ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കാന്‍ പോകുന്നോ? പ്രീമിയം 25% വരെ വര്‍ധിച്ചേക്കാം; കീശ കീറുന്ന കാരണങ്ങളറിയാം

Published : Apr 25, 2026, 02:49 PM IST
Health Insurance

Synopsis

ഈ വര്‍ഷം ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 25 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ചികിത്സാ ചെലവുകളിലെ വർധന, കൂടിയ ക്ലെയിമുകൾ, ജീവിതശൈലീ രോഗങ്ങൾ എന്നിവയാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ. പ്രീമിയം വര്‍ധന നേരിടാന്‍ എന്തുചെയ്യാമെന്ന് നോക്കാം. 

നിങ്ങളുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി പുതുക്കാന്‍ സമയമായോ? എങ്കില്‍ പ്രീമിയം തുക കണ്ട് ഞെട്ടാന്‍ തയ്യാറായിക്കൊള്ളൂ. ഈ വര്‍ഷം ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 25 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തുടനീളമുള്ള പോളിസി ഉടമകള്‍ തങ്ങളുടെ ഇന്‍ഷുറന്‍സ് തുക പ്രതീക്ഷിച്ചതിലും അധികമായി വര്‍ധിക്കുന്നത് കണ്ട് ആശങ്കയിലാണ്. ചികിത്സാ ചെലവുകളിലുണ്ടായ അമിതമായ വര്‍ധനയും ഇന്‍ഷുറന്‍സ് ക്ലെയിമുകളുടെ എണ്ണം കൂടിയതുമാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വര്‍ധന എത്രത്തോളം?

എല്ലാവര്‍ക്കും ഒരേ തോതിലല്ല പ്രീമിയം വര്‍ധിക്കുന്നത്. പ്രായം, താമസിക്കുന്ന സ്ഥലം, പോളിസി തുക, മുന്‍വര്‍ഷങ്ങളിലെ ക്ലെയിമുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ നിരക്ക് നിശ്ചയിക്കുന്നത്.

35 വയസ്സില്‍ താഴെയുള്ളവര്‍: 5 മുതല്‍ 10 ശതമാനം വരെ വര്‍ധന.

35 - 50 വയസ്സ്: 10 മുതല്‍ 15 ശതമാനം വരെ വര്‍ധന.

46, 51, 56, 61 വയസ്സുകാര്‍: പ്രായപരിധി മാറുന്നതിനനുസരിച്ചുള്ള റിസ്‌ക് കൂടി പരിഗണിക്കുമ്പോള്‍ ഇവര്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ പ്രീമിയം തുക കൂടിയേക്കാം.

എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ചെറിയൊരു ആശ്വാസമുണ്ട്. ഐആര്‍ഡിഎഐ നിയമപ്രകാരം, പ്രത്യേക അനുമതിയില്ലാതെ മുതിര്‍ന്ന പൗരന്മാരുടെ പ്രീമിയം വര്‍ഷത്തില്‍ 10 ശതമാനത്തിലധികം വര്‍ധിപ്പിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കഴിയില്ല.

എന്തുകൊണ്ട് ഈ പ്രീമിയം വര്‍ധന?

പ്രീമിയം കൂടാന്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്:

ചികിത്സാരംഗത്തെ പണപ്പെരുപ്പം: സാധാരണ സാധനസാമഗ്രികളുടെ വിലക്കയറ്റത്തേക്കാള്‍ മൂന്നിരട്ടിയാണ് ചികിത്സാ രംഗത്തെ വിലക്കയറ്റം. ഇന്ത്യയില്‍ ഇത് ഏകദേശം 12-14 ശതമാനമാണ്.

ആശുപത്രി ചെലവുകള്‍: മുറി വാടക, ഡോക്ടര്‍മാരുടെ ഫീസ്, പരിശോധനകള്‍, ശസ്ത്രക്രിയകള്‍ എന്നിവയ്ക്ക് വന്‍തോതില്‍ പണം ചെലവാകുന്നുണ്ട്. ആധുനിക ചികിത്സാ രീതികള്‍ വരുന്നതും ചെലവ് വര്‍ധിപ്പിക്കുന്നു.

മാറുന്ന ജീവിതശൈലീ രോഗങ്ങള്‍: പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ വര്‍ധിക്കുന്നത് ഇന്‍ഷുറന്‍സ് കമ്പനികളുടെ ബാധ്യത കൂട്ടുന്നു. ദീര്‍ഘകാല ചികിത്സ ആവശ്യമായി വരുന്നത് പ്രീമിയം വര്‍ധിക്കാന്‍ കാരണമാകുന്നു.

ഇക്കാര്യം വ്യക്തമാക്കി പ്രമുഖ കമ്പനിയായ എച്ച്ഡിഎഫ്‌സി എര്‍ഗോ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കത്തയച്ചു കഴിഞ്ഞു. സാധാരണ പണപ്പെരുപ്പത്തേക്കാള്‍ എത്രയോ മുകളിലാണ് ചികിത്സാ പണപ്പെരുപ്പമെന്നും അതിനാല്‍ പോളിസി പ്രീമിയം പുതുക്കുകയാണെന്നും അവര്‍ കത്തില്‍ പറയുന്നു.

പ്രീമിയം വര്‍ധന നേരിടാന്‍ എന്തുചെയ്യാം?

പ്രീമിയം തുക പെട്ടെന്ന് കൂടുമ്പോള്‍ പരിഭ്രാന്തരായി പോളിസി റദ്ദാക്കരുത്. പകരം താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:

പ്രീമിയം തുക കുറയ്ക്കുന്നതിനായി പോളിസിയില്‍ ഉയര്‍ന്ന ഡിഡക്റ്റബിള്‍ തിരഞ്ഞെടുക്കാം. ഇന്‍ഷുറന്‍സ് പരിരക്ഷ നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രീമിയം ഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇന്‍ഷുറന്‍സ് ക്ലെയിം വരുമ്പോള്‍ പോളിസി ഉടമ സ്വന്തം കയ്യില്‍ നിന്ന് നല്‍കേണ്ടി വരുന്ന നിശ്ചിത തുകയാണ് ഡിഡക്റ്റബിള്‍.

നിലവിലുള്ള ഇന്‍ഷുറന്‍സ് പ്ലാനില്‍ മാറ്റം വരുത്തി അതേ കമ്പനിയുടെ തന്നെ കുറഞ്ഞ നിരക്കിലുള്ള പ്ലാനിലേക്ക് മാറാവുന്നതാണ്. പോളിസിയുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതെ തന്നെ ഇന്‍ഷുറന്‍സ് കൂടുതല്‍ താങ്ങാനാവുന്നതാക്കാന്‍ ഇത് സഹായിക്കും.

അടിസ്ഥാന പോളിസിയോടൊപ്പം ഒരു സൂപ്പര്‍ ടോപ്പ്-അപ്പ് പ്ലാന്‍ കൂടി ചേര്‍ക്കാവുന്നതാണ്. ഇത് കുറഞ്ഞ മൊത്തം ചിലവില്‍ ഉയര്‍ന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്നു.

മികച്ച നിരക്കുകള്‍ക്കായി നിലവിലെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും മറ്റൊരു കമ്പനിയിലേക്ക് പോളിസി മാറ്റാം . ഇതുവഴി പഴയ പോളിസിയില്‍ നിന്ന് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ (ഉദാഹരണത്തിന് വെയിറ്റിംഗ് പീരിയഡ്) നഷ്ടപ്പെടാതെ തന്നെ മികച്ച സേവനത്തിലേക്ക് മാറാന്‍ സാധിക്കും.

PREV
Read more Articles on
click me!

Recommended Stories

സ്വപ്നവീട് സ്വന്തമാക്കാന്‍ ഒരുങ്ങുകയാണോ? ചതിക്കുഴികള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട 5 സുപ്രധാന കാര്യങ്ങള്‍
ഇനി പേടിക്കണ്ട, ഓട്ടോ- ഡെബിറ്റില്‍ നിങ്ങള്‍ക്ക് 'ഫുള്‍ പവര്‍'; ആര്‍ബിഐയുടെ പുതിയ നിയമങ്ങള്‍ അറിയാം