
സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ വന്‍തുക പിഴയായി ഈടാക്കുന്നതായി കണക്കുകള്‍. 2022-23 മുതല്‍ 2024-25 വരെയുള്ള മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി 8092.83 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകള്‍ ഈ ഇനത്തില്‍ മാത്രം അക്കൗണ്ട് ഉടമകളില്‍ നിന്ന് സമാഹരിച്ചത്. എന്നാല്‍, ഈ പിഴത്തുകകള്‍ മൊത്തമായി എഴുതിത്തള്ളാന്‍ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. പിഴത്തുക ഈടാക്കുന്നത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് പൊതുവായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ലെങ്കിലും, പല ബാങ്കുകളും സ്വമേധയാ ഈ ചാര്‍ജുകള്‍ ഒഴിവാക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഈടാക്കിയ 8092.83 കോടി രൂപ പൊതുമേഖലാ ബാങ്കുകളുടെ ആകെ വരുമാനത്തിന്റെ 0.23 ശതമാനം മാത്രമാണെന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടി. ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്നതിനുണ്ടാകുന്ന ചെലവ് നികത്തുന്നതിനാണ് ഈ തുക വിനിയോഗിക്കുന്നത്. പിഴ ഈടാക്കി ലാഭമുണ്ടാക്കുക എന്നതല്ല ബാങ്കുകളുടെ ലക്ഷ്യമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
രാജ്യത്തെ വലിയൊരു വിഭാഗം അക്കൗണ്ടുകളെ മിനിമം ബാലന്‍സ് നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ടുകള്‍, ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുകള്‍ എന്നിവയുള്‍പ്പെടെ ഏകദേശം 72 കോടി അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പിഴ നല്‍കേണ്ടതില്ല.
ബാങ്കുകളുടെ നിലപാട്
ഉപഭോക്തൃ സൗഹൃദ നടപടികളുടെ ഭാഗമായി പല പ്രമുഖ ബാങ്കുകളും പിഴ ഒഴിവാക്കിയിട്ടുണ്ട്. 2020 മാര്‍ച്ചില്‍ തന്നെ സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് പിഴ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒഴിവാക്കിയിരുന്നു. 2025-ല്‍ ഒമ്പത് പൊതുമേഖലാ ബാങ്കുകള്‍ കൂടി ഈ പിഴ പൂര്‍ണ്ണമായും ഒഴിവാക്കി. ബാക്കിയുള്ള രണ്ട് ബാങ്കുകള്‍ ചാര്‍ജുകള്‍ യുക്തിസഹമായി കുറച്ചിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.
പിഴ ഈടാക്കും മുന്‍പ് മുന്നറിയിപ്പ് വേണം
അക്കൗണ്ടിലെ തുക മിനിമം ബാലന്‍സിനേക്കാള്‍ കുറഞ്ഞാല്‍ ബാങ്കുകള്‍ ഉടമയ്ക്ക് നിര്‍ബന്ധമായും മുന്നറിയിപ്പ് നല്‍കണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശമുണ്ട്. എസ്എംഎസ്, ഇമെയില്‍ അല്ലെങ്കില്‍ കത്തുകള്‍ വഴി ഉപഭോക്താവിനെ വിവരം അറിയിക്കണം. ബാലന്‍സ് പുനഃസ്ഥാപിക്കാന്‍ നിശ്ചിത സമയം അനുവദിക്കണമെന്നും അതിനുശേഷം മാത്രമേ പിഴ ഈടാക്കാവൂ എന്നും മന്ത്രാലയം വ്യക്തമാക്കി.