നിക്ഷേപത്തിനായി രണ്ടാമതൊരു വീട് വാങ്ങുന്നത് വെല്ലുവിളികൾ നിറഞ്ഞ ഒരു കാര്യമാണ്. വാടക വരുമാനം, ഇ.എം.ഐ, നികുതി, അറ്റകുറ്റപ്പണികൾ, സ്ഥലം, പെട്ടെന്ന് പണമാക്കി മാറ്റാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം പരിഗണിക്കണം. എല്ലാ കണക്കുകൂട്ടലുകളും അനുകൂലമാണെങ്കിൽ മാത്രം ഈ നിക്ഷേപവുമായി മുന്നോട്ട് പോകുന്നതാണ് ഉചിതം.

വരും തലമുറയ്ക്ക് കൈമാറാന്‍ സാധിക്കുന്ന ഒരു സുരക്ഷിത സമ്പാദ്യമായാണ് നമ്മള്‍ വീടിനെ കാണുന്നത്. എന്നാല്‍ താമസിക്കാന്‍ സ്വന്തമായി ഒരു വീട് വാങ്ങുന്നതും, കേവലം 'നിക്ഷേപം' എന്ന ലക്ഷ്യത്തോടെ മറ്റൊരു വീട് വാങ്ങുന്നതും തികച്ചും വ്യത്യസ്തമായ രണ്ട് കാര്യങ്ങളാണ്. നിക്ഷേപത്തിനായി രണ്ടാമതൊരു വീട് വാങ്ങാന്‍ ഒരുങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം.

വാടകയില്‍ നിന്ന് മാത്രം ലാഭം കിട്ടുമോ?

ഈ നിക്ഷേപത്തില്‍ നിന്ന് മികച്ചൊരു വരുമാനം ലഭിക്കുമോ എന്നതാണ് ആദ്യത്തെ ചോദ്യം. വാടകയില്‍ നിന്നുള്ള വരുമാനമാണ് ഇതിലെ പ്രധാന ആകര്‍ഷണം. എന്നാല്‍ വീട് വാങ്ങാന്‍ ചിലവായ മൊത്തം തുകയും ലഭിക്കുന്ന വാടകയും തമ്മില്‍ താരതമ്യം ചെയ്യേണ്ടതുണ്ട്. ഉദാഹരണത്തിന്, 1 കോടി രൂപ വിലയുള്ള ഒരു വീട്ടില്‍ നിന്ന് മാസം 25,000 രൂപ വാടക ലഭിക്കുന്നത് ഒറ്റനോട്ടത്തില്‍ ആകര്‍ഷകമായി തോന്നാം. എന്നാല്‍ അറ്റകുറ്റപ്പണികള്‍, നികുതി, മറ്റ് ചിലവുകള്‍ എന്നിവയ്ക്ക് മുന്‍പുള്ള കണക്കെടുത്താല്‍ തന്നെ വാടകയില്‍ നിന്നുള്ള വരുമാനം വെറും 3 ശതമാനം മാത്രമാണ്.

ഇ.എം.ഐയും വാടകയും തമ്മിലുള്ള അന്തരം

ഭവന വായ്പ എടുത്താണ് വീട് വാങ്ങുന്നതെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി സങ്കീര്‍ണമാകും. പലപ്പോഴും ലഭിക്കുന്ന വാടകയേക്കാള്‍ വളരെ കൂടുതലായിരിക്കും ബാങ്കിലടക്കേണ്ട പ്രതിമാസ ഇ.എം.ഐ. ഈ കുറവ് നികത്താന്‍ ഉടമയ്ക്ക് തന്റെ ശമ്പളത്തില്‍ നിന്നോ മറ്റ് സമ്പാദ്യങ്ങളില്‍ നിന്നോ പണം കണ്ടെത്തേണ്ടി വരും. ഇത് താങ്ങാന്‍ കഴിഞ്ഞേക്കാമെങ്കിലും, ഈ നിക്ഷേപം സ്വയം പര്യാപ്തമല്ല എന്നതാണ് യാഥാര്‍ഥ്യം.

വീടിനേക്കാള്‍ പ്രധാനം വീടിരിക്കുന്ന സ്ഥലം

നിക്ഷേപത്തിനായി വീട് വാങ്ങുമ്പോള്‍ കെട്ടിടത്തേക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടത് അതിരിക്കുന്ന സ്ഥലത്തിനാണ്. തൊഴിലവസരങ്ങള്‍, മികച്ച ഗതാഗത സൗകര്യം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുള്ള മേഖലകളില്‍ വാടകയ്ക്ക് ആളുകളെ ലഭിക്കാന്‍ എളുപ്പമായിരിക്കും. എന്നാല്‍ നാളെ അവിടെയൊരു പുതിയ റോഡോ മെട്രോയോ വരും എന്ന 'പ്രതീക്ഷയുടെ' പുറത്ത് മാത്രം വീട് വാങ്ങുന്നത് റിസ്‌കാണ്. ആ പദ്ധതികള്‍ വൈകുകയോ നടക്കാതിരിക്കുകയോ ചെയ്താല്‍ നിങ്ങളുടെ നിക്ഷേപം അവതാളത്തിലാകും.

പെട്ടെന്ന് പണമാക്കി മാറ്റാന്‍ കഴിയില്ല

വസ്തുക്കളില്‍ നിക്ഷേപിക്കുന്നവര്‍ പലപ്പോഴും മറന്നുപോകുന്ന ഒന്നാണിത്. പെട്ടെന്നൊരു സാമ്പത്തിക ആവശ്യം വന്നാല്‍ മറ്റ് നിക്ഷേപങ്ങളെപ്പോലെ ഒരു ക്ലിക്കില്‍ വീടോ വസ്തുവോ വിറ്റ് പണമാക്കാന്‍ കഴിയില്ല. മാര്‍ക്കറ്റ് മന്ദഗതിയിലാണെങ്കിലോ നിങ്ങള്‍ക്ക് അത്യാവശ്യമായി പണം വേണ്ടിവരുമ്പോഴോ വില്‍ക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരും. ഇതിന് പുറമെ വസ്തു വാങ്ങുമ്പോഴും വില്‍ക്കുമ്പോഴുമുള്ള ചിലവുകളും വലുതാണ്.

നികുതി ബാധ്യതകള്‍ മറക്കരുത്

നിക്ഷേപത്തിന്റെ കണക്കുകൂട്ടലുകളില്‍ നികുതിയും ഉള്‍പ്പെടുത്തണം. നിലവിലെ നിയമപ്രകാരം, വാടകയ്ക്ക് നല്‍കിയിരിക്കുന്ന വീടിന് എടുത്ത വായ്പയുടെ പലിശയ്ക്ക് നികുതിയിളവ് ലഭിച്ചേക്കാം. എന്നാല്‍ വാടകയായി ലഭിക്കുന്ന തുക നികുതി നല്‍കേണ്ട വരുമാനത്തോടൊപ്പം കൂട്ടിച്ചേര്‍ക്കപ്പെടും. ഏത് നികുതി വ്യവസ്ഥയാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നത് എന്നതിനെയും നിങ്ങളുടെ സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കും ഇതിന്റെ യഥാര്‍ത്ഥ ഗുണം ലഭിക്കുന്നത്.

സമ്പാദ്യമെല്ലാം ഒരിടത്ത് മാത്രമാക്കരുത്

നിങ്ങളുടെ മൊത്തം സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ഇതിനകം തന്നെ റിയല്‍ എസ്റ്റേറ്റിലാണ് ഉള്ളതെങ്കില്‍, വീണ്ടും ഒരു വീട് കൂടി വാങ്ങുന്നത് നിക്ഷേപ വൈവിധ്യവല്‍ക്കരണത്തെ ബാധിക്കും. നിങ്ങളുടെ പണം മുഴുവന്‍ വസ്തുവകകളില്‍ കുടുങ്ങിക്കിടക്കുന്നത് പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കും.

ഉടമസ്ഥനാകുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍

വീട് വാടകയ്ക്ക് നല്‍കുക എന്നത് കേള്‍ക്കുന്നത്ര എളുപ്പമല്ല. നല്ല വാടകക്കാരെ കണ്ടെത്തുക, അറ്റകുറ്റപ്പണികള്‍ നടത്തുക, പേപ്പര്‍ വര്‍ക്കുകള്‍ ശരിയാക്കുക, വീട് ഒഴിഞ്ഞു കിടക്കുന്ന സമയത്തെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നിവയൊക്കെ സമയമെടുക്കുന്ന കാര്യങ്ങളാണ്. ഇതിനായി പ്രൊഫഷണല്‍ പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് ഏജന്‍സികളെ ഏല്‍പ്പിക്കാമെങ്കിലും അതിനും അധിക ചിലവ് വരും.

നിക്ഷേപത്തിനായി വീട് വാങ്ങണോ?

നിങ്ങള്‍ക്ക് മികച്ച സാമ്പത്തിക ഭദ്രതയും പെട്ടെന്ന് പണമാക്കി മാറ്റാൻ കഴിയുന്ന മറ്റ് നിക്ഷേപങ്ങളുമുണ്ടെങ്കില്‍ രണ്ടാമതൊരു വീട് വാങ്ങാം. കൂടാതെ വ്യക്തമായ നിക്ഷേപ ലക്ഷ്യങ്ങളും, ചിലവുകള്‍ക്ക് ആനുപാതികമായി വാടകയും വസ്തുവിന് വിലയും വര്‍ദ്ധിക്കുമെന്നും ഉറപ്പുണ്ടെങ്കില്‍ മാത്രം ഈ തീരുമാനവുമായി മുന്നോട്ട് പോകാം.

എന്നാല്‍ 'വസ്തുവിന്റെ വില എപ്പോഴും കൂടും' എന്ന ഒരൊറ്റ വിശ്വാസത്തില്‍ മാത്രം വീട് വാങ്ങാന്‍ ഇറങ്ങിപ്പുറപ്പെടരുത്. അതൊരു നിക്ഷേപ തന്ത്രമല്ല. വസ്തുവിന്റെ രേഖകളില്‍ ഒപ്പിടുന്നതിന് മുന്‍പ് പ്രതീക്ഷിക്കുന്ന വാടക, വായ്പാ പലിശ, നികുതി, അറ്റകുറ്റപ്പണികള്‍ക്കുള്ള ചിലവ്, വീട് വില്‍ക്കുമ്പോഴുള്ള ചിലവ് എന്നിവ കൃത്യമായി കണക്കുകൂട്ടുക. അമിതപ്രതീക്ഷകള്‍ ഇല്ലാതെ തന്നെ ഈ കണക്കുകള്‍ നിങ്ങള്‍ക്ക് അനുകൂലമാണെങ്കില്‍ രണ്ടാമതൊരു വീട് വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാം. അല്ലെങ്കില്‍ ആ പണം മറ്റെവിടെയെങ്കിലും നിക്ഷേപിക്കുന്നതാണ് ബുദ്ധി.