ലോണ്‍ കിട്ടാന്‍ ഇനി മിനിറ്റുകള്‍ മതി; പക്ഷേ 'പണി' വരുന്നുണ്ട്! ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വായ്പകളില്‍ ജാഗ്രത വേണമെന്ന് റിപ്പോര്‍ട്ട്

Published : Apr 30, 2026, 12:30 PM IST
Mobile phones

Synopsis

ഇന്ത്യൻ ബാങ്കിങ് മേഖലയിൽ എഐ അധിഷ്ഠിത വായ്പകൾക്ക് പ്രചാരം വർധിക്കുകയാണ്. ഇത് വായ്പകൾ വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കുമെങ്കിലും, തൊഴിൽ നഷ്ടം, കിട്ടാക്കടം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വലിയ അപകടസാധ്യതകൾ ഇതിനു പിന്നിലുണ്ടെന്ന് കനറാ ബാങ്കിന്റെ പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

ഇമെയിലുകള്‍ എഴുതിത്തരാനും ചിത്രങ്ങള്‍ വരയ്ക്കാനും മാത്രമായിരുന്ന എഐ ഇപ്പോള്‍ ബാങ്ക് അക്കൗണ്ടുകളിലേക്കും വായ്പകളിലേക്കും എത്തിക്കഴിഞ്ഞു. ഇന്ത്യയിലെ ബാങ്കിങ് മേഖലയില്‍ എഐ അധിഷ്ഠിത വായ്പകള്‍ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. എന്നാല്‍, ഈ മുന്നേറ്റത്തിനൊപ്പം വലിയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ടെന്ന് കനറാ ബാങ്ക് റിസര്‍ച്ചിന്റെ പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ബാങ്കുകള്‍ വായ്പ നല്‍കുന്ന രീതിയെയും റിസ്‌ക് കണക്കാക്കുന്ന രീതിയെയും എഐ അടിമുടി മാറ്റിക്കഴിഞ്ഞു. ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

നേട്ടങ്ങള്‍: വായ്പ ഇനി വേഗത്തില്‍

മുമ്പ് ഒരു വായ്പ അനുവദിക്കാന്‍ രേഖകള്‍ പരിശോധിച്ച് 3 മുതല്‍ 10 ദിവസം വരെ എടുത്തിരുന്നെങ്കില്‍, എഐ സഹായത്തോടെ ഇപ്പോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വായ്പ ലഭിക്കും. വെറും സിബില്‍ സ്‌കോറിന് പകരം നിങ്ങളുടെ യുപിഐ ഇടപാടുകള്‍, ജിഎസ്ടി കണക്കുകള്‍, ഡിജിറ്റല്‍ ഇടപാടുകള്‍ എന്നിവ നോക്കിയാണ് എഐ വായ്പാ യോഗ്യത നിശ്ചയിക്കുന്നത്. ഇത് ചെറുകിട സംരംഭകര്‍ക്കും, ഗിഗ് തൊഴിലാളികള്‍ക്കും ബാങ്ക് വായ്പകള്‍ എളുപ്പമാക്കുന്നു. എഐ ഉപയോഗിക്കുന്ന വായ്പാ പോര്‍ട്ട്ഫോളിയോകള്‍ക്ക് സാധാരണയേക്കാള്‍ രണ്ടിരട്ടി വളര്‍ച്ചാ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഇതിന് റിസ്ക് വളരെക്കൂടുതലാണ്. എഐ വായ്പകള്‍ക്ക് വളര്‍ച്ചാ സാധ്യത കൂടുതലാണെങ്കിലും, ഇവയില്‍ 1.5 മുതല്‍ 2 മടങ്ങ് വരെ അധികം റിസ്‌ക് ഉണ്ടെന്ന് ആര്‍ബിഐയും ക്രിസിലും വ്യക്തമാക്കുന്നു. പ്രധാന ഭീഷണികൾ എന്തൊക്കെയാണെന്ന് നോക്കാം.

തൊഴില്‍ നഷ്ടവും കിട്ടാക്കടവും: ഇന്ത്യയിലെ ഏകദേശം 280 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐടി/ബിപിഒ മേഖലയില്‍ എഐ വലിയ മാറ്റങ്ങള്‍ വരുത്തുകയാണ്. ബെംഗളൂരു, ഹൈദരാബാദ്, പുണെ തുടങ്ങിയ നഗരങ്ങളിലെ ഐടി ജീവനക്കാരുടെ തൊഴില്‍ എഐ മൂലം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇത് ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കും.

2008-നേക്കാള്‍ വലിയ പ്രതിസന്ധി?: 2025-26 സാമ്പത്തിക സര്‍വേ നല്‍കുന്ന സൂചന പ്രകാരം, വൈറ്റ് കോളര്‍ ജോലികളില്‍ എഐ വരുത്തുന്ന ആഘാതം 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ രൂക്ഷമായേക്കാം. ഇത് ബാങ്കിങ് മേഖലയെ ഗുരുതരമായി ബാധിക്കും.

ബ്ലാക്ക് ബോക്‌സ് ഭീഷണി: എഐ എങ്ങനെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് പലപ്പോഴും ബാങ്കുകള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ വ്യക്തമാകില്ല. സാമ്പത്തിക മാന്ദ്യം ഉണ്ടാകുമ്പോള്‍ എഐ പെട്ടെന്ന് വായ്പകള്‍ നിര്‍ത്തലാക്കുന്നത് വിപണിയില്‍ വലിയ സ്തംഭനത്തിന് കാരണമായേക്കാം.

ചുരുക്കത്തില്‍, സാങ്കേതികവിദ്യ വായ്പകള്‍ എളുപ്പമാക്കുമ്പോഴും, സുരക്ഷിതമായ ഒരു സാമ്പത്തിക വ്യവസ്ഥയ്ക്കായി ബാങ്കുകള്‍ കൂടുതല്‍ കരുതലോടെ നീങ്ങണമെന്നാണ് കനറാ ബാങ്കിന്റെ റിപ്പോര്‍ട്ട് നല്‍കുന്ന പാഠം.

PREV
Read more Articles on
click me!

Recommended Stories

75 കഴിഞ്ഞവര്‍ക്ക് ഇനി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടേ? പുതിയ നിയമങ്ങള്‍ പറയുന്നത് ഇങ്ങനെ!
ഇതുവരെ ചേർന്നത് 9 കോടിയിലധികം പേർ! മാസം 210 രൂപ മുതല്‍ നിക്ഷേപിക്കാം, 5000 പെന്‍ഷന്‍ ഉറപ്പ്; വന്‍ ജനപ്രീതി നേടി അടല്‍ പെന്‍ഷന്‍ യോജന