
ഇന്‍ഷുറന്‍സിനെയും നിക്ഷേപത്തെയും ഒരേ കണ്ണിലൂടെ കാണുന്ന പ്രവണത ഇപ്പോഴും പല കുടുംബങ്ങളിലും നിലനില്‍ക്കുന്നുവെന്നും ഇത് സാമ്പത്തിക സുരക്ഷിതത്വത്തിന് വെല്ലുവിളിയാണെന്നും വിദഗ്ധര്‍. ഇന്‍ഷുറന്‍സിനും നിക്ഷേപത്തിനും വ്യത്യസ്തമായ ലക്ഷ്യങ്ങളാണുള്ളതെന്നും, ഇവയെ കൂട്ടിക്കുഴയ്ക്കുന്നത് ദുര്‍ബലമായ സാമ്പത്തിക സുരക്ഷയ്ക്കും മോശം റിട്ടേണിനും വഴിവയ്ക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
മരണം, അംഗവൈകല്യം, അപകടങ്ങള്‍, ഗുരുതര രോഗങ്ങള്‍ തുടങ്ങിയ ജീവിതത്തിലെ അനിശ്ചിതത്വ ഘട്ടങ്ങളില്‍ സാമ്പത്തിക സുരക്ഷ നല്‍കുന്നതാണ് ഇന്‍ഷുറന്‍സ്. വരുമാനം നിലച്ചാലും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്നതാണ് ഇന്‍ഷുറന്‍സിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍ നിക്ഷേപം സമ്പത്ത് വര്‍ദ്ധിപ്പിക്കാനും വീട് വാങ്ങുക, കുട്ടികളുടെ വിദ്യാഭ്യാസം, വിരമിക്കല്‍ ജീവിതം തുടങ്ങിയ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടാനും സഹായിക്കുന്നു. ഇന്‍ഷുറന്‍സ് വരുമാനത്തെ സംരക്ഷിക്കുന്നു. എന്തെങ്കിലും സംഭവിച്ചാല്‍ അത് വരുമാനത്തിന് പകരമാകും. മ്യൂച്വല്‍ ഫണ്ടുകളോ ഓഹരികളോ പോലുള്ള നിക്ഷേപങ്ങള്‍ പണം വളര്‍ത്തുകയും ലക്ഷ്യങ്ങള്‍ക്ക് പണം കണ്ടെത്തുകയും ചെയ്യുന്നു. രണ്ടും കൂട്ടിക്കുഴയ്ക്കുന്നത് ദുര്‍ബലമായ സുരക്ഷയും മോശം വരുമാനവുമാണ് നല്‍കക.
എന്‍ഡോവ്‌മെന്റ് പ്ലാനുകള്‍, യൂണിറ്റ്-ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ തുടങ്ങിയ ഹൈബ്രിഡ് ഉല്‍പ്പന്നങ്ങളാണ് പലപ്പോഴും ഈ ആശയക്കുഴപ്പത്തിന് കാരണം. 'ഇന്‍ഷുറന്‍സ് പ്ലസ് നിക്ഷേപം' എന്ന് വിപണനം ചെയ്യപ്പെടുമ്പോഴും, ഈ പ്ലാനുകള്‍ വേണ്ടത്ര ഇന്‍ഷുറന്‍സ് കവറേജോ മികച്ച വരുമാനമോ നല്‍കാറില്ല. ഇവ ടേം പ്ലാനുകളെ അപേക്ഷിച്ച് പരിമിതമായ കവറേജാണ് നല്‍കുന്നത്. കൂടാതെ, ഓഹരികളോ മ്യൂച്വല്‍ ഫണ്ടുകളോ നല്‍കുന്നതിനേക്കാള്‍ മോശം വരുമാനവും ഇവ നല്‍കുന്നു. ഫലത്തില്‍, ഉപഭോക്താക്കള്‍ക്ക് വേണ്ടത്ര ഇന്‍ഷുറന്‍സ് കവറേജോ നിക്ഷേപമോ ഇല്ലാത്ത അവസ്ഥ വരികയും അത് അവരുടെ കുടുംബത്തിന്റെ സുരക്ഷയെയും ദീര്‍ഘകാല ലക്ഷ്യങ്ങളെയും അപകടത്തിലാക്കുകയും ചെയ്യുന്നു.
സാമ്പത്തിക വിദഗ്ധര്‍ ഇന്‍ഷുറന്‍സിനെയും നിക്ഷേപത്തെയും രണ്ട് വ്യത്യസ്ത വിഭാഗങ്ങളായി കാണാന്‍ ശുപാര്‍ശ ചെയ്യുന്നു. ടേം ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് തുടങ്ങിയവ അപകടസാധ്യത പരിഹരിക്കുന്നതിനാണ്. സമ്പത്ത് സൃഷ്ടിക്കുന്നതിനായി ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഫിക്‌സഡ് ഇന്‍കം , സ്വര്‍ണം തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കണം.
ഇന്‍ഷുറന്‍സിനെ ഒരു സുരക്ഷാ വലയായി കാണുക എന്നതാണ് പ്രധാനം. ലാഭമുണ്ടാക്കാനുള്ള ഉപാധിയായിട്ടല്ല.