
ശമ്പളം നിലയ്ക്കുമ്പോള്‍ നമ്മളെടുക്കുന്ന ഓരോ സാമ്പത്തിക തീരുമാനങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. എമര്‍ജന്‍സി ഫണ്ട് എങ്ങനെ ഉപയോഗിക്കണം, വായ്പകളുടെ തിരിച്ചടവ് എങ്ങനെ കൈകാര്യം ചെയ്യണം, അനാവശ്യ ചെലവുകള്‍ എങ്ങനെ വെട്ടിച്ചുരുക്കാം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൃത്യമായി തീരുമാനിക്കേണ്ടതുണ്ട്. ജോലി നഷ്ടപ്പെട്ടതിന് ശേഷമുള്ള മാസങ്ങള്‍ എത്രത്തോളം സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാം എന്നത് ഈ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും. ഇതിനായി കൃത്യമായൊരു പ്ലാനിങ് ആവശ്യമാണ്.
ജോലി നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതി എന്താണെന്ന് വിലയിരുത്തുകയാണ്. ബാങ്ക് അക്കൗണ്ടിലുള്ള ബാക്കി തുകയും, ജോലി പോകുമ്പോള്‍ കമ്പനിയില്‍ നിന്ന് ലഭിച്ച ആനുകൂല്യങ്ങളും എത്രയുണ്ടെന്ന് കണക്കുകൂട്ടുക. ഇതിനുപുറമെ വീട്ടുവാടക, ഇഎംഐ, വൈദ്യുതി- വെള്ളം തുടങ്ങിയവയുടെ ബില്ലുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയം, മറ്റ് വീട്ടുചെലവുകള്‍ എന്നിവയുടെ ഒരു പട്ടിക തയ്യാറാക്കുക. വരവും ചെലവും കൃത്യമായി അറിയുന്നത് നല്ല തീരുമാനങ്ങള്‍ എടുക്കാനും അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനും നിങ്ങളെ സഹായിക്കും.
വരുമാനം ഉറപ്പില്ലാത്ത അവസ്ഥയില്‍, അത്യാവശ്യ കാര്യങ്ങള്‍ ഏതെന്നും ആഡംബരങ്ങള്‍ ഏതെന്നും കൃത്യമായി തിരിച്ചറിയണം. അത്യാവശ്യങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കുക. മറുവശത്ത്, അനാവശ്യ ചെലവുകള്‍ കുറച്ചുകാലത്തേക്ക് മാറ്റിവെക്കുക. ഇത്തരം ചെറിയ മാറ്റങ്ങള്‍ നിങ്ങളുടെ സമ്പാദ്യം പെട്ടെന്ന് തീര്‍ന്നുപോകാതെ സംരക്ഷിക്കാനും, പുതിയ ജോലി കണ്ടെത്തുന്നതുവരെ സാമ്പത്തികമായി പിടിച്ചുനില്‍ക്കാനും സഹായിക്കും.
ജോലി പോകുന്ന സമയത്ത് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത് വായ്പകളാണ്. നിങ്ങള്‍ക്ക് ഇഎംഐ അടവുകള്‍ ബാക്കിയുണ്ടെങ്കില്‍, ബാങ്കുമായോ വായ്പ നല്‍കിയ സ്ഥാപനങ്ങളുമായോ സംസാരിച്ച് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഇളവുകളെക്കുറിച്ചോ പരിഹാരങ്ങളെക്കുറിച്ചോ ചോദിച്ചറിയുക. വായ്പാ തിരിച്ചടവ് മുടക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടിനെ മോശമായി ബാധിക്കുകയും ചെയ്യും.
ജോലി പോകുന്നതുപോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടിയുള്ളതാണ് എമര്‍ജന്‍സി ഫണ്ടുകള്‍ അഥവാ കരുതല്‍ ധനം. എന്നാല്‍ ഈ തുക വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍. അത്യാവശ്യ ചെലവുകള്‍ മാത്രം ഉള്‍പ്പെടുത്തി ഒരു പ്രതിമാസ ബജറ്റ് തയ്യാറാക്കുന്നത് ഈ തുക കൂടുതല്‍ കാലം ഉപയോഗിക്കാന്‍ സഹായിക്കും. പുതിയൊരു വരുമാന മാര്‍ഗ്ഗം കണ്ടെത്തുന്നതിന് മുന്‍പ് തന്നെ കയ്യിലുള്ള പണം തീര്‍ന്നുപോകുന്നത് തടയാന്‍ ബജറ്റിങ് വഴി സാധിക്കും.
പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പലരും എടുത്ത് ചാടി തീരുമാനങ്ങള്‍ എടുത്തേക്കാം. നിക്ഷേപങ്ങള്‍ എല്ലാം ഒറ്റയടിക്ക് പിന്‍വലിക്കുക, വലിയ തുക വീണ്ടും കടമെടുക്കുക, അല്ലെങ്കില്‍ പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് പണം എടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് അവ ഭാവിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുക. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ കഴിയുന്ന മറ്റ് ബദല്‍ മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയുണ്ടെന്ന് പരിശോധിച്ച ശേഷം മാത്രം ഇത്തരം വലിയ തീരുമാനങ്ങളിലേക്ക് കടക്കുക.
പണം ലാഭിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല ജോലി പോകുമ്പോഴുള്ള സാമ്പത്തിക മാനേജ്‌മെന്റ്. ഈ പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ കരകയറാം എന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനായി നിങ്ങളുടെ വ്യക്തിപരമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും, പ്രൊഫഷണല്‍ ബന്ധങ്ങള്‍ വഴി പുതിയ അവസരങ്ങള്‍ തേടാനും ശ്രമിക്കുക. അനുയോജ്യമായ ഒരു ജോലി ലഭിക്കുന്നത് വരെ താല്‍ക്കാലികമായി എന്തെങ്കിലും വരുമാനം കണ്ടെത്താനുള്ള വഴികളും നോക്കാവുന്നതാണ്.