
റോഡപകടത്തില്‍ മരിച്ച വ്യക്തിയുടെ കുടുംബത്തിന് നല്‍കേണ്ട 30 ലക്ഷത്തിന്റെ അപകട ഇന്‍ഷുറന്‍സ് തുക, അപകട സമയത്ത് വ്യക്തി മദ്യപിച്ചിരുന്നെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനി നിഷേധിച്ചു. ദില്ലിയിലാണ് സംഭവം. എന്നാല്‍ ഇതും തെളിയിക്കാന്‍ ഹാജരാക്കിയ മെഡിക്കല്‍ രേഖകളിലെ നിര്‍ണായക പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയ ഉപഭോക്തൃ കമ്മീഷന്‍ കുടുംബത്തിന് അനുകൂലമായി വിധിച്ചു.30 ലക്ഷം ഇന്‍ഷുറന്‍സ് തുകയ്‌ക്കൊപ്പം 9 ശതമാനം വാര്‍ഷിക പലിശയും സേവനത്തിലെ വീഴ്ചയ്ക്കും മാനസിക ബുദ്ധിമുട്ടിനുമായി 50,000 രൂപ നഷ്ടപരിഹാരവും നിയമനടപടികളുടെ ചെലവായി 25,000 രൂപയും നല്‍കാനാണ് ഉത്തരവ്.
പെന്‍ഷന്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ച ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ്/സാലറി പാക്കേജ്/പെന്‍ഷന്‍ അക്കൗണ്ട് പോളിസിയുടെ പരിരക്ഷയാണ് മരിച്ച വ്യക്തിക്ക്് ഉണ്ടായിരുന്നത്. 2022 ജനുവരി 4 മുതല്‍ 2023 ജനുവരി 3 വരെയായിരുന്നു ഇന്‍ഷുറന്‍സ് കാലാവധി. 2022 ഏപ്രില്‍ 9-ന് അദ്ദേഹം വാഹനാപകടത്തില്‍പ്പെട്ടു. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ 18-ന് മരിച്ചു. തുടര്‍ന്ന് ഭാര്യയും രണ്ട് പെണ്‍മക്കളും ചേര്‍ന്ന് 30 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്കായി 2022 ഡിസംബര്‍ 5-ന് ക്ലെയിം നല്‍കി. എന്നാല്‍ 2023 ജനുവരി 9-ന് ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിരസിച്ചു.
മരണപ്പെട്ട വ്യക്തി മദ്യപിച്ചിരുന്നെന്നും മദ്യം, ലഹരി മരുന്നുകള്‍ തുടങ്ങിയവയുടെ സ്വാധീനത്തില്‍ സംഭവിക്കുന്ന ചില അപകടങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ പെടില്ലെന്നമുള്ള വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു കമ്പനിയുടെ നടപടി. ഇന്‍ഷുറന്‍സ് കമ്പനിയുടെ തീരുമാനം ചോദ്യം ചെയ്ത് കുടുംബം വെല്ലൂര്‍ ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു. അപകടസമയത്ത് പെന്‍ഷന്‍കാരന്‍ മദ്യലഹരിയിലായിരുന്നുവെന്ന് തെളിയിക്കുന്ന വിശ്വസനീയമായ മെഡിക്കല്‍ അല്ലെങ്കില്‍ ശാസ്ത്രീയ തെളിവുകള്‍ ഇന്‍ഷുറന്‍സ് കമ്പനി ഹാജരാക്കിയില്ലെന്നായിരുന്നു കുടുംബത്തിന്റെ വാദം.
ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദത്തിലെ പ്രധാന തെളിവുകളിലൊന്ന് ആശുപത്രിയിലെ ഡെത്ത് സമ്മറിയായിരുന്നു. അപകടം സംഭവിക്കുമ്പോള്‍ മരിച്ചയാള്‍ മദ്യപിച്ചിരുന്നുവെന്ന് ഇതില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ നിഗമനത്തിലേക്ക് എങ്ങനെ എത്തിയെന്ന് മെഡിക്കല്‍ രേഖയില്‍ വ്യക്തമാക്കിയിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു. ഈ വിവരം മരിച്ചയാള്‍ തന്നെയാണോ പറഞ്ഞത്, കൂടെയുണ്ടായിരുന്ന വ്യക്തിയില്‍ നിന്നാണോ ലഭിച്ചത്, അതോ ചികിത്സിച്ച ഡോക്ടറുടെ സ്വതന്ത്രമായ പരിശോധനയില്‍ കണ്ടെത്തിയതാണോ എന്നതില്‍ വ്യക്തതയില്ലായിരുന്നു. എന്നാല്‍ മരിച്ചയാളുടെ പ്ലാസ്മ ആല്‍ക്കഹോള്‍ നില 106.1 എംജി/ഡിഎല്‍ ആയിരുന്നുവെന്നും ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചു.
എന്നാല്‍ ഈ പരിശോധനയുടെ യഥാര്‍ഥ ലബോറട്ടറി റിപ്പോര്‍ട്ട് കമ്പനി ഹാജരാക്കിയില്ല. രക്തസാമ്പിള്‍ ആരുടേതാണെന്നും എപ്പോള്‍ ശേഖരിച്ചുവെന്നും ഏത് ലാബിലാണ് പരിശോധിച്ചതെന്നും റിപ്പോര്‍ട്ട് അല്ലെങ്കില്‍ സാമ്പിള്‍ നമ്പര്‍ എന്താണെന്നും വ്യക്തമാക്കുന്ന രേഖകളും ഉണ്ടായിരുന്നില്ല. അതിനാല്‍ പരിശോധനാ ഫലം മരിച്ചയാളുടേതാണെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. ഇന്‍ഷുറന്‍സ് തുക നല്‍കണമെന്ന് ജില്ലാ കമ്മീഷന്റെ ഉത്തരവ് സംസ്ഥാന കമ്മീഷനും ശരിവച്ചു.