ജോലി സ്ഥിരമല്ലേ? വരുമാനം നിലച്ചാലും സാമ്പത്തികമായി തളരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Published : Sep 10, 2026, 06:26 PM IST
indian currency

Synopsis

ഇന്നത്തെ കാലത്ത് ജോലി നഷ്ടം ആർക്കും സംഭവിക്കാം. വരുമാനം നിലച്ചാലും വീട്ടുവാടക, ലോൺ ഇഎംഐ തുടങ്ങിയ ചെലവുകൾ നേരിടാൻ ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കണം. പുതിയ വായ്പകൾ എടുക്കുമ്പോഴും ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ജോലി പോകുന്നതും ശമ്പളം മുടങ്ങുന്നതുമെല്ലാം പണ്ട് താല്‍ക്കാലിക ജീവനക്കാരെ മാത്രം ബാധിക്കുന്ന പ്രശ്‌നമായിരുന്നു. എന്നാല്‍ ഇന്നത് ഏത് മേഖലയിലുള്ളവര്‍ക്കും സംഭവിക്കാവുന്ന ഒന്നാണ്. കമ്പനിയുടെ ഘടനാപരമായ മാറ്റങ്ങള്‍, ഒരു പ്രോജക്റ്റ് അവസാനിക്കുന്നത്, അല്ലെങ്കില്‍ കമ്പനിക്കുണ്ടാകുന്ന നഷ്ടങ്ങള്‍ എന്നിങ്ങനെ കാരണങ്ങള്‍ പലതാകാം. വരുമാനം നിന്നാലും നമ്മുടെ നിത്യനിദാന ചെലവുകള്‍ നിലക്കില്ലല്ലോ? വീട്ടുവാടക, ലോണുകളുടെ ഇഎംഐ, പലചരക്ക് സാധനങ്ങള്‍, കുട്ടികളുടെ സ്‌കൂള്‍ ഫീസ്, ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവയൊക്കെ മുടങ്ങാതെ അടക്കേണ്ടതുണ്ട്. ജോലി എക്കാലത്തേക്കും സുരക്ഷിതമാക്കാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കിലും, വരുമാനമില്ലാത്ത ഒരു കാലഘട്ടത്തെ നേരിടാന്‍ സാമ്പത്തികമായി തയ്യാറെടുക്കാന്‍ നമുക്ക് തീര്‍ച്ചയായും കഴിയും.

അടിസ്ഥാന ചെലവുകള്‍ കൃത്യമായി കണക്കാക്കുക

നിക്ഷേപങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിന് മുന്‍പ്, വീട്ടുചെലവുകള്‍ക്ക് പ്രതിമാസം ചുരുങ്ങിയത് എത്ര തുക വേണ്ടിവരുമെന്ന് കണക്കാക്കുക. വീട്ടുവാടക അല്ലെങ്കില്‍ ഹോം ലോണ്‍ ഇഎംഐ, പലചരക്ക് സാധനങ്ങള്‍, കറന്റ് ബില്‍ പോലുള്ള യൂട്ടിലിറ്റി ബില്ലുകള്‍, സ്‌കൂള്‍ ഫീസ്, ഇന്‍ഷുറന്‍സ്, മരുന്നുകള്‍, യാത്രാച്ചെലവുകള്‍ തുടങ്ങി പെട്ടെന്ന് ഒഴിവാക്കാനാവാത്ത കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക. ഇതിലൂടെ ഒരു മാസം ജീവിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ തുക എത്രയെന്ന് നിങ്ങള്‍ക്ക് കണ്ടെത്താനാകും. പെട്ടെന്ന് ജോലി പോയാല്‍, പുതിയൊരു ജോലി ലഭിക്കുന്നത് വരെയുള്ള കാലയളവില്‍ നിങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് എത്ര തുക കണ്ടെത്തേണ്ടി വരും എന്നതിന്റെ ഒരു ഏകദേശ രൂപം ഇതിലൂടെ ലഭിക്കും.

എമര്‍ജന്‍സി ഫണ്ട് കരുതിവെക്കാം

സ്ഥിരവരുമാനമുള്ള ഒരാള്‍ക്ക് ചെറിയൊരു എമര്‍ജന്‍സി ഫണ്ട് മതിയായേക്കാം. എന്നാല്‍ നിങ്ങളുടെ ജോലിയില്‍ അസ്ഥിരതയുണ്ടെങ്കില്‍ കുറച്ചു കൂടി വലിയൊരു തുക എമര്‍ജന്‍സി ഫണ്ടായി കരുതുന്നതാണ് നല്ലത്. ചുരുങ്ങിയത് ആറുമാസത്തെ ചെലവുകള്‍ക്കെങ്കിലുമുള്ള തുക മാറ്റി വെക്കാം. നിങ്ങള്‍ ഹ്രസ്വകാല കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ആളാണെങ്കിലോ, കുടുംബത്തിലെ ഏക വരുമാന മാര്‍ഗ്ഗമാണെങ്കിലോ, പുതിയ ജോലി കണ്ടെത്താന്‍ സമയമെടുക്കുമെന്ന് തോന്നുകയാണെങ്കിലോ 9 മുതല്‍ 12 മാസത്തേക്കുള്ള തുക എമര്‍ജന്‍സി ഫണ്ടായി സൂക്ഷിക്കുന്നതാണ് ഉചിതം. സേവിങ്‌സ് അക്കൗണ്ട്, എളുപ്പത്തില്‍ പിന്‍വലിക്കാവുന്ന ഫിക്‌സഡ് ഡെപ്പോസിറ്റ് തുടങ്ങി പെട്ടെന്ന് പണം ലഭിക്കുന്ന രീതിയിലായിരിക്കണം ഇത് നിക്ഷേപിക്കേണ്ടത്. ഉയര്‍ന്ന പലിശ ലഭിക്കുക എന്നതിലുപരി, ശമ്പളം മുടങ്ങുന്ന സമയത്ത് ബില്ലുകള്‍ അടക്കാന്‍ സഹായിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

പുതിയ വായ്പ എടുക്കുമ്പോള്‍ ശ്രദ്ധിക്കുക

പുതിയ വായ്പ എടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. വരുമാനത്തിന്റെ വലിയൊരു ഭാഗം ഇഎംഐകളിലേക്ക് പോകുന്നുണ്ടെങ്കില്‍, തൊഴിലില്ലായ്മ ഉണ്ടാക്കുന്ന പ്രതിസന്ധി വലുതായിരിക്കും. പുതിയൊരു ലോണ്‍ എടുക്കുന്നതിന് മുന്‍പ് ശമ്പളമില്ലെങ്കിലും കുറച്ച് മാസങ്ങളോളം ഈ തുക മുടങ്ങാതെ അടക്കാന്‍ സാധിക്കുമോ എന്ന് സ്വയം ചോദിക്കുക. ശമ്പളം വര്‍ദ്ധിച്ചു എന്നത് കൊണ്ട് മാത്രം പ്രതിമാസ ചെലവുകള്‍ വര്‍ദ്ധിപ്പിക്കാതിരിക്കുക.

അതുപോലെ തന്നെ പ്രധാനമാണ് ആരോഗ്യ പരിരക്ഷയും. ഇന്‍ഷുറന്‍സിനായി പൂര്‍ണ്ണമായും തൊഴിലുടമയെ ആശ്രയിക്കരുത്. ജോലി നഷ്ടപ്പെടുമ്പോള്‍ ആ കവറേജും ഇല്ലാതാകുന്നത് വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നയിക്കും. അതിനാല്‍,സ്വന്തമായൊരു ഹെല്‍ത്ത് ഇന്‍ഷുറന്‍സും, കുടുംബത്തിന് വേണ്ടി ഒരു ടേം ലൈഫ് ഇന്‍ഷുറന്‍സുംഎടുക്കുന്നത് പരിഗണിക്കുക.

ജോലിയിലെ അസ്ഥിരത കാരണം ഭാവിയിലേക്കുള്ള നിക്ഷേപങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കേണ്ടതില്ല. വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കില്‍ എല്ലാ മാസവും ഒരേ തുക തന്നെ നിക്ഷേപിക്കണമെന്ന് നിര്‍ബന്ധമില്ല. ഒരു ചെറിയ തുക സ്ഥിരമായി നിക്ഷേപിക്കുകയും, വരുമാനം കൂടുതലുള്ള മാസങ്ങളില്‍ കൂടുതല്‍ തുക നിക്ഷേപിക്കാന്‍ ശ്രമിക്കുകയും ചെയ്യാം.

ജോലി നല്ല രീതിയില്‍ നടക്കുമ്പോള്‍ എക്കാലത്തും അങ്ങനെ തന്നെയായിരിക്കും എന്ന് ചിന്തിച്ച് പുതിയ കാര്‍ വാങ്ങാനും വലിയ ലോണുകള്‍ എടുക്കാനും പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത്തരം നല്ല സമയങ്ങളില്‍ അധികമായി ലഭിക്കുന്ന പണം എമര്‍ജന്‍സി ഫണ്ടിലേക്ക് മാറ്റാനോ, ഉയര്‍ന്ന പലിശയുള്ള കടങ്ങള്‍ തീര്‍ക്കാനോ ഉപയോഗിക്കുന്നതാണ് ബുദ്ധി. സാമ്പത്തിക ഭദ്രത എന്നത് ഒരു സ്ഥിര ജോലി ഉള്ളത് മാത്രമല്ല; കുറച്ചുമാസത്തേക്ക് വരുമാനം നിലച്ചാലും സാമ്പത്തികമായി തളരാത്ത ഒരു അവസ്ഥയിലെത്തുക എന്നത് കൂടിയാണ്.

PREV
Read more Articles on
click me!

Recommended Stories

വിദേശത്തേക്കാണോ യാത്ര? ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമടയ്ക്കാം, പക്ഷെ ഇക്കാര്യങ്ങള്‍ അറിഞ്ഞുവെക്കുക
മ്യൂച്വല്‍ ഫണ്ടിലും ഇന്‍ഷുറന്‍സിലും കുട്ടികളെ നോമിനിയാക്കാമോ? നിക്ഷേപകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍