
മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദായനികുതി നടപടികള്‍ ലഘൂകരിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പരിഷ്‌കാരം 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. പുതിയ നിയമപ്രകാരം, നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന 75 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇനി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല. നികുതി നടപടികള്‍ പൂര്‍ണ്ണമായും ബാങ്കുകള്‍ വഴി ലളിതമാക്കുന്ന 'ഫോം 125' ആണ് ഇതിനായി അവതരിപ്പിച്ചിരിക്കുന്നത്.
2026-27 സാമ്പത്തിക വര്‍ഷത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങളും നിലവിലുള്ള നികുതി ആനുകൂല്യങ്ങളും താഴെ പറയുന്നവയാണ്:
മുതിര്‍ന്ന പൗരന്മാരെ ഐടിആര്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള പ്രത്യേക പ്രഖ്യാപന രേഖയാണിത്. നേരത്തെ ഉണ്ടായിരുന്ന 'ഫോം 12BBA' പരിഷ്‌കരിച്ചാണ് 'ഫോം 125' (ആദായനികുതി നിയമം, 2025 പ്രകാരം) നിലവില്‍ വന്നത്.
പ്രായം: 75 വയസ്സോ അതിനു മുകളിലോ പ്രായമുള്ള ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക്.
വരുമാനം: പെന്‍ഷന്‍ തുകയോ അല്ലെങ്കില്‍ നിശ്ചിത ബാങ്കിലെ നിക്ഷേപത്തില്‍ നിന്നുള്ള പലിശയോ മാത്രം വരുമാനമുള്ളവര്‍ക്ക്.
നിബന്ധന: പെന്‍ഷന്‍ ലഭിക്കുന്ന അതേ ബാങ്കില്‍ തന്നെയായിരിക്കണം നിക്ഷേപങ്ങളും ഉണ്ടാവേണ്ടത്. വാടക വരുമാനം, ബിസിനസ് ലാഭം, ഓഹരി വിപണിയില്‍ നിന്നുള്ള ലാഭം എന്നിവ ഉള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
ലഭ്യമായ പ്രധാന നികുതി ഇളവുകള്‍ (പഴയ വ്യവസ്ഥയില്‍)
പഴയ നികുതി വ്യവസ്ഥ തുടരുന്നവര്‍ക്ക് വിവിധ വകുപ്പുകള്‍ പ്രകാരം ഇളവുകള്‍ നേടാം:
സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏറ്റവും മികച്ച നിക്ഷേപ മാര്‍ഗങ്ങളിലൊന്നായ എസ്സിഎസ്എസ് പദ്ധതിയില്‍ 2026-27 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 8.2% പലിശ ലഭിക്കും. ഈ പദ്ധതിയിലെ നിക്ഷേപത്തിന് സെക്ഷന്‍ 80C പ്രകാരം നികുതി ഇളവ് ലഭിക്കും (പഴയ വ്യവസ്ഥയില്‍ മാത്രം). ഒരു വര്‍ഷം ലഭിക്കുന്ന ആകെ പലിശ ഒരു ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ ടിഡിഎസ് (TDS) ഈടാക്കുന്നതാണ്. ഫോം 125 എന്ന പുതിയ ലളിതമായ മാര്‍ഗ്ഗം ഒഴിച്ചുനിര്‍ത്തിയാല്‍, ബാക്കിയുള്ള നികുതി ഇളവുകളും സ്ലാബുകളും നിലവിലുള്ള രീതിയില്‍ തന്നെ തുടരും.