മാസത്തിലൊരിക്കൽ എസ്ഐപി ചെയ്യുന്നതിനേക്കാൾ ദിവസവും നിക്ഷേപിക്കുന്നത് കൂടുതൽ ലാഭകരമാണോ എന്ന സംശയത്തിന് വൈറ്റ്ഓക്ക് ക്യാപിറ്റൽ നടത്തിയ പഠനം ഉത്തരം നൽകുന്നു. പ്രതിദിന, പ്രതിവാര, പ്രതിമാസ എസ്ഐപികൾ തമ്മിൽ വരുമാനത്തിൽ കാര്യമായ വ്യത്യാസമില്ലെന്ന് പഠനം വ്യക്തമാക്കുന്നു. നിക്ഷേപത്തിന്റെ ഇടവേളകളേക്കാൾ പ്രധാനം നിക്ഷേപത്തിലെ കൃത്യതയും ദീർഘകാല കാഴ്ചപ്പാടുമാണ്.

മാസത്തിലൊരിക്കല്‍ എസ്ഐപി ചെയ്യുന്നതിന് പകരം ദിവസവും നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം കിട്ടുമോ? നിക്ഷേപകര്‍ക്കിടയില്‍ എക്കാലത്തുമുള്ള ഒരു സംശയമാണിത്. ദിവസവും നിക്ഷേപിച്ചാല്‍ വിപണിയിലെ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് കൂടുതല്‍ നേട്ടമുണ്ടാക്കാനും മികച്ച റിട്ടേണ്‍ നേടാനും സാധിക്കുമെന്ന് പലരും വിശ്വസിക്കുന്നു. അടുത്ത കാലത്തായി ദിവസേനയുള്ള എസ്ഐപികള്‍ക്ക് ജനപ്രീതി ഏറാനുള്ള പ്രധാന കാരണവും ഇതാണ്. എന്നാല്‍ എസ്ഐപിയുടെ ഇടവേളകള്‍ക്ക് അത്ര പ്രാധാന്യമില്ല എന്നതാണ് സത്യം. എത്ര ഇടവേളകളില്‍ നിക്ഷേപിക്കുന്നു എന്നതിനല്ല, എത്ര കൃത്യമായി നിക്ഷേപത്തില്‍ തുടരുന്നു എന്നതിനാണ് കാര്യം എന്ന് തെളിയിക്കുകയാണ് പുതിയൊരു പഠനം.

വൈറ്റ്ഓക്ക് ക്യാപിറ്റല്‍ പഠനം പറയുന്നത് എന്ത്?

ബിഎസ്ഇ സെന്‍സെക്‌സ് ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സിനെ അടിസ്ഥാനമാക്കി വൈറ്റ്ഓക്ക് ക്യാപിറ്റല്‍ മ്യൂച്വല്‍ ഫണ്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1996 ഓഗസ്റ്റ് മുതല്‍ 2026 ജൂണ്‍ വരെയുള്ള എസ്ഐപി നിക്ഷേപങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. പ്രതിദിന, പ്രതിവാര, പ്രതിമാസ നിക്ഷേപങ്ങളില്‍ ഒരേ തുക തന്നെയാണ് നിക്ഷേപിച്ചതെന്ന് ഉറപ്പുവരുത്തിയിരുന്നു.

പഠന റിപ്പോര്‍ട്ട് അനുസരിച്ച്, പ്രതിദിന, വീക്ക്ലി എസ്ഐപികളിലൂടെ ലഭിച്ച തുക 12.33 കോടി രൂപയാണ്. അതേസമയം പതിമാസ എസ്ഐപിയിലൂടെ ലഭിച്ചത് 12.45 കോടി രൂപയും. ഈ മൂന്ന് രീതികളിലും ലഭിച്ച വാര്‍ഷിക റിട്ടേണ്‍ 13.47 ശതമാനമാണ്. അതായത്, മാസത്തില്‍ ഒരിക്കല്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ വലിയൊരു നേട്ടം ദിവസവും നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്നില്ലെന്ന് ചുരുക്കം. അതിനാല്‍ ഏത് ദിവസമാണ് നിക്ഷേപിക്കുന്നത് എന്നതിനേക്കാള്‍ എത്രം വര്‍ഷം നിക്ഷേപം തുടരുന്നു എന്നതിനാണ് കൂടുതല്‍ പ്രാധാന്യം. വൈറ്റ്ഓക്ക് പഠനവും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്.

ഏത് എസ്ഐപി തിരഞ്ഞെടുക്കണം?

ഏറ്റവും സൗകര്യപ്രദമായതും മുടങ്ങാതെ കൊണ്ടുപോകാന്‍ സാധിക്കുന്നതുമായ രീതി തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. ശമ്പളക്കാരായ ആളുകള്‍ക്ക് മാസത്തില്‍ ശമ്പളം അക്കൗണ്ടില്‍ എത്തുന്നതിനനുസരിച്ച് മന്ത്ലി എസ്ഐപി ചെയ്യുന്നതാണ് കൂടുതല്‍ സൗകര്യം. എന്നാല്‍ സ്ഥിരവരുമാനമില്ലാത്ത ഫ്രീലാന്‍സര്‍മാര്‍ക്കോ ബിസിനസുകാര്‍ക്കോ തങ്ങളുടെ സൗകര്യത്തിനനുസരിച്ച് വീക്ക്ലി അല്ലെങ്കില്‍ ഡെയ്ലി എസ്ഐപികള്‍ തിരഞ്ഞെടുക്കാം.

നിരന്തരമായി നിക്ഷേപിക്കുകയും ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് കെട്ടിപ്പടുക്കാന്‍ സാധിക്കൂ. ഡെയ്ലി എസ്ഐപിയും മന്ത്ലി എസ്ഐപിയും തമ്മിലുള്ള വ്യത്യാസം പെട്ടെന്ന് ശ്രദ്ധ ആകര്‍ഷിച്ചേക്കാം. എന്നാല്‍ സമ്പത്ത് വര്‍ധിപ്പിക്കുന്നത് നിങ്ങളുടെ നിക്ഷേപത്തിന്റെ ഇടവേളകളല്ല, മറിച്ച് നിക്ഷേപത്തിലെ കൃത്യതയാണ്.