ഷോപ്പിംഗിനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ആളുകൾ താല്പര്യം കാണിക്കുന്നതുമാണ് ശനിയും ഞായറും വലിയൊരു സാമ്പത്തിക വിപണിയായി മാറാൻ കാരണം.