ഇലക്ട്രിക് വാഹനങ്ങൾക്ക് സാധാരണ പോളിസികൾ മതിയാവില്ല, കാരണം വാഹന വിലയുടെ പകുതിയോളം വരുന്ന ബാറ്ററിക്ക് അവ പരിരക്ഷ നൽകാറില്ല. അതിനാൽ, ബാറ്ററിക്ക് പ്രത്യേക പരിരക്ഷ നൽകുന്ന 'ഇ.വി ഷീൽഡ്', 'സീറോ ഡിപ്രീസിയേഷൻ' പോലുള്ള ആഡ്-ഓണുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്.

നിങ്ങളൊരു ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്ന ആളാണോ? എങ്കില്‍ തീര്‍ച്ചയായും വാഹനത്തിന്റെ ബാറ്ററിക്ക് കൂടി പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ് പോളിസി തന്നെ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. വാഹനത്തിന്റെ മൊത്തം വിലയുടെ പകുതിയോളം വരുന്നത് ബാറ്ററിയുടെ വിലയാണ് എന്നതാണ് ഇതിന് കാരണം. സാധാരണ പെട്രോള്‍, ഡീസല്‍ വാഹനങ്ങളേക്കാള്‍ ഇ.വി ഇന്‍ഷുറന്‍സുകള്‍ക്ക് ചെലവേറും. മിക്ക ഇന്‍ഷുറന്‍സ് പോളിസികളും ബാറ്ററികള്‍ക്ക് പരിരക്ഷ നല്‍കുന്നില്ല. ആഡ്- ഓണ്‍ ആയി മാത്രമേ പോളിസികളില്‍ ബാറ്ററി കവര്‍ ഉള്‍പ്പെടുത്താനാകൂ.

ഇ.വിയുടെ യഥാര്‍ത്ഥ സുരക്ഷയുള്ളത് 'ഇ.വി ഷീല്‍ഡ്' പോലെയുള്ള പ്രത്യേക കവറുകളിലാണ്. ബാറ്ററി, ഇലക്ട്രിക് പാനല്‍, വാള്‍ ചാര്‍ജറുകള്‍, കേബിളുകള്‍ ഉള്‍പ്പെടെയുള്ള ചാര്‍ജിങ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് പൂര്‍ണ പരിരക്ഷ നല്‍കാന്‍ ഇത് അത്യാവശ്യമാണ്. ബാറ്ററി പ്രൊട്ടക്ഷന്‍, ഇലക്ട്രിക് മോട്ടോര്‍ കവര്‍, ചാര്‍ജിങ് ഉപകരണങ്ങള്‍ക്കുള്ള കവര്‍ എന്നിവയ്ക്ക് പുറമെ വെള്ളം കയറല്‍, ഷോര്‍ട്ട് സര്‍ക്യൂട്ട്, പവര്‍ സര്‍ജ്ജ്, മറ്റു അപകടങ്ങള്‍ എന്നിവയില്‍ നിന്നുള്ള സംരക്ഷണവും ഇ.വി ഷീല്‍ഡ് ഉറപ്പാക്കുന്നു.

യാത്രാമധ്യേ ബാറ്ററി പൂര്‍ണമായും തീര്‍ന്നുപോയാല്‍ എമര്‍ജന്‍സി ബാറ്ററി സ്വാപ്പിംഗ് അല്ലെങ്കില്‍ മൊബൈല്‍ ചാര്‍ജിംഗ് ലഭ്യമാക്കുന്ന 'റോഡ്സൈഡ് അസിസ്റ്റന്‍സ്' ആഡ്-ഓണും ഇ.വി ഉടമകള്‍ തീര്‍ച്ചയായും പരിഗണിക്കണം. ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ താഴെ പറയുന്നവയാണ്:

ഏറ്റവും പ്രധാനം ബാറ്ററി

വാഹനത്തിന്റെ മൂല്യത്തിന്റെ 40- 60% ബാറ്ററിയായതിനാല്‍, സാധാരണ പെട്രോള്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇ.വികള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി നിശ്ചയിക്കുന്ന മൂല്യം അഥവാ ഐ.ഡി.വി കൂടുതലായിരിക്കും. ബാറ്ററിയെ മറ്റ് പാര്‍ട്‌സുകളെ പോലെ കണക്കാക്കുന്ന സാധാരണ പോളിസികള്‍ക്ക് പകരം, ബാറ്ററിക്ക് പ്രത്യേക കവറേജ് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം.

സീറോ ഡിപ്രീസിയേഷന്‍ നിര്‍ബന്ധം

സീറോ- ഡിപ്രീസിയേഷന്‍ കവര്‍ ഇല്ലെങ്കില്‍, ബാറ്ററിയുടെ കാര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 50% വരെ ഡിപ്രീസിയേഷന്‍ കണക്കാക്കാന്‍ കഴിയും. ബാറ്ററിയുടെ ഉയര്‍ന്ന വില പരിഗണിക്കുമ്പോള്‍ ഇത് വലിയൊരു ബാധ്യതയാകും. റിപ്പയര്‍ സമയത്ത് മാറ്റിവെക്കുന്ന പാര്‍ട്‌സിന് പോക്കറ്റില്‍ നിന്ന് പണം മുടക്കാതിരിക്കാന്‍ സീറോ ഡിപ്രീസിയേഷന്‍ പോളിസി നിര്‍ബന്ധമാണ്.

വാഹനം പൂര്‍ണമായി നശിച്ചു പോകുകയോ മോഷണം പോകുകയോ ചെയ്താല്‍ വാഹനത്തിന്റെ യഥാര്‍ത്ഥ ഇന്‍വോയ്‌സ് തുക മുഴുവനായും ലഭിക്കുന്നതിനായി 'റിട്ടേണ്‍ ടു ഇന്‍വോയ്‌സ്' ആഡ്-ഓണ്‍ ആയി തിരഞ്ഞെടുക്കാം. ഇതിനുപുറമെ, കൂളന്റുകള്‍, ബ്രേക്ക് ഫ്‌ലൂയിഡുകള്‍, ടയര്‍ എന്നിവയുടെ സംരക്ഷണത്തിനായി 'കണ്‍സ്യൂമബിള്‍സ് ആന്‍ഡ് ടയര്‍ പ്രൊട്ടക്ട്' കവറുകളും പരിഗണിക്കാവുന്നതാണ്.

ഓണ്‍-ഡാമേജ് കവറും ചാര്‍ജിങ് ഉപകരണങ്ങളും

ഇ.വി ഉടമകള്‍ തീര്‍ച്ചയായും സ്വന്തം വാഹനത്തിന് പരിരക്ഷ നല്‍കുന്ന 'ഓണ്‍-ഡാമേജ്' കവര്‍ എടുത്തിരിക്കണം. തേര്‍ഡ് പാര്‍ട്ടി പ്രീമിയത്തില്‍ ഇ.വികള്‍ക്ക് 15% ഇളവ് ലഭിക്കുമെങ്കിലും, ഓണ്‍-ഡാമേജ് പ്രീമിയം പെട്രോള്‍ വാഹനങ്ങളേക്കാള്‍ 20%-40% കൂടുതലാണ്. ചെറിയൊരു അപകടത്തില്‍ ബാറ്ററി കേസിംഗിന് കേടുപാടുകള്‍ സംഭവിച്ചാല്‍ പോലും അത് ലക്ഷങ്ങളുടെ ബാധ്യത വരുത്തിവയ്ക്കും എന്നതാണ് കാരണം. കൂടാതെ, പവര്‍ സര്‍ജ്, മോഷണം തുടങ്ങിയവ മൂലം വീട്ടിലെ ചാര്‍ജിങ് ഉപകരണങ്ങള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രത്യേക ആഡ്-ഓണുകള്‍ നല്‍കുന്നുണ്ട്.

മഴക്കാലത്ത് ഇന്‍ഷുറന്‍സ് ക്ലെയിമുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

മഴക്കാലത്തെ വെള്ളക്കെട്ടുകള്‍ ഇ.വി ഉടമകൾക്ക് വലിയൊരു പേടി സ്വപ്നമാണ്. എന്തൊക്കെയാണ് ഇന്‍ഷുറന്‍സ് കവര്‍ ചെയ്യുന്നതെന്നും, എപ്പോഴാണ് ക്ലെയിം നിരസിക്കപ്പെടുകയെന്നും നോക്കാം.

എന്തൊക്കെ കവര്‍ ചെയ്യും?

വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ആലിപ്പഴ വീഴ്ച, മരം വീഴുക, മഴയുമായി ബന്ധപ്പെട്ട മറ്റ് അപകടങ്ങള്‍ എന്നിവയ്ക്ക് സമഗ്ര മോട്ടോര്‍ ഇന്‍ഷുറന്‍സ്‌ കവറേജ് നല്‍കുന്നുണ്ട്. വാഹനം അപകടത്തില്‍ പെടുകയോ വെള്ളം കയറുകയോ തീപിടിക്കുകയോ ചെയ്താല്‍ വാഹനത്തിന് 'ഓണ്‍ ഡാമേജ്' പോളിസി പരിരക്ഷ നല്‍കും. മറ്റൊരാള്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ പരിഹരിക്കാന്‍ നിയമപരമായി നിര്‍ബന്ധമുള്ള തേര്‍ഡ് പാര്‍ട്ടി കവര്‍ സഹായിക്കും.

ക്ലെയിം നിരസിക്കപ്പെടുന്നത് എപ്പോള്‍?

വെള്ളക്കെട്ടിലൂടെ വണ്ടി ഓടിച്ചാല്‍: പോളിസിയില്‍ അനുവദിച്ചിട്ടുള്ളതിലും കൂടുതല്‍ ആഴത്തിലുള്ള വെള്ളത്തിലൂടെ വാഹനം ഓടിച്ചാല്‍ ക്ലെയിം ലഭിക്കില്ല. ഉദാഹരണത്തിന്, 150 എം.എം ആണ് പരിധിയെങ്കില്‍ ഒരടി വെള്ളത്തിലൂടെ വാഹനം ഓടിച്ച് പണിമുടക്കിയാല്‍ ക്ലെയിം നിരസിക്കപ്പെടും.

വെള്ളത്തില്‍ വച്ച് വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍: വെള്ളക്കെട്ടില്‍ വാഹനം നിന്നുപോയാല്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതാണ് ഉടമകള്‍ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധം. ഇത് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഒഴിവാക്കുന്ന 'ഹൈഡ്രോസ്റ്റാറ്റിക് ലോക്കിന്' കാരണമാകും. ഈ കേടുപാടുകള്‍ ഒഴിവാക്കാമായിരുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ക്ലെയിം നിരസിക്കാം. അതിനാല്‍ വാഹനം വെള്ളത്തില്‍ നിന്നുപോയാല്‍ ഉടന്‍ തന്നെ ഇഗ്‌നിഷന്‍ ഓഫ് ചെയ്യുകയും ഒരു സര്‍വേയര്‍ പരിശോധിക്കുന്നതുവരെ സുരക്ഷിതമായി വര്‍ക്ക്‌ഷോപ്പിലേക്ക് മാറ്റുകയും ചെയ്യുക.